ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു കഴിഞ്ഞ ദിവസം. എക്‌സൈസ് നയത്തില്‍ ക്രമക്കേടുകള്‍ വരുത്തിയെന്നാരോപിച്ചാണ് അദ്ദേഹത്തെ സി ബി ഐ എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് വിധേയമാക്കിയതും അറസ്റ്റ് ചെയ്തതും. എക്‌സൈസ് നയത്തിലെ വിവിധ വശങ്ങള്‍, എഫ് ഐ ആറില്‍ പരാമര്‍ശിച്ചിട്ടുള്ള ദിനേഷ് അറോറയുമായും മറ്റ് പ്രതികളുമായും ഉള്ള ബന്ധം, ഒന്നിലധികം ഫോണുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ കൈമാറിയതിന്റെ വിശദാംശങ്ങള്‍ എന്നിവയാണ് സിസോദിയയെ ചോദ്യം ചെയ്യാനുള്ള പ്രധാന കാരണങ്ങളായി വെളിപ്പെടുത്തിയത്. അന്വേഷണത്തോട് സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്ന് സി ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. അറസ്റ്റിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തി. വൃത്തികെട്ട രാഷ്ട്രീയ കളികളാണ് മനീഷിന്റെ അറസ്റ്റിനു പിന്നിലെന്നും ജനങ്ങള്‍ എല്ലാം മനസ്സിലാക്കുന്നുണ്ട്, അവര്‍ ഇതിനോട് പ്രതികരിക്കും എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കെജ്രിവാള്‍ കഴിഞ്ഞാല്‍ ആം ആദ്മി പാര്‍ട്ടിയുടെ സമുന്നത മുഖമാണ് മനീഷ് സിസോദിയ. എന്നാലും ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങളും ഇടപെടലുകളും കൊണ്ട് ബി ജെ പിക്ക് കെജ്രിവാളിനേക്കാള്‍ തലവേദന ഉപമുഖ്യമന്ത്രിയാണ്. ഇതാദ്യമായല്ല അദ്ദേഹത്തിനെതിരെ നിയമക്കുരുക്കുകള്‍ പ്രയോഗിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ എതിരാളികള്‍ക്കെതിരെ രാഷ്ട്രീയ രഹസ്യാന്വേഷണ വിവരം ശേഖരിക്കാന്‍ ‘ഫീഡ്ബാക്ക് യൂനിറ്റ്’ രൂപവത്കരിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും ഉപമുഖ്യമന്ത്രിയെ സി ബി ഐ അന്വേഷിക്കുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മേധാവിത്വം മുതല്‍ക്ക് തന്നെ പാര്‍ട്ടിയെയും പ്രമുഖ നേതാക്കളെയും നിയന്ത്രിക്കാനുള്ള കുറുക്കു വഴികള്‍ ബി ജെ പി ഉപയോഗിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അഴിമതി ആരോപണത്തില്‍ അറസ്റ്റിലായിരുന്നു. ഈ അറസ്റ്റിനു ശേഷം മനീഷ്
സിസോദിയയുടെ ചുമതലയും വര്‍ധിച്ചിരുന്നു. നിലവില്‍ ഡല്‍ഹി സര്‍ക്കാറില്‍ വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെ 18 വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രി എന്നാണ് എ എ പി അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും വലിയ തിരിച്ചടി വിദ്യാഭ്യാസ വകുപ്പിലായിരിക്കും. മനീഷ് ജയിലില്‍ പോകുകയാണ് എന്നല്ല, ഡല്‍ഹിയിലെ സ്‌കൂളുകളില്‍ അവധിക്കാലം വരികയാണ് എന്ന് ചിന്തിക്കൂ എന്നാണ് അറസ്റ്റിനു ശേഷം വികാരാധീനനായി അദ്ദേഹം പറഞ്ഞത്.
അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനും വലംകൈയുമായിരുന്ന സിസോദിയയുടെ അറസ്റ്റ് പാര്‍ട്ടി വിപുലീകരിക്കാനുള്ള ഡല്‍ഹി മുഖ്യമന്ത്രിയുടെ പദ്ധതിക്ക് വന്‍ തിരിച്ചടിയായേക്കും എന്ന് തീര്‍ച്ച. ഡല്‍ഹിക്ക് ശേഷം ആദ്യമായി പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചതിന് ശേഷം ഇനി മറ്റ് സംസ്ഥാനങ്ങളിലും കാല്‍പ്പാടുകള്‍ വ്യാപിപ്പിക്കാനാണ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ശക്തിയായി ശ്രമിക്കുന്നത്. അടുത്തിടെ സമാപിച്ച ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ നേടിയാണ് എ എ പി വിജയിച്ചത്. കര്‍ണാടക, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ അടുത്ത മാസം സന്ദര്‍ശിക്കാന്‍ കെജ്്രിവാള്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. കേവലം ഡല്‍ഹിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോ മറ്റു ഭരണ നേട്ടങ്ങളോ മാത്രമല്ല സിസോദിയയെ കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടാക്കിയത്. പഞ്ചാബില്‍ മുളച്ചത് പോലുള്ളൊരു സജീവ രാഷ്ട്രീയ തന്ത്രം ഇതര സംസ്ഥാനങ്ങളിലും വ്യാപിക്കുന്നുണ്ടോ എന്ന ഭയം കൊണ്ട് കൂടിയാണ്. ഉപമുഖ്യമന്ത്രിയെ തടവിലാക്കുന്നതോടെ ഡല്‍ഹി സംസ്ഥാന ഭരണകൂടം മാത്രമല്ല പ്രതിരോധത്തിലാകുന്നത്, വരും മാസങ്ങളിലെ വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് കരുക്കള്‍ നീക്കുന്ന അരവിന്ദ് കെജ്്രിവാളിന്റെ മുഴുവന്‍ രാഷ്ട്രീയ തന്ത്രങ്ങളുമാണ്.
source https://www.sirajlive.com/they-fear-sisodia.html
إرسال تعليق