രഹസ്യ ചർച്ചയുടെ നിഗൂഢത നീക്കണം

നുവരി 14ന് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗിന്റെ വസതിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി- ആർ എസ് എസ് ചർച്ചയെക്കുറിച്ച് മുസ്‌ലിം ഇന്ത്യയും മതേതര വിശ്വാസികളും അമ്പരപ്പോടെയാണ് കേട്ടത്. മതേതര- ജനാധിപത്യ വിരുദ്ധത, സ്വാതന്ത്ര്യ സമരത്തോടുള്ള പുറംതിരിഞ്ഞു നിൽപ്പ്, ഇന്ത്യയെ മത രാജ്യക്കാണമെന്ന കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിൽ രണ്ട് സംഘടനകളും സമാനമാണെങ്കിലും ധ്രുവാന്തരമുണ്ട് ഇരുവിഭാഗത്തിന്റെയും മറ്റു പല ആശയങ്ങൾക്കും. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നാണ് ആർ എസ് എസിന്റെ ലക്ഷ്യമെങ്കിൽ തങ്ങൾ വിഭാവനം ചെയ്യുന്ന തരത്തിൽ ഇസ്‌ലാമിക രാഷ്ട്രമാക്കണമെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. ഒരു തരത്തിലും പൊരുത്തപ്പെടില്ല ഈ വീക്ഷണങ്ങൾ.
ഭൂരിപക്ഷ വർഗീയ ഭീഷണിയെ സംബന്ധിച്ച പ്രചാരണങ്ങളും ഇരവാദവുമുയർത്തി ആർ എസ് എസ് ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകളെയും ഹിന്ദുത്വ ഫാസിസത്തെയുമാണ് ജമാഅത്തെ ഇസ്‌ലാമി ഇക്കാലമത്രയും രാജ്യത്തെ മുഖ്യശത്രുവായി ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നതെങ്കിൽ, സംഘ്പരിവാറാകട്ടെ ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള മുസ്‌ലിം തീവ്രവാദി സംഘടനകളെയുമായിരുന്നു. മറ്റേതെങ്കിലും മുസ്‌ലിം സംഘടനാ നേതാക്കൾ ബി ജെ പി നേതൃത്വവുമായി സുതാര്യമായ രീതിയിൽ കൂടിക്കാഴ്ചയോ ചർച്ചയോ നടത്തിയാൽ അതൊരു വലിയ പാതകമായാണ് ജമാഅത്തും അവരുടെ മാധ്യമങ്ങളും കുറ്റപ്പെടുത്തിയിരുന്നത്. അടുത്തിടെ കോഴിക്കോട്ട് നടന്ന മുജാഹിദ് സമ്മേളത്തിൽ ബി ജെ പി നേതാവും ഗോവ ഗവർണറുമായ അഡ്വ. ശ്രീധരൻ പിള്ളയെ പങ്കെടുപ്പിച്ചതിനെ രൂക്ഷമായി വിമർശിച്ച ജമാഅത്ത് നേതാക്കൾ നേരത്തേ സുന്നി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചപ്പോഴും ഡൽഹിയിൽ നടന്ന സൂഫി സമ്മേളനത്തിൽ മോദിയോടൊപ്പം കാന്തപുരം വേദി പങ്കിട്ടപ്പോഴും ബി ജെ പിയോടുള്ള വിധേയത്വമായി കുറ്റപ്പെടുത്തുകയുണ്ടായി. യഥാർഥത്തിൽ മുസ്‌ലിം ഇന്ത്യ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുമ്പാകെ അവതരിപ്പിക്കാനുള്ള വേദിയായി സൂഫി സമ്മേളനത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു കാന്തപുരം അന്ന് ചെയ്തത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ആർ എസ് എസ് നേതാക്കളായ ഇന്ദ്രേഷ്‌കുമാർ, റാംലാൽ, കൃഷ്ണഗോപാൽ എന്നിവരുമായി ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടത്തിയതിൽ സന്ദേഹങ്ങൾ ഉയരുന്നത്. ജനുവരി 14നു നടന്ന ചർച്ചയുടെ കാര്യം ഒരു മാസം കഴിഞ്ഞു ഫെബ്രുവരി 14ന് ഒരു മാധ്യമത്തിനുള്ള അഭിമുഖത്തിലാണ് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറൽ ടി ആരിഫലി സ്ഥിരീകരിക്കുന്നത്. “രാജ്യത്തെ നിലവിലെ വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട കൊലകൾക്കും വംശഹത്യകൾക്കുമെല്ലാം കാരണം ആർ എസ് എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ്. ഇന്ത്യൻ ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആയതിനാൽ അവരെ ഇക്കാര്യം ധരിപ്പിച്ചു കലുഷിതമായ അന്തരീക്ഷത്തിന് അയവ് വരുത്തുക’യാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ചർച്ചക്ക് ജമാഅത്ത് നേതാക്കൾ പറഞ്ഞ ന്യായം. ആദർശ ശത്രുക്കളുമായി പോലും സംഭാഷണങ്ങളുടെയോ സംവാദങ്ങളുടെയോ വാതിലുകൾ അടക്കരുത്, ചർച്ചക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുകയെന്നതാണ് തങ്ങളുടെ നയമെന്നും അവർ അവകാശപ്പെട്ടു. എന്നാൽ എന്തുകൊണ്ടായിരുന്നു മുമ്പ് സുന്നി നേതാക്കൾ ബി ജെ പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഇത്തരമൊരു വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അതിനെ നോക്കിക്കാണാതെ ഒരു മഹാപാതകമായി ജമാഅത്ത് നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നത്?

സംഘടനയെ നിരോധിക്കാനുള്ള സാധ്യത മുൻകണ്ട് അതിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, അഹ്്ലെ ഹദീസ്, ദാറുൽ ഉലൂം ദയൂബന്ദ് സംഘടനാ നേതാക്കളെ കൂട്ടുപിടിച്ചു ആർ എസ് എസുമായി കൂടിക്കാഴ്ച നടത്തിയതെന്ന് നിരീക്ഷിക്കുന്നവരുണ്ട്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപുലർ ഫ്രണ്ടിന് സമാനം തീവ്രവാദ സംഘടനയായാണ് ജമാഅത്തെ ഇസ്‌ലാമി അറിപ്പെടുന്നത്. ഈജിപ്തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂൻ (മുസ്‌ലിം ബ്രദർഹുഡ്) സിറിയയിലെ ബ്രദർഹുഡ്, ഇറാഖിലെ ഐ എസ്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ജമാഅത്തെ ഇസ്‌ലാമി എന്നിവയെല്ലാം ഒരേ ആശയ കുടക്കീഴിൽ വരുന്നവരാണ്. മുസ്‌ലിം ബ്രദർ ഹുഡിന്റെ ശിൽപ്പി ഹസനുൽ ബന്നയുടെയും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകൻ അബുൽ അഅ്‌ലാ മൗദൂദിയുടെയും കാഴ്ചപ്പാടുകളും ആശയങ്ങളും ഏറെക്കുറെ സമാനമാണ്. “ഖവാരിജിസ’മാണ് ഇരുവരുടെയും ആശയങ്ങളുടെ സ്രോതസ്സ്. അടിയന്തരാവസ്ഥ കാലത്ത് ആർ എസ് എസിനൊപ്പം ഇന്ദിരാഗാന്ധി സർക്കാർ ജമാഅത്തിനെയും നിരോധിച്ചിരുന്നു. ദേശവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പേരിൽ 2019ൽ കശ്മീരിൽ സർക്കാർ ജമാഅത്തിനെ നിരോധിച്ചിട്ടുണ്ട്.

പുറത്തു പറയുന്ന കാര്യങ്ങൾക്കപ്പുറം എന്തോ നിഗൂഢ ലക്ഷ്യങ്ങളുണ്ട് ജനുവരി 14ലെ ജമാഅത്ത്- ആർ എസ് എസ് ചർച്ചക്കെന്നാണ് മനസ്സിലാകുന്നത്. ഇതു സംബന്ധിച്ചു മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമായി പ്രതികരിക്കാൻ ജമാഅത്ത് നേതാക്കൾക്ക് സാധിക്കാത്തത് അതുകൊണ്ടാണല്ലോ. ഈ വിഷയവുമായി ബന്ധപ്പെട്ട് ചാനലുകൾ സംഘടിപ്പിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാതെ ഇരുവിഭാഗം നേതാക്കളും ഒഴിഞ്ഞു മാറുകയാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടി വലിയൊരു പ്രതിസന്ധിയെയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ഹിന്ദുത്വ ഫാസിസത്തെയായിരുന്നു പാർട്ടി യോഗങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും അവർ മുഖ്യശത്രുവായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇനി അത് നടക്കില്ല. പുതിയ ശത്രുവിനെ കണ്ടെത്തേണ്ടി വന്നിരിക്കയാണ് വെൽഫെയർ പാർട്ടിക്ക്.



source https://www.sirajlive.com/the-secret-discussion-must-be-demystified.html

Post a Comment

Previous Post Next Post