തിരുവല്ല | എല്‍ ഡി എഫ് പിന്തുണയോടെ അധികാരത്തിലെത്തിയ യു ഡി എഫ് പ്രതിനിധിയായ തിരുവല്ല നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് രജിസ്‌ട്രേഡ് തപാലില്‍ സെക്രട്ടറിക്ക് ഇന്നലെ അയച്ചതായി ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അറിയിച്ചു. അഴിമതിക്കും ചട്ടലംഘനത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഏഴുമാസമായി തുടരുന്ന മാനസിക സമ്മര്‍ദം താങ്ങാന്‍ കരുത്തില്ലാതെയാണ് രാജിവെക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ജൂണ്‍ 16നാണ് ശാന്തമ്മ വര്‍ഗീസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയില്‍ കോണ്‍ഗ്രസിലെ ധാരണപ്രകാരം ചെയര്‍പേഴ്സണായിരുന്ന ബിന്ദു ജയകുമാര്‍ രാജിവച്ച ഒഴിവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന ശാന്തമ്മ വര്‍ഗീസിനെ മറുകണ്ടം ചാടിച്ച് എല്‍ ഡി എഫ് പിന്തുണക്കുകയായിരുന്നു. ഇരുപക്ഷത്തും തുല്യവോട്ടായിരുന്നതിനാല്‍ നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിനു ചെയര്‍പേഴ്സണ്‍ സ്ഥാനവും യു ഡി എഫിന് വൈസ് ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചു.
എന്നാല്‍, ഭരണരംഗത്ത് ചെയര്‍പേഴ്സണെ തുടര്‍ന്ന് പിന്തുണക്കാന്‍ എല്‍ ഡി എഫ് തയാറായില്ല. പല വിഷയങ്ങളിലും ചെയര്‍പേഴ്സണുമായി തുടക്കത്തില്‍ തന്നെ എല്‍ ഡി എഫ് ഇടഞ്ഞു. ചെയര്‍പേഴ്സണെ മാറ്റിനിര്‍ത്തി കൗണ്‍സില്‍ യോഗം വിളിക്കാനും മുന്നണി തയാറായി. തങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയെന്ന പേരില്‍ ശാന്തമ്മ വര്‍ഗീസിന് യു ഡി എഫും പിന്തുണ നല്‍കിയില്ല. എന്നാല്‍ ഏറ്റവുമൊടുവില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യു ഡി എഫ് പിന്തുണ അറിയിച്ചു.
ജീവനു തന്നെ ഭീഷണിയെന്ന് ശാന്തമ്മ വര്‍ഗീസ്
ചെയര്‍പേഴ്സണ്‍ സ്ഥാനത്തെത്തിയതു മുതല്‍ ഇടതുമുന്നണിയില്‍ നിന്ന് പലവിധ സമ്മര്‍ദങ്ങളുണ്ടായതായി ശാന്തമ്മ വര്‍ഗീസ് പറഞ്ഞു. ഏറെ പ്രതീക്ഷകളോടെയാണ് അധികാരത്തിലെത്തിയതെങ്കിലും സഹപ്രവര്‍ത്തകരുടെ പല നിലപാടുകളും ഇതിന് തടസമായി. ജീവനു തന്നെ ഭീഷണിയാകുമെന്നു കണ്ടതോടെയാണ് രാജിയെന്നും അവര്‍ പറഞ്ഞു.
രാജിക്കത്ത് നേരിട്ട് നല്‍കാന്‍ നഗരസഭാ കാര്യാലയത്തില്‍ എത്തുന്നതിനു പോലും ഭീഷണി നേരിടേണ്ടതായി വന്നു. വനിതാ കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് തന്നെ തടയുമെന്ന് എല്‍ ഡി എഫ് ഭീഷണി നിലനിന്നതിനാലാണ് രാജിക്കത്ത് രജിസ്‌ട്രേഡായി അയക്കേണ്ടിവന്നതെന്നും ശാന്തമ്മ വര്‍ഗീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചിന് സെക്രട്ടറിക്കു നേരിട്ട് രാജിക്കത്ത് നല്‍കാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്.
source https://www.sirajlive.com/that-life-itself-is-threatened-thiruvalla-municipal-chairperson-tendered-his-resignation.html
إرسال تعليق