‘ഇന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തമായ ഒന്നാണ് സുപ്രീം കോടതി. ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് അതിന്റെ കടമ. രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിയെന്ന പേരിലൊരു സംവിധാനം നമ്മള്‍ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. എന്നാല്‍, ഇന്ത്യയെ എതിര്‍ക്കുന്നവര്‍ക്ക് വഴിയൊരുക്കാനുള്ള ശ്രമങ്ങളുടെ ഉപകരണമായി അത് ഉപയോഗിക്കപ്പെടുകയാണ്’ – രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ മുഖമാസികയായ ‘പാഞ്ചജന്യ’യില്‍ പത്രാധിപര്‍ ഹിതേഷ് ശങ്കര്‍ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ രചിച്ച മുഖപ്രസംഗത്തിലെ ഏതാനും വാചകങ്ങളുടെ ഏകദേശ മലയാള രൂപമാണിത്.
ഗുജറാത്ത് വംശഹത്യാ ശ്രമത്തില്‍ അക്കാലം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തേ മുതലുള്ളതാണ്. ആരോപിക്കപ്പെടുന്ന പങ്കിനെക്കുറിച്ച് പലനിലക്കുള്ള അന്വേഷണങ്ങള്‍ നടക്കുകയും അവയുടെ റിപോര്‍ട്ടുകളെല്ലാം തെളിവില്ലെന്ന കാരണത്താല്‍ നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ആയത് പല തലങ്ങളിലുള്ള ന്യായാസനങ്ങള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. അതങ്ങനെയായിരിക്കെയാണ് ഗുജറാത്ത് വംശഹത്യാ ശ്രമത്തിലെ നരേന്ദ്ര മോദിയുടെ പങ്ക് വിഷയമാക്കി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (ബി ബി സി) ഡോക്യുമെന്ററി തയ്യാറാക്കി രണ്ട് ഖണ്ഡമായി സംപ്രേഷണം ചെയ്തത്. നീതിന്യായ സംവിധാനത്തിന്റെ പരിശോധനയിലൂടെ നിരപരാധിത്വം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുള്ള, 2014 മുതല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിക്കുന്ന നരേന്ദ്ര മോദിയെയും അതുവഴി അദ്ദേഹത്തിന്റെ പ്രസ്ഥാന പരിവാരത്തെയും തദ്വാരാ രാജ്യത്തെത്തന്നെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢശ്രമമാണിതെന്നാണ് സംഘ്പരിവാരത്തിന്റെ അഭിപ്രായം. ആ ശ്രമത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ ‘രാജ്യസ്‌നേഹി’കളായ ജനം തള്ളിക്കളഞ്ഞോളുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഡോക്യുമെന്ററി ആളുകള്‍ക്ക് കാണാന്‍ സഹായകമാകുന്ന സകല ചരടുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഭിപ്രായ പ്രകടന സ്വാതന്ത്ര്യമുള്ള, ഇന്റര്‍നെറ്റ് മൗലികാവകാശമായ രാജ്യത്ത് ഇവ്വിധമുള്ള നടപടികള്‍ പാടുണ്ടോ എന്ന് ചോദിച്ച് ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ ഹരജി ഫയലില്‍ സ്വീകരിച്ച് കേന്ദ്ര സര്‍ക്കാറിന് നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ്, രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച്, രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി ഇങ്ങനെ പെരുമാറാമോ എന്ന ചോദ്യം ആര്‍ എസ് എസ് ഉന്നയിക്കുന്നത്.
2014ന് ശേഷം രാജ്യം മാറിയത് അറിയാതെയാണോ പരമോന്നത നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്നാണ് ആര്‍ എസ് എസിന്റെ ചോദ്യം. 2014ന് ശേഷം രാജ്യമെന്നാല്‍ ഭരണകൂടവും ഭരണകൂടമെന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന പ്രധാന സേവകനുമാണ്. പ്രധാനസേവകനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടായാല്‍ അത് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തലാണ്. അതുണ്ടാകാതെ നോക്കേണ്ടത് രാജ്യസ്‌നേഹികളായ എല്ലാവരുടെയും കര്‍ത്തവ്യവും. പ്രധാന സേവകനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം മുളയിലേ നുള്ളാന്‍ പാകത്തില്‍ നടപടികളെടുത്തത് ചോദ്യം ചെയ്ത് സമര്‍പ്പിക്കുന്ന ഹരജികള്‍ രജിസ്ട്രിയുടെ പടികടക്കുമ്പോള്‍ തന്നെ തള്ളിക്കളയുക എന്നതാണ് പൗരന്‍മാരുടെ നികുതിപ്പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനത്തിന്റെ ചുമതല. അതിന് പകരം, നീതി നടപ്പാക്കപ്പെടുന്നുവെന്ന പ്രതീതി ജനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാറിന് നോട്ടീസയച്ച്, ചെറിയ കാലയളവിലേക്കെങ്കിലും സംഗതിയിലൊരു ഗൗരവമുണ്ടെന്ന തോന്നലുണ്ടാക്കുന്നത് സഹിക്കാവതല്ല തന്നെ.
പ്രവര്‍ത്തന രീതിയെക്കുറിച്ച് സന്ദേഹമെന്തെങ്കിലുമുണ്ടെങ്കില്‍ 2014 മുതലിങ്ങോട്ടുള്ള നീതിനിര്‍വഹണ ചരിത്രത്തിന്റെ സംഗ്രഹമൊന്ന് പരിശോധിച്ചാല്‍ മതിയാകും. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങി, സ്വാതന്ത്ര്യാനന്തരം കനപ്പെടുത്തിയെടുത്ത ബാബരി മസ്ജിദ് നിലനിന്ന ഭൂമിയെക്കുറിച്ചുള്ള തര്‍ക്കം പരിഹരിച്ചത് ഇതേ കോടതിയാണ്. അടിയാധാരത്തെക്കുറിച്ചുള്ള തര്‍ക്കം വിശ്വാസത്തെ അധികരിച്ച് തീര്‍ക്കുകയും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. സമാനതകള്‍ ചൂണ്ടിക്കാട്ടുക പ്രയാസമായ വിധിന്യായത്തിലേക്ക് വഴിതുറന്ന ന്യായാധിപരില്‍ ചിലരെങ്കിലും പില്‍ക്കാലത്ത് അര്‍ഹമായ വിധത്തില്‍ അംഗീകരിക്കപ്പെട്ടതും ചരിത്രം.
ദ്രുതഗതിയില്‍ പരിഷ്‌കരിക്കപ്പെട്ട റാഫേല്‍ യുദ്ധവിമാനക്കരാര്‍ പലകാരണങ്ങളാല്‍ വ്യവഹാരവിഷയമാക്കപ്പെട്ടുവെങ്കിലും അന്വേഷണത്തിന് ഹേതുവായ യാതൊന്നും ചരിതത്തിലില്ലെന്ന് വിധിച്ചതും ഇത്തരുണത്തില്‍ ഓര്‍മിക്കേണ്ടതാണ്. ദീര്‍ഘകാലമായി കോടതി മുമ്പാകെ പൊടിപിടിച്ചുകിടന്ന അസമിലെ പൗരത്വ രജിസ്റ്റര്‍ നിര്‍മാണക്കേസ്, സവിശേഷ ശ്രദ്ധനല്‍കി പിന്തുടര്‍ന്ന് വിധിയിലേക്കും പൗരത്വ നിയമത്തിന്റെ ഭേദഗതിയിലേക്കും നയിച്ചതില്‍ പ്രധാന പങ്കുവഹിച്ച ന്യായാധിപ മാതൃകയും മുന്നിലുണ്ട്. സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ എതിരാളികളുടെ കേസുകളില്‍ ഭരണകൂടത്തിന് ഗുണകരമായ വിധികള്‍ മാത്രം പുറപ്പെടുവിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, വ്യവസായത്തിലെ പങ്കാളിയുടെ കാര്യത്തില്‍ എല്ലാ കേസിലും അദാനിക്ക് തുണയെന്ന വായ്ത്താരി പാടിയത് മറ്റൊരു ഉദാത്ത മാതൃകയാണ്.
അത്രക്ക് പരതാന്‍ പ്രയാസമെങ്കില്‍, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനെടുത്ത തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളിന്‍മേലുണ്ടായ ഭൂരിപക്ഷ വിധി പരിശോധിക്കാവതേയുള്ളൂ. ചോദിച്ച രേഖകളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചില്ലെന്നത് സ്വന്തം അധികാരാവകാശത്തെ മാനിക്കാത്തതിന് തെളിവായി കാണാതിരിക്കാനുള്ള വിശാല മനസ്‌കത കാണിച്ചു പരമോന്നത കോടതി. ഇതൊന്നും വേണ്ട, കാശിയിലെയും വാരാണസിയിലെയും മസ്ജിദുകള്‍ക്ക് മേല്‍ അവകാശമുന്നയിച്ചുള്ള ഹരജികള്‍ വന്നപ്പോള്‍, രാജ്യം സ്വതന്ത്രമായപ്പോള്‍ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് വിലക്കി 1991ല്‍ കൊണ്ടുവന്ന നിയമം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടല്ലോ എന്നത് പോലുമോര്‍ക്കാതെ, വ്യവഹാരം തുടരട്ടെ എന്ന് നിശ്ചയിച്ചത് കണക്കിലെടുക്കാം.
ഇതൊക്കെയാണ് പുതിയ കാലത്ത്, രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ നീതിനിര്‍വഹണം. അത് മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുകയെന്നാല്‍ ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വത്തില്‍ നിന്നുള്ള വ്യതിചലനമല്ലാതെ മറ്റൊന്നല്ല! അത് വെച്ചുപൊറുപ്പിക്കുക രാജ്യസ്‌നേഹികള്‍ക്ക് സാധ്യവുമല്ല. ബി ബി സിയുടെ ഡോക്യുമെന്ററിയുടെ ചരടുകളൊക്കെ നിരോധിച്ചത് ചോദ്യംചെയ്തുള്ള ഹരജിയില്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചപ്പോള്‍ ഈ രാജ്യസ്‌നേഹത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് പരമോന്നത കോടതി ചെയ്തതെന്ന് ‘സ്‌നേഹബുദ്ധ്യാ’ ഓര്‍മിപ്പിക്കുകയാണ് ആര്‍ എസ് എസ്.
ഭരണകൂട നിശ്ചയങ്ങളെ, അതില്‍ ആരോപിക്കപ്പെട്ട വിദ്വേഷത്തിന്റെയും അഴിമതിയുടെയും അംശങ്ങളെ ഭരണഘടന നിര്‍ദേശിക്കും വിധത്തില്‍ പരിശോധിച്ചെന്ന് വരുത്തി തള്ളിക്കളഞ്ഞിരുന്ന കാലത്തെ ചരിതങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്ക്, ഇനിയങ്ങോട്ട് അത്തരം പരിശോധനകള്‍ പോലും ആവശ്യമില്ലെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആകയാല്‍ പുതിയകാലത്ത്, കേന്ദ്ര സര്‍ക്കാറിന് നോട്ടീസയക്കുന്നത് ഇന്ത്യക്ക് വേണ്ടി നിര്‍മിച്ച നിയമങ്ങളനുസരിച്ചുള്ള പ്രവര്‍ത്തനമല്ലെന്ന് പരമോന്നത കോടതിയെ ബോധ്യപ്പെടുത്തുക എന്ന രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ പ്രവൃത്തി ചെയ്യുകയാണ് ആര്‍ എസ് എസ്. ഭരണകൂടത്തെയും അതിന് നേതൃത്വം നല്‍കുന്നവരെയും അതുവഴി രാജ്യത്തെത്തന്നെയും നിയന്ത്രിക്കുന്നത് ആര്‍ എസ് എസാണെന്ന് ബോധ്യപ്പെട്ട് അവരുമായാണ് ചര്‍ച്ച നടത്തേണ്ടത് എന്ന് പലര്‍ക്കും പകല്‍ പോലെ വ്യക്തമായ സാഹചര്യത്തില്‍ ഔദ്യോഗിക ഭാഷയിലെഴുതിയ മുഖപ്രസംഗം ചുവരെഴുത്ത് പോലെ പരമോന്നത കോടതിക്കും ബോധ്യപ്പെടുമെന്ന് ആര്‍ എസ് എസ് പ്രതീക്ഷിക്കുന്നതില്‍ അത്ഭുതമേതുമില്ല തന്നെ.
source https://www.sirajlive.com/rss-reminds-nyayasana.html
Post a Comment