2008ലേതിന് സമാനമായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലൊച്ച കേള്‍ക്കുന്നുവെന്നാണ് വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. 2023 മാന്ദ്യ വര്‍ഷമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബേങ്കും വ്യക്തമാക്കിയിരിക്കുന്നു. മിക്ക രാജ്യങ്ങളെയും മാന്ദ്യം ബാധിക്കുമെന്നും പ്രത്യക്ഷമായി ഇത് അനുഭവപ്പെടുക വന്‍കിട സമ്പദ് വ്യവസ്ഥകള്‍ക്കായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യു എസ്, ചൈന, റഷ്യ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലുണ്ടാകുന്ന സാമ്പത്തിക ചലനങ്ങള്‍ ദരിദ്ര രാജ്യങ്ങളിലുമെത്തും. കയറ്റുമതിച്ചുരുക്കമായും ചെലവേറിയ ഇറക്കുമതിയായും ഇന്ധനച്ചെലവിലെ ഏറ്റക്കുറച്ചിലായും ഓഹരി വിപണിയിലെ ഇടിയലായുമെല്ലാം മറ്റു രാജ്യങ്ങളെ അത് ബാധിക്കും. സാങ്കേതികമായി മാന്ദ്യം എന്ന് പറയുന്നത് തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നെഗറ്റീവാകുന്ന അവസ്ഥയാണ്. ഈ സാങ്കേതിക മാന്ദ്യത്തിലേക്ക് രാജ്യങ്ങള്‍ കൂപ്പുകുത്തില്ലായിരിക്കാം. അതത് രാജ്യങ്ങള്‍ അതിവേഗം തിരുത്തല്‍ നടപടികളെടുക്കുകയും ഉത്തേജക പാക്കേജുകളിലൂടെ ഊര്‍ജം പകരുകയും ചെയ്താല്‍ ഇപ്പോള്‍ രൂപപ്പെടുന്ന പ്രതിസന്ധി മറികടന്നു പോകാന്‍ സാധിച്ചെന്നും വരാം. കൊവിഡ് മഹാമാരിയെ അതിജീവിച്ച് കടന്നു വരുന്ന സമ്പദ് വ്യവസ്ഥകള്‍ കുതിപ്പിലേക്ക് ഉണരാനാകാതെ സ്തംഭിച്ചു നില്‍ക്കുമെന്ന യാഥാര്‍ഥ്യം അപ്പോഴും മുന്നില്‍ നിന്ന് ഒഴിഞ്ഞു പോകില്ല. അതുകൊണ്ട് ഇന്ത്യയെപ്പോലെ ബൃഹത്തും ജന നിബിഡവുമായ ഒരു സമ്പദ് വ്യവസ്ഥയെ നയിക്കുന്നവര്‍ കുടുസ്സായ രാഷ്ട്രീയം മാറ്റിവെച്ച് ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കുന്ന, നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന നയങ്ങളുമായി മുന്നോട്ട് വരണമെന്നാണ് ഐ എം എഫിന്റെയും ലോകബേങ്കിന്റെയും റിപോര്‍ട്ടുകളില്‍ നിന്നുള്ള പാഠം.
നടപ്പു വര്‍ഷവും അടുത്ത വര്‍ഷവുമായി ആഗോള സമ്പദ് ഘടനയുടെ മൂന്നിലൊന്ന് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമെന്നാണ് ഐ എം എഫ് നല്‍കുന്ന മുന്നറിയിപ്പ്. റഷ്യ-യുക്രൈന്‍ യുദ്ധം, നാണ്യപ്പെരുപ്പ നിരക്കിലെ കുതിച്ചു ചാട്ടം, ഇന്ധന ക്ഷാമം, പലിശ നിരക്കുകളിലെ വര്‍ധന ഇവയാണ് മാന്ദ്യത്തിന് പ്രധാന കാരണങ്ങളാകുക. അമേരിക്ക, ചൈന യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് മാന്ദ്യം ഏറ്റവും കൂടുതല്‍ പ്രകടമാകുക. ചൈനയുടെ വളര്‍ച്ച ഈ വര്‍ഷം 3.2 ശതമാനം മാത്രമായി ചുരുങ്ങും. അടുത്ത വര്‍ഷം കണക്കാക്കുന്നത് 4.4 ശതമാനവും. െകാവിഡ് പ്രതിസന്ധി തുടരുന്നതാണ് ചൈനയെ പ്രതികൂലമായി ബാധിക്കുന്നത്. എന്നാല്‍ സാമ്പത്തിക രംഗത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് അമേരിക്കക്ക് തിരിച്ചടിയാകുന്നതെന്നാണ് വിലയിരുത്തല്‍.
പലിശ നിരക്കിലെ കളികള്‍ മൂലം എല്ലാം പരിഹരിക്കാമെന്ന കേന്ദ്ര ബേങ്കുകളുടെ ആത്മവിശ്വാസത്തെ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നു. അമേരിക്ക പലിശ നിരക്ക് വര്‍ധിപ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കു ലഭിക്കേണ്ട 36,000 കോടി ഡോളറാണ് നഷ്ടമായത്. അടുത്ത വര്‍ഷം യൂറോ മേഖലയിലെ വളര്‍ച്ച 0.3 ശതമാനം മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഏഷ്യ പസഫിക് മേഖലയില്‍ 3.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര ബേങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് വികസ്വര രാജ്യങ്ങള്‍ക്കും ആഗോള വിപണിക്കും ഭീഷണിയാണ്. വികസിത രാജ്യങ്ങളുടെ ചുവടുപിടിച്ച് വികസ്വര രാജ്യങ്ങളും നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകും. ഇത് കടബാധ്യതയെ സ്വാധീനിക്കും. പണത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തും. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 6.8 ശതമാനം വളര്‍ച്ചയായിരിക്കുമെന്നാണ് ഐ എം എഫിന്റെ അനുമാനം. 2021-22 വര്‍ഷം 8.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. കയറ്റുമതിയില്‍ കഴിഞ്ഞ മാസം 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയതും വരാനിരിക്കുന്ന മാന്ദ്യത്തിന്റെ സൂചനയായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കയറ്റുമതിയിലെ 30 മേഖലകളില്‍ 11 എണ്ണം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കയില്‍ മറ്റ് രാജ്യങ്ങളിലെ ഉപഭോഗം കുറഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
2008ല്‍ അമേരിക്കയെയും യൂറോപ്പിനെയും പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം അതേ തീവ്രതയോടെ നമ്മുടെ രാജ്യത്ത് അനുഭവപ്പെട്ടില്ല എന്ന ചരിത്രത്തില്‍ നിന്നാണ് ഇപ്പോള്‍ പാഠം പഠിക്കേണ്ടത്. അവിടെ ബേങ്കിംഗ് മേഖല തകര്‍ന്നടിയുകയും സര്‍വ നിര്‍മാണ വിതരണ മേഖലകളും സ്തംഭിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ പിടിച്ചു നിന്നുവെന്ന് മാത്രമല്ല, മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജം പുറത്തെടുക്കുകയും ചെയ്തു. സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുകയും അവര്‍ക്ക് നേരിട്ട് പണമെത്തിക്കുകയുമാണ് അന്ന് ചെയ്തത്. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ വന്‍കിടക്കാരുടെ കടമല്ല, കര്‍ഷകരുടെ കടമാണ് എഴുതിത്തള്ളിയത്. അന്ന് വന്‍കിട പദ്ധതികളല്ല രക്ഷിച്ചത്. മറിച്ച് തൊഴിലുറപ്പ് പദ്ധതി പോലുള്ള ചെറിയ ചുവടുവെപ്പുകളാണ് വിപണിയില്‍ ആത്മവിശ്വാസമുയര്‍ത്തിയത്. ശക്തമായ പൊതുമേഖലയായിരുന്നു മറ്റൊരു രക്ഷാകവചം.
ഏത് മാന്ദ്യവും തുടങ്ങുന്നത് വിപണിയില്‍ നിന്നാണ്. ഉത്പാദനം തളരുകയല്ല, ഉത്പാദിപ്പിച്ചത് വാങ്ങാനാളില്ലാതാകുകയാണ് ചെയ്യുക. സാധാരണ മനുഷ്യരുടെ ക്രയശേഷി വര്‍ധിപ്പിച്ചു കൊണ്ട് മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ. അതി സമ്പന്നര്‍ക്ക് ഇളവ് നല്‍കുക വഴിയോ അവര്‍ക്ക് ടാക്സ് ഇന്‍സെന്റീവ് നല്‍കുക വഴിയോ ഇത് സാധ്യമല്ല. ആദ്യം വേണ്ടത് ഉപഭോക്താക്കളുടെ കൈയില്‍ പണമെത്തിക്കുകയാണ്. വില പിടിച്ചു നിര്‍ത്തി ഇത് ചെയ്യാം. വില കുറയുമ്പോള്‍ ആളുകളുടെ യഥാര്‍ഥ വരുമാനം വര്‍ധിക്കുകയാണ് ചെയ്യുക. സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പണമെത്തിക്കണം. അങ്ങനെ മാന്ദ്യഘട്ടത്തെ തരണം ചെയ്യണം. അതിന് ശേഷമാണ് വന്‍കിട നിക്ഷേപകര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കേണ്ടത്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ നിര്‍മലാ സീതാരാമന്റെ മനസ്സിലുണ്ടാകേണ്ടത് സാധാരണ കുടുംബങ്ങളുടെ ബജറ്റാണ്. വന്‍കിട കമ്പനികളുടെ ബാലന്‍സ് ഷീറ്റിലെ അക്കങ്ങള്‍ക്കും ജി ഡി പി പോലുള്ള കണക്കുകള്‍ക്കും വിലയില്ലെന്നല്ല. അവയെല്ലാം പ്രധാനമാണ്. എന്നാല്‍ അടിസ്ഥാന ഘടകം കുടുംബ ബജറ്റ് തന്നെയാണ്.
source https://www.sirajlive.com/recession-bells-ringing.html
إرسال تعليق