പാലക്കാട് | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള വേതനം ആധാർ അധിഷ്ഠിതമായതോടെ സംസ്ഥാനത്ത് 1.75 ലക്ഷത്തിലധികം പേർക്ക് കൂലി മുടങ്ങി. ഫെബ്രുവരി ഒന്ന് മുതലാണ് കേന്ദ്ര സർക്കാർ ഇവരുടെ വേതനം ആധാർ ബേസ്ഡ് പേമെന്റ് സിസ്റ്റം (എ ബി പി എസ്) വഴിയാക്കിയത്.
ഇതനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പറാണ് പണം നിക്ഷേപിക്കാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോഴാണ് നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) മാപ്പിംഗ് ആവശ്യമായി വരുന്നത്. ഇതിന് അക്കൗണ്ട് ഉടമ ബേങ്കിൽ അപേക്ഷ നൽകണം.
എന്നാൽ, മാപ്പിംഗിന് ആവശ്യമായ നടപടികളെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബേങ്ക് അധികൃതർ തൊഴിലാളികളെ മടക്കി അയക്കുകയാണ്.
21 ലക്ഷത്തിലധികം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 16 ലക്ഷത്തോളം പേർ തൊഴിലുറപ്പ് പദ്ധതിയിൽ സജീവമാണ്. ജോലിയെടുക്കുന്ന എല്ലാ ആഴ്ചയിലും ഇവർക്കുള്ള വേതനം ബേങ്ക് അക്കൗണ്ടിൽ എത്തും.
ആധാർ അധിഷ്ഠിതമായതോടെയാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ അധികൃതർ പറഞ്ഞു. വേതനം ലഭിക്കാതായതോടെ പലരും ജോലിക്ക് വരാൻ മടിക്കുകയാണ്.
ഇതുമൂലം പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി അനിശ്ചിതത്വത്തിലാണ്. രണ്ട് വർഷത്തിനിടെ പത്ത് കോടി തൊഴിൽ ദിനങ്ങൾ കേരളം നേടിയിരുന്നു. മാപ്പിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ടിലേക്ക് പണം വരില്ല. പ്രശ്ന പരിഹാരത്തിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
source https://www.sirajlive.com/aadhaar-linked-job-guarantee-scheme-1-75-lakh-workers-are-unpaid.html
إرسال تعليق