കോഴിക്കോട് | സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ മാത്രം പാർട്ടി നേതൃത്വത്തിൽ കൊണ്ടുവരാൻ മുസ്‌ലിം ലീഗ് നീക്കം. മതസംഘടനക്ക് പ്രാമുഖ്യം നൽകുന്നവരെ സുപ്രധാന പദവികളിൽ നിന്ന് മാറ്റിനിർത്തുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ പാർട്ടി കീഴ്ഘടകങ്ങൾക്ക് ലഭിച്ചതായാണ് വിവരം.
അംഗത്വാടിസ്ഥാനത്തിലുള്ള പാർട്ടിയുടെ പുനഃസംഘടന താഴെത്തട്ട് മുതൽ നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്ത്തല കമ്മിറ്റികൾ ഏറക്കുറേ നിലവിൽ വന്നു കഴിഞ്ഞു. നിയോജകമണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
വിവിധ തട്ടുകളിലായി നടക്കുന്ന ഈ പുനഃസംഘടനയിൽ ലീഗിന് ഒന്നാം സ്ഥാനം നൽകാത്തവരെ ഒഴിവാക്കണമെന്നാണ് നിർദേശമുള്ളത്. അതേസമയം, മുജാഹിദ് വിഭാഗങ്ങൾക്ക് താഴെത്തട്ട് മുതൽ പ്രാതിനിധ്യം നൽകണമെന്നും നിർദേശമുണ്ട്. ഇത് മുജാഹിദ് വിഭാഗങ്ങളെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ വിലയിരുത്തൽ. പുതുതായി നിലവിൽ വന്ന പഞ്ചായത്ത് കമ്മിറ്റികൾ ഈ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണെന്നാണ് പറയുന്നത്.
ലീഗിലും മതസംഘടനയിലും ഒന്നിച്ച് പ്രവർത്തിക്കുന്ന നിരവധി പേരുണ്ട്. ലീഗും മതസംഘടനയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ ഇവരിൽ പലരും മതസംഘടനക്ക് മുൻതൂക്കം നൽകുന്നുവെന്നാണ് വിമർശം. ഇത് പാർട്ടിയെന്ന നിലയിൽ ലീഗിന് ക്ഷതമേൽപ്പിക്കുന്നതായും അഭിപ്രായമുണ്ട്. പുതിയ സാഹചര്യത്തിൽ ലീഗിന് മുൻതൂക്കം നൽകുന്നവരെ മുന്നോട്ട് കൊണ്ടുവരണം. ആവശ്യമെങ്കിൽ മതസംഘടനക്ക് പ്രാമുഖ്യം നൽകുന്നവരെ ഒഴിവാക്കാൻ വോട്ടെടുപ്പ് നടത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം, മുൻ പ്രസിഡൻ്റായിരുന്ന ഹൈദരലി തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് പാർട്ടി ഇപ്പോൾ മുന്നോട്ട് വെക്കുന്ന നിർദേശമെന്ന ആക്ഷേപവുമുണ്ട്.
ഹൈദരലി തങ്ങൾക്ക് ഇ കെ സമസ്തയിൽ ഭാരവാഹിത്വമുണ്ടായിരുന്നു. അസ്വാരസ്യങ്ങളുണ്ടാകുമ്പോൾ ഇ കെ സമസ്തയുടെ നിർദേശം കൂടി പരിഗണിച്ചായിരുന്നു അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നത്.
ഇത്തരത്തിൽ നേരത്തേ ഇ കെ സമസ്തയും ലീഗും തമ്മിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ ഇത് സാധ്യമാകുന്നില്ല. മതസംഘടനകൾ സമ്മർദ ശക്തിയായി പാർട്ടിയെ നിയന്ത്രിക്കുന്ന സാഹചര്യം പുതിയ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ പുനഃസംഘടന നടന്നാൽ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
പുനഃസംഘടനയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനും നിർദേശമുണ്ട്. ഭരണമില്ലാതെ മുന്നോട്ട് പോകുന്നതിൽ നേതാക്കളിൽ പലരും അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്ന ആവശ്യം ശക്തമാണ്. ഇതിന് ഇതര മുസ്‌ലിം സംഘടനകളുമായി കൂടുതൽ അടുക്കണമെന്ന കാര്യവും സജീവ ചർച്ചയായിട്ടുണ്ട്.
source https://www.sirajlive.com/league-reorganization-it-is-suggested-that-those-who-give-first-priority-to-the-religious-organization-should-not-be-made-office-bearers.html
إرسال تعليق