പാലക്കാട് | ധോണി, മുണ്ടൂര്‍ മേഖലയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന ഒറ്റയാൻ ധോണി ( പാലക്കാട് ടസ്കർ എന്ന പി ടി 7) കൂട്ടിൽ രാത്രിയിലും ശൗര്യപ്രകടനം നടത്തി. രാത്രി കൂട് പൊട്ടിക്കാനായിരുന്നു കിണഞ്ഞുശ്രമിച്ചത്. എന്നാൽ, രാവിലെയോടെ ശാന്തപ്രകൃതത്തിലേക്ക് തിരിച്ചുവന്നു. പുല്ലും വെള്ളവുമാണ് കഴിക്കാൻ നൽകിയത്. ആവശ്യമായ മരുന്നും നൽകിയിട്ടുണ്ട്.
ധോണിയെ കാണാൻ നിരവധി പേർ എത്തുന്നുണ്ടെങ്കിലും സന്ദർശകരെ അനുവദിക്കില്ല. ഡോക്ടർമാരുടെയും വിദഗ്ധരുടെയും നിരീക്ഷണത്തിലാണ് ധോണി. വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിൻ്റെ രണ്ടാം ദിവസത്തെ ശ്രമം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്നലെ രാവിലെ 7.15ടെ ആനയെ മയക്കുവെടി വെച്ചത്. വെടിയേറ്റ് അഞ്ച് മണിക്കൂറിന് ശേഷം ആനയെ ധോണി ഫോറസ്റ്റ് ക്യാമ്പിലെത്തിച്ചു. പിന്നീട് കുങ്കിയാനകൾ തള്ളി കൂട്ടിൽ കയറ്റിയതോടെ ദൗത്യം വിജയകരമായ പൂർത്തിയായി.
മന്ത്രി എ കെ ശശീന്ദ്രനാണ് പി ടി 7ന് ധോണി എന്ന പേര് നൽകിയത്. കഴിഞ്ഞ നാല് വർഷത്തോളമായി ധോണി മേഖലയിൽ ഇടക്കിടെ ഇറങ്ങി നാശനഷ്ടം വിതച്ചിരുന്ന ധോണി, കഴിഞ്ഞ മാസങ്ങളിലാണ് സ്ഥിരമായി ഇറങ്ങി നാശനഷ്ടവും ആൾനാശവുമുണ്ടാക്കിയത്. ജനങ്ങളുടെ പ്രതിഷേധം കടുത്തതോടെ പിടികൂടാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു.
source https://www.sirajlive.com/dhoni-39-s-brave-performance-even-in-the-cage-night-calm-down-in-the-morning.html
Post a Comment