സി ഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം | തൃക്കാക്കര ബലാത്സംഗ കേസിൽ പ്രതിയായ സി ഐ. പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് ഡി ജി പി ഉത്തരവിറക്കി. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ സി ഐ ആയിരിക്കെയാണ് തൃക്കാക്കര കേസിൽ പോലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സസ്പെഷൻഷനിലായിരുന്നു.

തിങ്കളാഴ്ചയാണ് ഡി ജി പി ഉത്തരവിറക്കിയത്. ബലാത്സംഗം, പീഡനം അടക്കം നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണ് ഇയാൾ. 15 തവണയാണ് സുനു വകുപ്പുതല നടപടി നേരിട്ടത്. ആറ് സസ്‌പെന്‍ഷനും കിട്ടി. തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ഡി ജി പിയുടെ ഉത്തരവില്‍ പറയുന്നു.

തൃക്കാക്കരയിൽ തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി ഐ അടുപ്പം സ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഈ കേസിൽ പോലീസ് സുനുവിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.



source https://www.sirajlive.com/ci-sunu-was-dismissed-from-service.html

Post a Comment

Previous Post Next Post