സ്വകാര്യ ബസുകളിൽ ക്യാമറ: സമയപരിധി നീട്ടും

തിരുവനന്തപുരം | ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകുമെന്ന് സർക്കാർ അറിയിച്ചതായി ബസ് ഉടമകളുടെ സംഘടനയായ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ മാസം 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന നിർദേശം പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെന്ന് ബസുടമകളുടെ സംഘടനാ ഭാരവാഹികൾ ഗതാഗത മന്ത്രി ആന്റണി രാജുവിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടി നൽകാമെന്ന് മന്ത്രി സമ്മതിച്ചതെന്ന് ബസ് ഉടമകൾ വ്യക്തമാക്കി.

നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ, റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് ക്യാമറ വാങ്ങി നൽകണമെന്നാണ് ബസുടമകളുടെ ആവശ്യം. പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.

ക്യാമറ ഘടിപ്പിക്കൽ, ബസുകളുടെ ഫിറ്റ്‌നസ് പരിശോധനാ സമയത്തേക്ക് നീട്ടണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഇല്ലെങ്കിൽ മാർച്ച് ഒന്ന് മുതൽ സർവീസ് നിർത്തിവെക്കുമെന്നായിരുന്നു ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചത്.



source https://www.sirajlive.com/camera-on-private-buses-deadline-to-be-extended.html

Post a Comment

أحدث أقدم