കടുവയുടെ കടിയേറ്റ കര്‍ഷകന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം; മന്ത്രിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് പരാതി

മാനന്തവാടി | വയനാട്ടില്‍ കടുവയുടെ കടിയേറ്റ കര്‍ഷകന് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി കുടുംബം. കര്‍ഷകന്റെ വീട്ടിലെത്തിയ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ മുന്നിലാണ് കുടുംബം പൊട്ടിക്കരഞ്ഞ് പരാതിപ്പെട്ടത്. കര്‍ഷകനെ ആദ്യം കൊണ്ടുപോയ മാനന്തവാടി സര്‍ക്കാര്‍ മെഡി.കോളജ് ആശുപത്രിയില്‍ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്ന് മകള്‍ സോന കരഞ്ഞുകൊണ്ട് മന്ത്രിയോട് പരാതിപ്പെട്ടു.

കോഴിക്കോട് മെഡി.കോളജിലേക്ക് റഫര്‍ ചെയ്തതിന് ശേഷം ഐ സി യു സൌകര്യമുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കാന്‍ പോലും സാധിച്ചില്ലെന്നും സോന പറഞ്ഞു. കടുവയുടെ കടിയില്‍ കര്‍ഷകന്റെ തുടയെല്ല് പൊട്ടിയിരുന്നുവെന്നും ശസ്ത്രക്രിയ ചെയ്യാനുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യം ഇല്ലായിരുന്നെന്നും മെഡി.കോളജ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്.

മാനന്തവാടി പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു ആണ് കൃഷിയിടത്തിൽ കടുവയുടെ കടിയേറ്റതും പിന്നീട് കോഴിക്കോട് മെഡി.കോളജിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം വന്ന് മരിച്ചതും. മാനന്തവാടി എം എൽ എ. ഒ ആർ കേളുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.  അപരിഹാര്യമായ നഷ്ടമാണ് കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതികള് മുഖ്യമന്ത്രിയുടെയും, വനം വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്പ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്കി.


source https://www.sirajlive.com/tiger-bitten-farmer-39-s-family-says-he-did-not-receive-adequate-treatment-he-burst-into-tears-in-front-of-the-minister.html

Post a Comment

Previous Post Next Post