വിവാദ ബൈപാസ്: ഫ്ലൈ ഓവറാണ് നല്ലതെന്ന ഇ ശ്രീധരന്റെ കത്ത് പുറത്തുവിട്ട് മുസ്‌ലിം ലീഗ്

ഒറ്റപ്പാലം |ഒറ്റപ്പാലത്തെ  ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസിനേക്കാള്‍ നല്ലത് ഫ്ലൈ ഓവറാണെന്നറിയിച്ചുള്ള മെട്രോമാന്‍ ഇ ശ്രീധരന്റെ കത്ത് പുറത്തുവിട്ട് മുസ്‌ലിം ലീഗ്. ജില്ലാ കലക്ടര്‍ക്കും നഗരസഭാ ചെയര്‍മാനും 2021 നവംബറില്‍ നല്‍കിയ കത്താണ് പത്രസമ്മേളനത്തില്‍ ലീഗ് പുറത്ത് വിട്ടത്.

വിവാദമായ ഒറ്റപ്പാലം ബൈപാസിന്റെ ഇതുവരെയുള്ള ഘട്ടങ്ങളിലൊന്നും പുറത്ത് വരാത്ത കത്താണ് ലീഗ് ഒറ്റപ്പാലം മുനിസിപ്പല്‍ കമ്മിറ്റി പുറത്തുവിട്ടിട്ടുള്ളത്. പ്രദേശത്തെ റെസിഡന്‍സ് അസ്സോസിയേഷനുകള്‍ സമീപിച്ചതിനെ തുടര്‍ന്നാണ് പഠനം നടത്തി ഇ ശ്രീധരന്‍ ജില്ലാ കലക്ടര്‍ക്കും നഗരസഭക്കും കത്ത് നല്‍കിയിരുന്നത്. സെന്‍ഗുപ്ത റോഡ് മുതല്‍ പാലാട്ട് റോഡ് വഴി, കിഴക്കേപാതയിലൂടെ വരുന്ന ബൈപാസ് പദ്ധതിയെ കുറിച്ച് അറിഞ്ഞെന്നും തുടര്‍ന്ന് നടത്തിയ പഠനത്തില്‍ പട്ടണത്തിലൂടെ മേല്‍പ്പാലമാണ് നല്ലതെന്നുമാണ് തന്റെ നിഗമനമെന്നുമാണ് കത്തില്‍ പറയുന്നത്.

പാലാരിവട്ടം മേല്‍പ്പാലം മാതൃകയിൽ ഇത് നിർമിക്കാമെന്നും പറയുന്നുണ്ട്. 500 മീറ്റര്‍ നീളവും 15.6 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലം ഒറ്റപ്പാലത്ത് നിര്‍മിക്കാനാകും. പാലത്തില്‍ ഓരോ വശം റോഡിനും ഏഴ് മീറ്റര്‍ വീതിയുണ്ടാകും. നടപ്പാതയിലെ കൈയേറ്റങ്ങള്‍ നീക്കം ചെയ്താല്‍ മേല്‍പ്പാലത്തിന് താഴെ 23 മീറ്റര്‍ വീതിയുള്ള റോഡ് ലഭിക്കും. റോഡിന്റെ മധ്യത്തില്‍ മൂന്ന് മീറ്റര്‍ വീതിയുള്ള തൂണുകള്‍ സ്ഥാപിക്കാം. ആകെ 70 കോടി രൂപ ചെലവ് വരുന്ന പദ്ധതി 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാം. സ്ഥലമേറ്റെടുക്കാതെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും കൂടുതല്‍ പഠനം നടത്തി വിദഗ്‌ധ ഉപദേശം നല്‍കാന്‍ സന്നദ്ധനാണെന്നുമറിയിച്ചുമുള്ള കത്താണ് നല്‍കിയിരുന്നത്.

ഈ കത്ത് ഭരണസമിതി ഇതുവരെ പുറത്തുവിട്ടിരുന്നില്ല. നിര്‍ദിഷ്ട ബൈപാസ് പദ്ധതി പാഴ്‌ചെലവാണെന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ബൈപാസല്ല മേല്‍പ്പാലമാണ് വേണ്ടതെന്നാവശ്യമുന്നയിച്ച് പാലപ്പുറത്ത് നിന്ന് കണ്ണിയംപുറം വരെ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും പ്രസിഡന്റ് പി എം എ ജലീല്‍, പി പി മുഹമ്മദ് കാസിം, പി ഹനീഫ, കെ ഉമ്മര്‍ ഫാറൂഖ് പറഞ്ഞു.



source https://www.sirajlive.com/controversial-bypass-muslim-league-released-e-sreedharan-39-s-letter-saying-flyover-is-better.html

Post a Comment

Previous Post Next Post