ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ ഗസ്നവി ഫോഴ്സിനെയും ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ച് കേന്ദ്രം. പഞ്ചാബ് നിവാസിയായ ഹര്‍വീന്ദര്‍ സിംഗ് സന്ധു എന്ന റിന്‍ഡയെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ലശ്കറെ ത്വയ്യിബ, ജെയ്ഷ്വ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുടെ കേഡര്‍മാരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചതാണ് ജമ്മു കശ്മീര്‍ ഗസ്‌നവി ഫോഴ്‌സ്. നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍, മയക്കുമരുന്ന്-ആയുധ കടത്ത്, സുരക്ഷാ സേനക്ക് നേരെയുള്ള ഭീഷണികള്‍ എന്നിവയില്‍ ഗസ്‌നവി ഫോഴ്‌സ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങളെ ഇന്ത്യക്കെതിരായ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനായി ഗ്രൂപ്പ് വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. രാജ്യത്ത് വിവിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പഞ്ചാബില്‍ വിഘടനവാദം വളര്‍ത്തുന്നതായി ആരോപിച്ചാണ് ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെ നിരോധിച്ചത്.
2021-ല്‍ പഞ്ചാബ് പോലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന നിലയിലാണ് ഹര്‍വീന്ദര്‍ സിംഗ് സന്ധുവിനെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൊലപാതകം, കൊലപാതക ശ്രമങ്ങള്‍, കവര്‍ച്ച തുടങ്ങി വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ തീവ്രവാദിയായി പ്രഖ്യാപിക്കുന്ന 54-ാമത്തെ വ്യക്തിയാണ് ഹര്‍വീന്ദര്‍ സിംഗ് സന്ധു.
source https://www.sirajlive.com/jammu-and-kashmir-ghaznavi-sena-has-been-banned-under-the-anti-terrorism-act.html
Post a Comment