പാലക്കാട് | ട്രെയിനില്‍ കടത്തുകയായിരുന്ന 25 ഐ-ഫോണ്‍ ഉള്‍പ്പെടെ 65 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളുമായി ആറ് പേര്‍ പിടിയില്‍. പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍ പി എഫ് നടത്തിയ പരിശോധനയിലാണ് കാസർകോട്ടേക്ക് കടത്തുകയായിരുന്ന 25 ഐ-ഫോണ്‍, 6,990 പായ്ക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ്, 764 ഇ-സിഗരറ്റ് പായ്ക്കറ്റ്, 30 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ നാണയം എന്നിവ പിടികൂടിയത്. സംഭവത്തില്‍ കാസർകോട് കളനാട് സ്വദേശികളായ ഹസൈനാര്‍ (54), സബീര്‍ (35), സഹോദരന്‍ ജാഫര്‍ (36), അബ്ദുർ റഹ്മാന്‍ (41), അലാവുദ്ദീന്‍ (38), കോഴിക്കോട് എയര്‍പോര്‍ട്ടിന് സമീപം പുളിയാന്‍തൊടി നജീമുദ്ദീന്‍ (34) എന്നിവരെയാണ് പിടികൂടിയത്. ദുബൈയില്‍ നിന്ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തിയ സംഘം പിന്നീട് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്സിലെ എസ് 9 കോച്ചില്‍ കാസർകോട്ടേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 28നാണ് ആറംഗ സംഘം കരിപ്പൂര്‍ വിമാനത്താവളം വഴി ദുബൈയിലെത്തിയത്. തിരിച്ച് 31ന് രാത്രി ചെന്നൈയിലെത്തുകയും വിമാനത്താവളത്തിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് കടക്കുകയുമായിരുന്നു. ആറ് പേരും സ്വന്തം കൈയില്‍ നാല് ഫോണ്‍ വീതം കരുതിയതും വെവ്വേറെ ബാഗുമായി എത്തിയതും കസ്റ്റംസിൻ്റെ ശ്രദ്ധ തിരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതികളാണ് ഇവർ. ആർ പി എഫ് പരിശോധിക്കുമ്പോള്‍ ഇവരുടെ കൈവശം യാതൊരുവിധ രേഖകളും ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും കസ്റ്റംസിന് കൈമാറി. ആര്‍ പി എഫ്. ഐ ജി. ജി എം ഈശ്വരറാവുവിൻ്റെ നിർദേശ പ്രകാരം പാലക്കാട് കമാൻഡൻ്റ് അനില്‍ നായരുടെ നേതൃത്വത്തില്‍ സി ഐ സൂരജ് എസ് കുമാര്‍, എസ് ഐമാരായ യു രമേഷ്, ടി എം ധന്യ, ക്രൈം സ്‌ക്വാഡ് എ എസ് ഐ സജി അഗസ്റ്റിന്‍, ഹെഡ്കോണ്‍സ്റ്റബിള്‍ പ്രസന്നന്‍, കോണ്‍സ്റ്റബിള്‍ കെ വി മനോജ്, എന്‍ ശ്രീജിത്ത്, പി ശിവദാസ്, വിമണ്‍ കോണ്‍സ്്റ്റബിള്‍ വീണാ ഗണേഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
source https://www.sirajlive.com/rpf-checks-during-massive-smuggling-six-people-were-arrested.html
إرسال تعليق