2021 ഡിസംബറിലാണ് ഗുണ്ടകളെ പിടികൂടുന്നതിന് പോലീസ് മേധാവി അനില്‍ കാന്ത് ‘ഓപറേഷന്‍ കാവല്‍’ പ്രഖ്യാപിച്ചത്. ഡിസംബര്‍ 18 മുതല്‍ പത്ത് ദിവസം നീണ്ട തിരച്ചിലില്‍ സാമൂഹിക വിരുദ്ധരും ഗുണ്ടകളുമായ 6,619 പേരെ കരുതല്‍ തടങ്കലിലാക്കി. 15,431 പേരെ കര്‍ശന നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇന്നിപ്പോള്‍ വീണ്ടും ഗുണ്ടകള്‍ക്കെതിരെ മറ്റൊരു ഓപറേഷന്‍ നടന്നു വരികയാണ്. ‘ഓപറേഷന്‍ ആഗ്’ (ആക്‌സിലറേറ്റഡ് ആക്്ഷന്‍ എഗൈന്‍സ്റ്റ് ആന്റിസോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ്) എന്ന പേരില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ സംസ്ഥാന വ്യാപകമായി ആരംഭിച്ച റെയ്ഡില്‍ 24 മണിക്കൂറിനകം 2,507 ഗുണ്ടകളും സാമൂഹിക വിരുദ്ധരും പിടിയിലാകുകയും 1,673 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 3,501 ഇടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
രൂക്ഷമാണ് കേരളത്തില്‍ ഗുണ്ടാശല്യം. വാടകക്കൊല, കൊള്ളയടി, അനധികൃത മണല്‍ക്കടത്ത്, ബ്ലേഡ് ഇടപാട്, വ്യാജമദ്യ- മയക്കുമരുന്ന് കടത്ത്, കള്ളനോട്ട് നിര്‍മാണം, വിതരണം തുടങ്ങി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണ്. പട്ടാപ്പകല്‍ ആളുകളെ പച്ചക്ക് വെട്ടിക്കൊല്ലുന്ന തരത്തില്‍ വളര്‍ന്നിട്ടുണ്ട് ഇവിടെ ഗുണ്ടായിസം. ആരുടെ നെഞ്ചത്ത്, എപ്പോള്‍ കഠാര തുളച്ചു കയറുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. നിയമത്തെയോ നിയമ പാലകരെയോ ഇവര്‍ക്ക് ഭയമില്ല. അനധികൃത പൂഴി കടത്ത് തടയാനെത്തിയ എസ് ഐയെ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലേക്ക് സംസ്ഥാനത്തെ മാഫിയകള്‍ വളര്‍ന്നു കഴിഞ്ഞു. കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് തോളില്‍ ചുമന്നു കൊണ്ടുപോയി പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവവുമുണ്ടായി. ഭരണ സിരാകേന്ദ്രം ഉള്‍ക്കൊള്ളുന്ന തിരുവനന്തപുരം ജില്ലയിലാണ് ഗുണ്ടാവിളയാട്ടം കൂടുതലെന്ന് കണക്കുകള്‍ പറയുന്നു.
ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ 2007ല്‍ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ നിയമം) പാസ്സാക്കിയിട്ടുണ്ട്. പോലീസ് ഇടക്കിടെ വിവിധ പേരില്‍ റെയ്ഡുകള്‍ നടത്തി വരികയും ചെയ്യുന്നു. ഒന്നും ഫലവത്താകുന്നില്ല. മാത്രമല്ല, ഗുണ്ടാപ്രവര്‍ത്തനവും ഗുണ്ടകളുടെ എണ്ണവും അടിക്കടി വര്‍ധിക്കുകയുമാണ്. പോലീസുദ്യോഗസ്ഥരും ഗുണ്ടാമാഫിയകളുമായുള്ള അവിഹിത ബന്ധമാണ് നിയമ നടപടികളും റെയ്ഡുകളും മറ്റും വേണ്ടത്ര ഫലവത്താകാത്തതിന്റെ മുഖ്യ കാരണം. തങ്ങളുടെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നവരാണ് പ്രമുഖ ഗുണ്ടകളില്‍ പലരും. തിരുവനന്തപുരം ഉള്‍പ്പെടെ ചില നഗരങ്ങളില്‍ സമീപ കാലത്തുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈ എസ് പിമാര്‍ക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി പോലീസുദ്യോഗസ്ഥര്‍ നിയമ നടപടിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. 21 പോലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതായി മുഖ്യമന്ത്രി അടുത്തിടെ അറിയിച്ചിരുന്നു. 23 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നു. പോലീസ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവടക്കമുള്ളവരുണ്ട് പിരിച്ചു വിടപ്പെട്ടവരില്‍.
കാപ്പ നിയമം പ്രയോഗിക്കുന്നതിലുള്ള ചില കടമ്പകളും രാഷ്ട്രീയക്കാരുടെ ഇടപെടലുകളും ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതില്‍ പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കാപ്പ ചുമത്താനുള്ള ശിപാര്‍ശകളില്‍ തീരുമാനമെടുക്കേണ്ടത് ജില്ലാ കലക്ടര്‍മാരാണ്. എന്നാല്‍ പോലീസ് മേധാവികള്‍ സമര്‍പ്പിക്കുന്ന ഗുണ്ടാ ലിസ്റ്റില്‍ പെട്ട പലരുടെയും കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ കാലതാമസം വരുത്തുന്നു. രാഷ്ട്രീയക്കാരുടെ സമ്മര്‍ദമാണ് കാരണം. ഗുണ്ടകളില്‍ നല്ലൊരു പങ്കും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ളവരാണ്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കേണ്ട 145 ക്രിമിനലുകളുടെ പേരുവിവരങ്ങള്‍ കഴിഞ്ഞ നവംബറില്‍ ജില്ലാ പോലീസ് മേധാവികള്‍ കലക്ടര്‍മാര്‍ക്ക് കൈമാറിയെങ്കിലും 39 പേരെ മാത്രമാണ് തടവിലാക്കിയത്. ബാക്കിയുള്ളവര്‍ നിയമത്തെ കൊഞ്ഞനം കുത്തി പുറത്ത് വിലസുന്നു. രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദമാണ് കാരണം. രാഷ്ട്രീയ പ്രതിയോഗിയെ വകവരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈയില്‍ കത്തിയും വാളും കൊടുത്തുവിടുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നിയമത്തിന്റെ കരങ്ങളില്‍ പെടാതെ ഈ ക്രിമിനലുകളെ രക്ഷിക്കേണ്ട ബാധ്യതയുമുണ്ടല്ലോ.
മദ്യമുള്‍പ്പെടെ ലഹരി ഉപയോഗം ഗുണ്ടാവിളയാട്ടത്തിന് കാരണമാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ലഹരിക്കടിപ്പെട്ട് ബുദ്ധിയും വിവേകവും നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ്, സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബശീറിനെ കാറിടിച്ചു കൊലപ്പെടുത്തിയത് മദ്യലഹരിയിലായിരുന്നുവല്ലോ. ലഹരിയില്‍ നിന്ന് മുക്തമാകുമ്പോള്‍ താന്‍ ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് ചില പ്രതികള്‍ക്ക് ഓര്‍മ പോലുമുണ്ടാകാറില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ റിപോര്‍ട്ടുകള്‍ കാണിക്കുന്നത്. വികാരങ്ങളെ നിയന്ത്രിക്കാനുള്ള മനക്കരുത്താണ് കുറ്റവാസനകളെ പ്രതിരോധിക്കുന്നത്. വികാര നിയന്ത്രണം കുറവുള്ളവര്‍ക്ക് ചെറിയ പ്രകോപനം പോലും അക്രമത്തിനു പ്രേരകമാകുമെന്നും ലഹരി വികാര നിയന്ത്രണത്തെ കുറക്കുന്ന പ്രധാന ഘടകമാണെന്നും മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഇത്തരുണത്തില്‍ ഓപറേഷന്‍ കാവല്‍ കൊണ്ടും ഓപറേഷന്‍ ആഗ് കൊണ്ടുമായില്ല, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഭ്യത ഇല്ലാതാക്കുക കൂടി വേണം ഗുണ്ടായിസത്തെ നിയന്ത്രിക്കാന്‍. എന്നാല്‍ മയക്കുമരുന്ന് വില്‍പ്പനയുടെ ലഭ്യതയും വില്‍പ്പനയും തടയാന്‍ തീവ്രയജ്ഞം നടത്തുന്ന സര്‍ക്കാര്‍ മദ്യലഭ്യത കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, കൂടുതല്‍ ബിവറേജ് ഔട്ട് ലെറ്റുകള്‍ തുറന്ന് സംസ്ഥാനത്ത് മദ്യമൊഴുക്കിക്കൊണ്ടിരിക്കുകയാണെന്നത് വിരോധാഭാസമാണ്.
source https://www.sirajlive.com/anti-gang-operations-that-fail.html
Post a Comment