മധുവും വിശ്വനാഥനും ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ട് പേരും ആദിവാസികളായിരുന്നു. കറുത്ത നിറത്തിന്റെ പേരില്‍ ആള്‍ക്കൂട്ട വിചാരണക്ക് വിധേയരായവര്‍. മോഷണക്കുറ്റം ചുമത്തിയാണ് പരിഷ്‌കൃതസമൂഹം ഇവരെ വേട്ടയാടിയത്. മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്നെങ്കില്‍ ആള്‍ക്കൂട്ടവിചാരണക്കിരയായി മാനഹാനി നേരിട്ട വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് പേരുടെയും മരണത്തിനുത്തരവാദികള്‍ ആദിവാസിയെ കണ്ടാല്‍ മുന്‍വിധിയോടെ അവരെ അപരാധികളാക്കുന്ന സമൂഹം തന്നെയാണ്.
കറുത്ത നിറത്തെ കുറ്റകൃത്യത്തിന്റെ അടയാളമായി കാണുന്ന നീചമായ സവര്‍ണബോധം ഇന്നും സമൂഹത്തില്‍ പുതിയ ഇരകളെ കാത്തിരിക്കുകയാണ്. 2018ലാണ് മധുവിന്റെ ജീവന്‍ പരിഷ്‌കൃതന്റെ കുടിലവും കപടവുമായ സദാചാരബോധം കവര്‍ന്നെടുത്തതെങ്കില്‍ 2023ല്‍ വിശ്വനാഥന്റെ മരണത്തിനും കാരണം ഇതുതന്നെയായിരുന്നു. മോഷണമോ കൊലപാതകമോ മറ്റ് കുറ്റകൃത്യങ്ങളോ നടന്നാല്‍ അവിടെ മുന്‍വിധിയായി വരുന്നത് ആളുകളുടെ നിറവും ജീവിതപശ്ചാത്തലവും ആദിവാസി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആണോ എന്ന പരിശോധനയുമായിരിക്കും. രണ്ടാഴ്ച മുമ്പാണ് ആള്‍ക്കൂട്ട വിചാരണ നേരിട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് കല്‍പ്പറ്റ സ്വദേശി വിശ്വനാഥന്‍ തൂങ്ങിമരിച്ച സംഭവമുണ്ടായത്. ഭാര്യയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നതായിരുന്നു വിശ്വനാഥന്‍. ഇതിനിടെ മോഷണക്കുറ്റം ചുമത്തി വിശ്വനാഥനെ ആള്‍ക്കൂട്ടം തടഞ്ഞുവെച്ച് മര്‍ദിച്ചിരുന്നു. പിന്നീടാണ് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
വിശ്വനാഥനെ മര്‍ദിച്ചുകൊന്നതാണെന്ന് വിശ്വനാഥന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ മര്‍ദനമല്ല വിശ്വനാഥന്റെ മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇതോടെയാണ് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചത്. സമൂഹമധ്യത്തില്‍ അത്രമാത്രം അപമാനിതനും നിന്ദിതനും ആയതുകൊണ്ടാണ് വിശ്വനാഥന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. കറുത്ത നിറമുള്ള ആദിവാസി എന്നതുകൊണ്ട് മാത്രമാണ് ഈ യുവാവിന്റെ ആത്മാഭിമാനത്തിന് നേരെ നീചമായ അപമാനഭാരം സദാചാരവക്താക്കള്‍ കെട്ടിവെച്ചത്. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം ഇന്നും മനസ്സാക്ഷിയുള്ളവരുടെ മനസ്സില്‍ വേദനിപ്പിക്കുന്ന ഓര്‍മയാണ്. മധു കൊല ചെയ്യപ്പെട്ടിട്ട് അഞ്ച് വര്‍ഷം തികഞ്ഞിരിക്കുന്നു. 2018 ഫെബ്രുവരി 22ന് കടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ മധു പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ കേസില്‍ പല സാക്ഷികളും കൂറുമാറിയിരിക്കുന്നു. പണവും സ്വാധീനവുമില്ലാത്തവരായതുകൊണ്ടാകണം മധുവിന്റെ കുടുംബത്തോട് അധികാര കേന്ദ്രങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും താത്പര്യമില്ല. കൊല്ലപ്പെട്ടത് ആദിവാസിയായതുകൊണ്ട് ജീവന് വലിയ വില കല്‍പ്പിക്കാത്ത പൊതുമനോഭാവം നിയമവ്യവഹാരങ്ങളില്‍ പോലും പ്രതിലോമകരമായ സ്വാധീനമാണ് ചെലുത്തുന്നത്. ഇക്കാരണത്താല്‍ മധുവിന്റെ ഘാതകര്‍ ശിക്ഷിക്കപ്പെടാതെ പോകുമോ എന്ന ആശങ്ക മനസ്സാക്ഷിക്ക് വില കല്‍പ്പിക്കുന്ന വിലിയ വിഭാഗം ജനങ്ങള്‍ക്കുണ്ട്.
ഇതേ അവസ്ഥ തന്നെയാകുമോ വിശ്വനാഥന്‍ കേസിലും ഉണ്ടാവുകയെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവരികയാണ്. പട്ടികജാതിക്കാരനായ യുവാവിനെയും മകളെയും മോഷണക്കുറ്റം ചുമത്തി ഒരു പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം നടന്നതും നമ്മുടെ നാട്ടില്‍ തന്നെയാണ്.
രണ്ട് വര്‍ഷം മുമ്പ് കൊച്ചി ആറ്റിങ്ങലിലാണത്. ആളുകള്‍ നോക്കി നില്‍ക്കെയാണ് തന്റെ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പോലീസുകാരി ദളിത് യുവാവിനെയും മകളെയും പരസ്യവിചാരണ നടത്തിയത്. പിന്നീട് ഫോണ്‍ പോലീസുകാരിക്ക് ലഭിക്കുകയും ചെയ്തു. ഫോണ്‍ ആരും മോഷ്ടിച്ചിരുന്നില്ല. ഫോണ്‍ താന്‍ വെച്ച സ്ഥലം ആ സ്ത്രീ മറന്നുപോയതായിരുന്നു. ഇതിന്റെ പേരിലാണ് പിതാവിനെയും പിഞ്ചുമകളെയും മോഷ്ടാക്കളാക്കിക്കൊണ്ടുള്ള പോലീസുകാരിയുടെ പ്രകടനം നടന്നത്. അപമാനിതനായ പിതാവ് നിയമനടപടികളുമായി മുന്നോട്ടുപോയതോടെ പോലീസുകാരിക്ക് നിരുപാധികം മാപ്പപേക്ഷിക്കേണ്ടിവന്നു. നിറം കറുത്തതാണെങ്കില്‍, ആ നിറത്തിനുടമ ആദിവാസിയാണെങ്കില്‍ കുറ്റകൃത്യം നടത്തുമെന്ന മുന്‍വിധി പൊതുസമൂഹത്തിന്റെ സ്വഭാവ സവിശേഷതയാണ്.
ആദിവാസികളെയും പട്ടികജാതി- വര്‍ഗ വിഭാഗക്കാരെയും ഉപദ്രവിച്ചാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ധാരണ പൊതുവെയുണ്ട്. നിരക്ഷരരും ദരിദ്രരും കൂടുതലുള്ളത് ഈ വിഭാഗങ്ങളിലായതിനാല്‍ ഇവരെ ചതിയില്‍പ്പെടുത്തുകയും വഞ്ചിക്കുകയും വഴിയാധാരമാക്കുകയും ചൂഷണത്തിന് ഇരകളാക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്.
കേരളത്തില്‍ പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 1,257 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരകളായതെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 1,082 പേര്‍ പട്ടികജാതിവിഭാഗത്തിലും 175 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതി- വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അതിക്രമത്തിനിരകളായവരെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൊലപാതക കേസുകളാണ്. ഗുരുതരമായി അക്രമിക്കപ്പെട്ടത് 104 പേരാണ്.
മറ്റ് വിഭാഗങ്ങളിലായി 872 കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി- ഗോത്രവര്‍ഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയല്‍ വകുപ്പ് പ്രകാരം 24 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2022ല്‍ സംസ്ഥാനത്ത് 244 പട്ടികജാതി- വര്‍ഗ വിഭാഗക്കാരാണ് പീഡനത്തിനിരയായത്. എറ്റവും കൂടുതല്‍ പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 47 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2011ലെ കാനേഷുമാരി കണക്കുപ്രകാരം സംസ്ഥാനത്തെ പട്ടികജാതി ജനസംഖ്യ 30,39,573 ആണ്. ഇത് സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.1 ശതമാനമാണ് വരുന്നത്. 4,84,839 ആണ് പട്ടികവര്‍ഗക്കാരുടെ ജനസംഖ്യ. സംസ്ഥാന ജനസംഖ്യയുടെ 1.45 ശതമാനമാണിത്.
ആദിവാസികള്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് പ്രധാന കാരണം ഇവിടത്തെ നിയമവ്യവസ്ഥയുടെ ദൗര്‍ബല്യം തന്നെയാണ്. പട്ടികജാതി- വര്‍ഗക്കാര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുന്ന നിയമവ്യവസ്ഥ രാജ്യത്തുണ്ട്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍ ഗുരുതരവീഴ്ചയാണ് സംഭവിക്കുന്നത്. ഭൂരിഭാഗം ആദിവാസി കുടുംബങ്ങളും നിസ്സഹായമായ ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവരാണ്. അന്നന്ന് പട്ടിണി കൂടാതെ കഴിഞ്ഞുകൂടാനുള്ള വക കണ്ടെത്തുകയെന്നതില്‍ കവിഞ്ഞ് വലിയ സ്വപ്നങ്ങളൊന്നും അവര്‍ക്കില്ല. പല തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളാകുമ്പോഴും ഇവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ പരിഷ്‌കൃതസമൂഹത്തിന് സാധിക്കുന്നു. ആദിവാസികള്‍ ഇരകളാക്കപ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടാനാണ് ഇടവരുത്തുന്നത്. മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് ആദിവാസികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും ഇവരുടെ ശബ്ദം ദുര്‍ബലമാണ്. മറുപക്ഷത്ത് രാഷ്ട്രീയത്തിലും സമൂഹത്തിലും അധികാരതലങ്ങളിലുമൊക്കെ പിടിപാടുള്ളവരാണുള്ളത്. ആദിവാസി സംരക്ഷണത്തിനുള്ള വകുപ്പുകളൊക്കെ നിയമവ്യവസ്ഥക്കകത്ത് സുഷുപ്തിയിലാണ്. ഈ വകുപ്പുകള്‍ ശിക്ഷയായി പരിണമിക്കാതിരിക്കാനുള്ള അവിഹിത ഇടപെടലുകള്‍ നടത്തുന്നവര്‍ അതിശക്തരാണ്. ആദിവാസികളെ സാമൂഹിക മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന സമീപനങ്ങള്‍ തന്നെയാണ് ഇന്നും പൊതുസമൂഹം സ്വീകരിച്ചുവരുന്നത്. എന്തൊക്കെ ആദിവാസി പ്രേമം പുറമേക്ക് പ്രകടിപ്പിച്ചാലും അവരെ മനുഷ്യരായി കാണാന്‍ സാധിക്കാത്ത മാനസികാവസ്ഥക്ക് മാറ്റം വരുന്നില്ല. എന്നാണ് സമൂഹം ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനം നടത്തുകയെന്നതിനെക്കുറിച്ചും വ്യക്തതയില്ല.
ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ കര്‍ശനമായി തടയുന്നതിനൊപ്പം ഇവര്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്ന വിധത്തിലാണ് നിയമസംവിധാനം ശക്തമാകേണ്ടത്. കുറ്റവാളികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ ഭേദഗതികളിലൂടെ നിയമം കുറേക്കൂടി കര്‍ശനമാക്കണം.
source https://www.sirajlive.com/attitudes-that-take-life.html
Post a Comment