കെ എസ് ആര്‍ ടി സി; വരുമാനത്തിനനുസരിച്ച് ശമ്പളം: ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളമെന്ന സി എം ഡിയുടെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ വിളിച്ച തൊഴിലാളി യൂനിയനുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ടാര്‍ഗറ്റ് ഏര്‍പ്പെടുത്താനുള്ള സി എം ഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം സി ഐ ടി യു ഉള്‍പ്പെടെയുള്ള ഭരണപ്രതിപക്ഷ തൊഴിലാളി യൂനിയനുകള്‍ തള്ളിയതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

മറ്റ് സര്‍വീസ് മേഖലകളെ പോലെ കെ എസ് ആര്‍ ടി സിയേയും പരിഗണിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം, ടാര്‍ഗറ്റ് നിലപാടില്‍ ഉറച്ചുനിന്ന സി എം ഡി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മറുപടി നല്‍കി. എന്നാല്‍, ആലോചിക്കാന്‍ ഒന്നുമില്ലെന്നായിരുന്നു തൊഴിലാളി യൂനിയനുകളുടെ നിലപാട്.

സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം നല്‍കാനാകില്ലെന്നും ടാര്‍ഗറ്റ് ഏര്‍പ്പെടുത്താതെ മറ്റ് വഴിയില്ലെന്നുമായിരുന്നു മാനേജ്‌മെന്റ് വാദം. സിംഗിള്‍ ഡ്യൂട്ടി ലാഭകരമായ റൂട്ടുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയ ഡിപ്പോകളിലെ വരവ്- ചെലവ് കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും സി ഐ ടി യു ആവശ്യപ്പെട്ടു.

ശമ്പളം കൃത്യമായി നല്‍കുക, ടാര്‍ഗറ്റ് നിര്‍ദ്ദേശം പിന്‍വലിക്കുക തുടങ്ങിയ വിഷയങ്ങളില്‍ തിരുവനന്തപുരം കെ എസ് ആര്‍ ടി സി ചീഫ് ഓഫീസിന് മുന്നില്‍ ഈ മാസം 28ന്‌ സി ഐ ടി യു സമരം പ്രഖ്യാപിച്ചു. മാനേജ്‌മെന്റിന്റെ ഈ നിര്‍ദേശത്തെയും നീക്കത്തെയും തള്ളിക്കളയുകയാണെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ലെന്നും സി ഐ ടി യു ജനറല്‍ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.

പ്രതിപക്ഷ യൂനിയനുകളും സമാന നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത സമ്പ്രദായമാണ് മാനേജ്‌മെന്റ് നടപ്പിലാക്കുമെന്ന് പറയുന്നതെന്ന് ടി ഡി എഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സന്റ് എം എല്‍ എ പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചക്ക് പോലും തയ്യാറല്ലെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വരുമാനത്തില്‍ ടാര്‍ഗറ്റ് നിശ്ചയിച്ച് ശമ്പളം നല്‍കാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് സി എം ഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയത്. ടാര്‍ഗറ്റ് അടിസ്ഥാനത്തില്‍ വരുമാനം കണക്കാക്കി ശമ്പളം നല്‍കാനാണ് പുതിയ നീക്കം.

 



source https://www.sirajlive.com/ksrtc-salary-according-to-earnings-the-discussion-broke-up-without-a-decision.html

Post a Comment

أحدث أقدم