ബ്രസീലിലേത് “ക്യാപിറ്റോള്‍’ ആവര്‍ത്തനം

അമേരിക്കയില്‍ നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിന്റെ തനിയാവര്‍ത്തനമാണ് ഞായറാഴ്ച ബ്രസീലില്‍ അരങ്ങേറിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് 2021 ജനുവരി ആറിന് അമേരിക്കന്‍ നിയമ നിര്‍മാണ സഭയായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരേ ട്രംപ് അനുകൂലികള്‍ സായുധ കലാപം അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. ബ്രസീലിലും കൃത്രിമം നടന്നതായി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ആരോപിച്ചിരുന്നു. ഇതിന്റെ തുടച്ചയായാണ് അദ്ദേഹത്തിന്റെ അനുയായികള്‍ ബ്രസീല്‍ പാര്‍ലിമെന്റ് മന്ദിരം, പ്രസിഡന്റിന്റെ കൊട്ടാരം, സുപ്രീം കോടതി തുടങ്ങി രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിലേക്കെല്ലാം അതിക്രമിച്ചു കയറിയത്. തീവ്ര വലതുപക്ഷത്തിന്റെ വക്താവാണ് ട്രംപ് എന്ന പോലെ ബ്രസീലിലെ തീവ്ര വലതുപക്ഷ നേതാവാണ് ബൊല്‍സൊനാരോ എന്നത് രണ്ട് കലാപങ്ങള്‍ക്കും സമാനത നല്‍കുന്നു.

ഇതുവരെ നടന്നതില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ബ്രസീല്‍ സാക്ഷ്യം വഹിച്ചത്. ഇടതുപക്ഷ നേതാവും വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ലൂയിസ് ലുല ഡ സില്‍വക്കെതിരെ വ്യാജ ആരോപണങ്ങള്‍ മുതല്‍ വര്‍ഗീയത വരെ പ്രചാരണ ആയുധമാക്കി ബൊല്‍സൊനാരോയും അനുയായികളും. ലുല ഡ സില്‍വ ജയിച്ചാല്‍ മതവിശ്വാസികളുടെ താത്പര്യങ്ങള്‍ ഹനിക്കപ്പെടും. രാജ്യത്തെ പള്ളികള്‍ മുഴുവന്‍ തകര്‍ക്കപ്പെടും തുടങ്ങി വിദ്വേഷ, വര്‍ഗീയ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് വേദികളില്‍ നിറഞ്ഞുനിന്നു. കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ച, സാമ്പത്തിക പ്രതിസന്ധി, കോര്‍പറേറ്റ് അനുകൂല നയങ്ങളില്‍ ശ്വാസംമുട്ടിക്കഴിയുന്ന ബ്രസീല്‍ ജനാധിപത്യത്തിന്റെ മോചനം തുടങ്ങിയവയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. തിരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയാണ് വിജയിച്ചത്. ജനുവരി ഒന്നിന് അദ്ദേഹം അധികാരത്തിലേറുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ബൊല്‍സൊനാരോയുടെ അനുകൂലികള്‍ പ്രതിഷേധം ആരംഭിച്ചു. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; പ്രസിഡന്റ് ലുല ഡ സില്‍വ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തിരഞ്ഞെടുപ്പിനുപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടന്നതാണ് ബൊല്‍സൊനാരോയുടെ തോല്‍വിക്ക് കാരണമെന്നും ആരോപിക്കപ്പെട്ടു.

അതിനിടെയാണ് ഞായറാഴ്ച മൂവായിരത്തോളം വരുന്ന ബൊല്‍സൊനാരോ അനുകൂലികള്‍ ഭരണ കേന്ദ്രങ്ങളിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ടത്. ബ്രസീല്‍ പതാകയുടെ മാതൃകയില്‍ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രം ധരിച്ചെത്തിയ അക്രമികള്‍ വ്യാപക നാശമുണ്ടാക്കി. പാര്‍ലിമെന്റ് മന്ദിരത്തിന്റെയും സുപ്രീം കോടതിയുടെയും ജനല്‍ച്ചില്ലുകളും ഫര്‍ണീച്ചറുകളും തകര്‍ത്തു. കോടതിയിലെ വിലപ്പെട്ട രേഖകള്‍ നശിപ്പിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു. സുരക്ഷാ സേനക്ക് നേരേയും ആക്രമണം ഉണ്ടായി. അനുയായികള്‍ അഴിഞ്ഞാടുമ്പോള്‍ ബൊല്‍സൊനാരോ രാജ്യത്തുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലമാകാന്‍ ഇടയില്ലെന്നറിഞ്ഞതോടെ, ഫലം വരുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം രാജ്യം വിട്ടിരുന്നു. ഫ്ളോറിഡയിലാണ് അദ്ദേഹം ഇപ്പോള്‍.

അക്രമങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങി ലോക രാഷ്ട്ര നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ‘അക്രമ സംഭവങ്ങള്‍ ആശങ്കാജനകമാണ്. ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കേണ്ടതുണ്ട്. സര്‍ക്കാറിന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു’വെന്നാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. ‘സമാധാനപരമായ അധികാര കൈമാറ്റത്തിനു നേരേയുള്ള ആക്രമണം അപലപനീയമാണ.് ബ്രസീലിയന്‍ ജനതയുടെ ഇച്ഛക്ക് തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങള്‍ അരുതെ’ന്ന് ജോ ബൈഡന്‍ ട്വീറ്റ് ചെയ്തു. എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും പുതിയ പ്രസിഡന്റ് ലുല ഡ സില്‍വക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

വലതുപക്ഷ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് അടുത്ത കാലത്തായി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. 2018ല്‍ മെക്‌സിക്കോ, 2019ല്‍ അര്‍ജന്റീന, 2020ല്‍ ബൊളീവിയ, പെറു, ഹോണ്ടുറാസ്, 2021ല്‍ ചിലി, 2022ല്‍ കൊളംബിയ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി ഇടതുപക്ഷത്തേക്ക് ചായുകയാണ്. ഇപ്പോള്‍ ബ്രസീലും അതേ പാതയിലേക്ക് നീങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ രാജ്യങ്ങളിലെ വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെയാണ് ബ്രസീലില്‍ വലതുപക്ഷ തീവ്രവാദികള്‍ അഴിഞ്ഞാടിയത്.

തിരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ സാധാരണമാണ്. ജനങ്ങള്‍ എഴുതിത്തള്ളിയാല്‍ അത് അംഗീകരിക്കുകയും വോട്ടെടുപ്പില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ നിയമപരമായ മാര്‍ഗേണ ചോദ്യം ചെയ്ത് പരിഹാരം തേടുകയും ചെയ്യുക എന്നതാണ് ജനാധിപത്യ വ്യവസ്ഥയിലെ രീതി. എന്നാല്‍ ഈ സുതാര്യമായ മാര്‍ഗം കൈയൊഴിഞ്ഞ് അക്രമം അഴിച്ചുവിടുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് ആഭ്യന്തര രംഗം കലുഷിതമാക്കി ഭരണമേഖലയുടെ സ്വാസ്ഥ്യം കെടുത്തുകയും ചെയ്യുകയെന്നതാണ് ഫാസിസ്റ്റ് തിയറി. ഇതാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ അവലംബിച്ചു വരുന്നത്. 2021 ജനുവരിയില്‍ അമേരിക്കയിലും ഇപ്പോള്‍ ബ്രസീലിലും കണ്ടത് അതാണ്. ഒരു മാസം മുമ്പ് ജര്‍മനിയിലും വലതുപക്ഷ തീവ്രവാദപക്ഷം ഭരണ അട്ടിമറിക്ക് പദ്ധതിയിട്ടിരുന്നു. ജര്‍മന്‍ ഭരണകൂടം മണത്തറിഞ്ഞത് കൊണ്ട് അത് പരാജയപ്പെടുകയായിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കവെയാണ് ‘ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്ര വലതുപക്ഷവും നവ നാസിസവുമാണെ’ന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ചൂണ്ടിക്കാട്ടിയത്.

 



source https://www.sirajlive.com/the-quot-capitol-quot-iteration-in-brazil.html

Post a Comment

Previous Post Next Post