നികുതി കുടിശ്ശികയും സി എ ജി റിപോര്‍ട്ടും

ബജറ്റിലെ കനത്ത നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് രൂക്ഷമായ പ്രതിഷേധം തുടരവെ സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് നികുതി പിരിവ് സംബന്ധിച്ച് സി എ ജി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപോര്‍ട്ട്. കുടിശ്ശിക പിരിക്കുന്നതില്‍ ധനവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായും 12 വകുപ്പുകളില്‍ നിന്നായി 21,797.86 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 7100.32 കോടി അഞ്ച് വര്‍ഷമായി തുടര്‍ന്നു വരുന്ന കുടിശ്ശികയാണ്. തെറ്റായ നികുതി പിരിവ് കാരണം 18.57 കോടിയുടെ നഷ്ടവും യോഗ്യത ഇല്ലാത്ത ക്ലെയിം ഇളവ് ചെയ്തു നല്‍കിയതില്‍ 11.09 കോടിയുടെ നഷ്ടവുമുണ്ടായി. ജി എസ് ടി വകുപ്പിനു കീഴിലെ തിരഞ്ഞെടുത്ത ചില ഓഫീസുകളില്‍ പരിശോധന നടത്തിയപ്പോള്‍ 471 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തി. ബജറ്റ് പ്രഖ്യാപനത്തിലെ നികുതിയേതര വരുമാനത്തില്‍ പകുതി മാത്രമാണ് സമാഹരിക്കാനായതെന്നും 2019-2021 കാലയളവിലെ റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട റിപോര്‍ട്ടില്‍ പറയുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തെ നികുതി പിരിവിലെ വീഴ്ച ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പഠനത്തിലും കണ്ടെത്തിയിരുന്നു.

പിരിഞ്ഞു കിട്ടാനുള്ള 21,797.86 കോടിയുടെ കുടിശ്ശികയില്‍ 6,422.49 കോടി സര്‍ക്കാറില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ബാക്കി നില്‍ക്കുന്നതാണ്. സംസ്ഥാനത്തിന്റെ ആകെ റവന്യൂ വരുമാനത്തിന്റെ 22.33 ശതമാനമാണ് മൊത്തം കുടിശ്ശിക. പിരിച്ചെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രമിക്കുന്നില്ലെന്നും പിരിച്ചെടുക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കുടിശ്ശികയുടെ കാര്യക്ഷമമായ നിരീക്ഷണത്തിനും തുടര്‍ നടപടിക്കുമായി വകുപ്പുകളില്‍ ബാക്കിനില്‍ക്കുന്ന കുടിശ്ശികയുടെ ഡാറ്റാബേസ് തയ്യാറാക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു സി എ ജി.
അതേസമയം സി എ ജി ചൂണ്ടിക്കാട്ടിയ മിക്ക നികുതി കുടിശ്ശികകള്‍ക്കും കാരണം കേസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വീഴ്ചയുമാണെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പ്രതികരിച്ചു. നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ നിയമഭേദഗതി ആവശ്യമാണെന്നും ധനമന്ത്രി പറയുന്നു. പൊതുമാപ്പ് പദ്ധതി നടപ്പാക്കിയതും കൊവിഡും കാരണം വരുമാനത്തില്‍ വലിയ ഇടിവുണ്ടായെന്നാണ് ജി എസ് ടി വകുപ്പ് സി എ ജിക്കു നല്‍കിയ വിശദീകരണം. എന്നാല്‍ കൊവിഡിനു മുമ്പേ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമായി തുടങ്ങിയിരുന്നതായി 2021 ആഗസ്റ്റ് 12ന് നിയമസഭയുടെ മേശപ്പുറത്ത് വെച്ച 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ പ്രഥമ സി എ ജി റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അതുകൊണ്ട് സര്‍ക്കാറിന് ഇക്കാര്യത്തില്‍ കൊവിഡിനെ പഴി ചാരി രക്ഷപ്പെടാനാകില്ല.
നികുതി പിരിവിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഉദാസീനതയുടെയും കൊള്ളരുതായ്മയുടെയും ഭാരം പൊതുജനത്തിന്റെ പിരടിയിലാണ് ബജറ്റില്‍ ധനമന്ത്രി അടിച്ചേല്‍പ്പിച്ചത്. 2,955 കോടി രൂപയാണ് പുതിയ നികുതി നിര്‍ദേശത്തിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന്റെ മൂന്ന് മടങ്ങ് വരും നികുതി കുടിശ്ശിക. വന്‍കിടക്കാരില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമാണ് കുടിശ്ശികയില്‍ സിംഹ ഭാഗവും. നികുതി പിരിവ് ഊര്‍ജിതമാക്കി കുടിശ്ശിക പിരിച്ചെടുത്തിരുന്നുവെങ്കില്‍ പുതിയ നികുതികള്‍ ഒഴിവാക്കാമായിരുന്നു. പലപ്പോഴും വന്‍കിടക്കാരും ഭരണകൂടവും തമ്മിലുള്ള ചങ്ങാത്തവും അടുപ്പവുമാണ് കുടിശ്ശിക പിരിവിലെ അപാകതയുടെയും പിരിവ് ലക്ഷ്യം കാണാത്തതിന്റെയും കാരണം. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇടപെടലില്‍ വന്‍കിടക്കാര്‍ക്ക് നികുതി സംഖ്യയില്‍ വന്‍തോതില്‍ ഇളവ് ലഭിച്ച സംഭവങ്ങള്‍ നിരവധിയാണ്.

സാധാരണക്കാരും ഇടത്തരക്കാരും നികുതിയടവ് ഏറെക്കുറെ കൃത്യമായി നിര്‍വഹിക്കുമ്പോള്‍ വന്‍കിടക്കാരും അതിസമ്പന്നരും അടവില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഊരി രക്ഷപ്പെടുന്ന സ്ഥിതിയാണ് പൊതുവെ. നികുതി സംഖ്യ പരമാവധി കുറക്കുന്നതിന്, സമ്പന്നര്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അവരുടെ വരുമാനം വളരെ കുറച്ചു മാത്രമാണ് കാണിക്കുന്നതെന്ന് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് (ഡി എസ് ഇ) അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 7,600 കുടുംബങ്ങളുടെ സമ്പത്തും അവര്‍ വെളിപ്പെടുത്തുന്ന വരുമാനവും വിശകലനം ചെയ്ത് നടത്തിയ പഠനത്തില്‍ ഉയര്‍ന്ന വരുമാനമുള്ള അഞ്ച് ശതമാനം കുടുംബങ്ങള്‍ അവരുടെ സമ്പത്തിന്റെ നാല് ശതമാനത്തില്‍ താഴെ മാത്രമാണ് വെളിപ്പെടുത്തുന്നതെന്ന് കണ്ടെത്തി.

fഒാരോ വര്‍ഷത്തെയും നികുതി പിരിവിലൂടെ സമാഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്ന തുക കൂടി പരിഗണിച്ചാണ് ബജറ്റില്‍ റവന്യൂ വരുമാനം കണക്കു കൂട്ടുന്നത്. നികുതി പിരിവ് ഉഴപ്പിയാല്‍ ലക്ഷ്യം കൈവരിക്കാനാകാതെ വരികയും റവന്യൂ കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുകയും ചെയ്യും. 23,942 കോടി രൂപ റവന്യൂ കമ്മി കാണിക്കുന്ന ബജറ്റാണ് ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നികുതി പിരിവ് കാര്യക്ഷമമാകാത്തതാണ് കമ്മി ഇത്രയും ഉയരാന്‍ കാരണം. അടുത്ത സാമ്പത്തിക വര്‍ഷം നികുതി പിരിവ് ലക്ഷ്യം കണ്ടില്ലെങ്കില്‍ കമ്മി പിന്നെയും കൂടും. ഇത് പരിഹരിക്കാന്‍ ഒന്നുകില്‍ കേന്ദ്രം ഗ്രാന്റ് നല്‍കി സഹായിക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതിനഞ്ചാം ധനകമ്മീഷന്റെ ശിപാര്‍ശയില്‍ 4,391.33 കോടി രൂപ കേന്ദ്രം ഗ്രാന്റായി നല്‍കിയിരുന്നു. ഈ വര്‍ഷം ഗ്രാന്റ് ലഭിക്കുമോ എന്ന് പറയാനാകില്ല. ലഭിച്ചാല്‍ തന്നെ റവന്യൂ കമ്മിയുടെ ചെറിയൊരു ഭാഗം മാത്രമേ അതുകൊണ്ട് നികത്താനാകൂ. കടമെടുപ്പാണ് പിന്നീട് മാര്‍ഗം. കേരളത്തിന്റെ പൊതുകടം ഇതിനകം തന്നെ 3.90 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയാണിതെന്നാണ് റിസര്‍വ് ബേങ്കിന്റെ പഠന റിപോര്‍ട്ടില്‍ പറയുന്നത്. ഇത് കുറച്ചു കൊണ്ടുവരാന്‍ നികുതി പിരിവ് ഊര്‍ജിതമാക്കല്‍, ഭരണച്ചെലവും ധൂര്‍ത്തും കുറക്കല്‍ തുടങ്ങി കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. പ്രതിസന്ധിക്കെല്ലാം കേന്ദ്രത്തെ കുറ്റപ്പെടുത്തിയതു കൊണ്ടായില്ല. സംസ്ഥാന സര്‍ക്കാറിനുമുണ്ട് ഇക്കാര്യത്തില്‍ ഉത്തരവാദിത്വങ്ങള്‍.



source https://www.sirajlive.com/tax-arrears-and-cag-report.html

Post a Comment

Previous Post Next Post