വേറിട്ട ശൈലിയും ശ്രവണപുടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദമാധുരിയും അതിലേറെ ഉൾക്കാമ്പുള്ള വിഷയങ്ങളുമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെന്ന പ്രഭാഷകന് കേരളീയ മുസ്‍ലിംകളുടെ മനതലങ്ങളിൽ അനൽപമായ സ്ഥാനം നൽകിയത്. കേരളത്തിൽ വഅള് സദസ്സുകൾ സജീവമാക്കിയതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതനായയിരുന്നു അദ്ദേഹം. 1960കൾ മുതൽ കേരളത്തിലെ വഅള് വേദികളിൽ വൈലിത്തറയെന്ന പേര് നിറഞ്ഞുനിന്നു. ഉറുദികളും മനോഹരമായ പ്രഭാഷണങ്ങളും കൊണ്ട് ജനമനസ്സുകളെ അക്ഷരാർഥത്തിൽ കീഴടക്കുകയായിരന്നു അദ്ദേഹം.
മതപ്രഭാഷണ രംഗത്ത് തലമുറകളായി സ്വീകരിച്ച ആഖ്യാന ശൈലി തിരുത്തി പുതിയൊരു ശൈലി രൂപപ്പെടുത്തിയ ആളായിരുന്നു വൈലിത്തറ. തനി തിരുവിതാംകൂർ ശൈലിയിൽ സ്ഫുടമായ ഭാഷയിൽ അറിവ് പകർന്നുനൽകി അദ്ദേഹം ജനങ്ങളെ കൈയിലെടുത്തു. മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് അദ്ദേഹം ചരിത്രമെഴുതിയത്. മലയാള കവിതകളും വിശ്വസാഹിത്യ കൃതികളുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കടന്നുവന്നു. മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്‌ലിം സമൂഹത്തില്‍ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരുന്നത്. ദർസ് വിദ്യാഭ്യാസം മാത്രമുള്ള വൈലിത്തറയുടെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ പുരോഗമന ആശയ ക്കാരെയും യുവാക്കളെയും പ്രഭാഷണ വേദികളിലേക്കടുപ്പിച്ചു.
12-ാം വയസിൽ സ്വദേശമായ ആലപ്പുഴയിലെ പാനൂരിൽ വായനശാലാ വാർഷിക വേദിയിലായിരുന്നു വൈലിത്തറയുടെ ആദ്യ പ്രസംഗം. ബന്ധു എഴുതിക്കൊടുത്ത സ്വാഗതപ്രസംഗം മപാഠമാക്കി അദ്ദേഹം പ്രസംഗിച്ചു. ഒരു പന്ത്രണ്ടുകാരന്റെ വശ്യമായ ശൈലിയിലുള്ള ആ പ്രസംഗം ഒരു മഹാപ്രവാഹത്തിന്റെ തുടക്കമായിരുന്നു. വേദിയിൽ അധ്യക്ഷനായിരുന്ന ആത്മവിദ്യാസംഘം നേതാവ് ആര്യ ഭട്ട പ്രസംഗം കേട്ട് അദ്ദേഹത്തെ അഭിനന്ദിച്ചു.
പിന്നീട് പള്ളിദർസുകളിൽ പഠനം പൂർത്തിയാക്കിയ വൈലിത്തറ, പിന്നീട് പലവേദികളിലും പ്രഭാഷണം നടത്തി ശ്രദ്ധനേടി. കാലക്രമേണ വഅള് വേദികളിൽ മാറ്റിനിർത്താനാകാത്ത സാന്നിധ്യമായി അദ്ദേഹം മാറി. വഅളെന്നാൽ ആളുകൾ ആദ്യം ചോദിക്കുക വൈലിത്തറ ഉണ്ടോ എന്നായിരുന്നു. അത്രമേൽ ജനങ്ങളുടെ മനസ്സുകീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു. ബാഫഖി തങ്ങളെ പോലെയുള്ള അക്കാലത്തെ പല നേതാക്കളും മണിക്കൂറുകൾ അദ്ദേഹത്തിന്റെ കേൾവിക്കാരനായിട്ടുണ്ട്.
മലബാറിലെ പ്രഭാഷണ വേദികളിലാണ് വൈലിത്തറയെന്ന പേര് കൂടുതൽ ചിരപ്രതിഷ്ഠ നേടിയത്. അദ്ദേഹത്തിന്റെ പ്രഭാഷണപരമ്പരകൾക്ക് മലബാറിൽ പലയിടത്തും കൂറ്റൻ വേദികളുയർന്നിരുന്നു. മതമൈത്രിയുടെ സന്ദേശം വിളിച്ചോതുന്ന വൈലിത്തറയുടെ പ്രഭാഷണം കേൾക്കാൻ മുസ്ലിംകൾ മാത്രമായിരുന്നില്ല എത്തിയിരുന്നത്. നാനാജാതി മതസ്ഥർ അദ്ദേഹത്തിന്റെ ശ്രോതാക്കളായി. 1964 ൽ കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ പ്രഭാഷണപരമ്പര അതിന് മികച്ച ഉദാഹരണമാണ്. ഏഴ് ദിവസത്തെ പരിപാടി പ്രദേശത്തെ ഹൈന്ദവ സഹോ ദൻമാരുടെ അഭ്യർഥന പ്രകാരം നാലുദിവസം കൂടി തുടരേണ്ടിവന്നതാണ് ചരിത്രം.
സമുദായ രാഷ്ട്രീയത്തിന്റെ ചില്ലുമേടകൾ അദ്ദേഹം കയറിയറങ്ങിയില്ല എന്നതും അദ്ദേഹത്തെ വ്യതിരക്തനാക്കി. സ്വയം തെളിച്ച വഴിയിലൂടെ നടന്നതിനാൽ കാര്യമായ അംഗീകാരങ്ങൾ ഒന്നും അദ്ദേഷത്തെ തേടിയെത്തിയില്ല. ഏഴു പതിറ്റാണ്ടോളം പ്രഭാഷണ വേദികളിൽ നിറഞ്ഞുനിന്ന ശേഷം, പാനൂരിലെ വൈലിത്തറ വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ആ വാഗ്മി നാഥത്തിന്റെ സവിധത്തിലേക്ക് യാത്രയാകുന്നത്.
source https://www.sirajlive.com/wailithara-made-vaal-venues-memorable.html
إرسال تعليق