ന്യൂഡൽഹി | ബി ബി സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. രാത്രിയിലുടനീളം റെയ്ഡ് നടത്തിയിരുന്നു. ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി ബി സിക്കെതിരെയുള്ള പ്രതികാര നടപടിയാണിത്.
നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായുള്ള സർവേ നടത്തുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം. വിവിധ രേഖകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. പണം കൈമാറ്റം സംബന്ധിച്ച നിയമങ്ങൾ ബോധപൂർവം പാലിക്കാത്തതും കമ്പനിയുടെ ലാഭവിഹിതം വഴിതിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുമാണ് സർവേ നടത്തിയതെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഓഫീസ് അടച്ചുപൂട്ടിയാണ് പരിശോധന നടത്തുന്നത്. 2012നും അപ്പുറമുള്ള അക്കൌണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.
ഇന്നലെ രാവിലെയാണ് ഡൽഹിയിലെ കെ ജി മാർഗിലുള്ള ബി ബി സി ഓഫീസിലും മുംബൈയിലെ ഓഫീസിലും ഉദ്യോഗസ്ഥരെത്തിയത്. ജീവനക്കാരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. അക്കൗണ്ട്, ധനകാര്യ ഡിപാർട്ട്‌മെന്റ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡിൽ എന്തെല്ലാം പിടിച്ചെടുത്തുവെന്ന് വ്യക്തമാക്കുന്ന പ്രസ്താവന ആദായ നികുതി വകുപ്പ് പുറത്തിറക്കിയിട്ടില്ല. പരിശോധനയുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ബി ബി സി അധികൃതർ വ്യക്തമാക്കി.
source https://www.sirajlive.com/raid-on-bbc-offices-continues.html
Post a Comment