വിശ്വനാഥന്റെ മരണം: ആറുപേരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

കോഴിക്കോട്  | മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആറുപേരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

മരിക്കുന്നതിന് മുമ്പ് വിശ്വനാഥനുമായി സംസാരിച്ച ആറ് പേരെയാണ് പോലസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പ്രസവ ചികിത്സക്ക് എത്തിയവരുടെ കൂട്ടിരിപ്പുകാരാണ് ഇവരിലേറെ പേരും. വിശ്വനാഥനെ തടഞ്ഞുവെച്ചത് ആരാണ് എന്ന ചോദ്യത്തിനാണു പോലീസ് ഉത്തരം തേടുന്നത്. സി സി ടി വി ദൃശ്യപ്രകാരം ഈ ആറുപേരും ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു.

വിശ്വനാഥന്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴാണ് തെളിവ് ശേഖരണ നടപടികള്‍ പുരോഗമിക്കുന്നത്. വിശ്വനാഥനെ ആശുപത്രി പരിസരത്ത് ആള്‍ക്കൂട്ടം ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
ആശുപത്രിയില്‍ ഈ സമയങ്ങളില്‍ അഡ്മിറ്റായ എല്ലാവരുടേയും പട്ടികയില്‍ നിന്ന് പുറത്തു കാത്തുനിന്ന് അവരുടെ ബന്ധുക്കളുടെ പേരു വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എല്ലാവരേയും ഘട്ടംഘട്ടമായി വിളിച്ചുവരുത്തി വിശ്വനാഥനെ തടഞ്ഞുവച്ചവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

മൊബൈല്‍ ഫോണും പണവും കളവുപോയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വിശ്വനാഥനെ സുരക്ഷാ ജീവനക്കാര്‍ക്കുമുമ്പില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ആരുടെ പണവും ഫോണുമാണു മോഷണം പോയത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.

വിശ്വനാഥന്‍ മരിച്ച ദിവസം ധരിച്ച കള്ളി ഷര്‍ട്ട് പോലീസ് കണ്ടെത്തിയിരുന്നു. പോക്കറ്റില്‍ ആകെയുള്ളത് കുറച്ച് നാണയത്തുട്ടുകളും ഒരു കെട്ട് മുറുക്കാനും സിഗരറ്റും തീപ്പെട്ടിയുമാണ്. മരിക്കും മുമ്പ് വിശ്വനാഥന്‍ സംഭവസ്ഥലത്ത് ഷര്‍ട്ട് അഴിച്ചു വെച്ചുവെന്നാണ് പൊലിസിന്റെ നിഗമനം. ഷര്‍ട്ടിന്റെ ശാസ്ത്രീയപരിശോധനയും നടത്തും.



source https://www.sirajlive.com/viswanathan-39-s-death-interrogation-of-six-in-progress.html

Post a Comment

أحدث أقدم