പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; ബജ്‌റംഗ്ദള്‍ നേതാവിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

ജയ്പുര്‍ | ഹരിയാനയില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ മുഖ്യപ്രതിയെ ഒഴിവാക്കി രാജസ്ഥാന്‍ പോലീസ്. എഫ് ഐ ആറില്‍ പേരുള്ള മൊഹിത് യാദവ് എന്ന മോനു മനേസറിനെയാണ് പ്രതികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. രാജസ്ഥാനിലെ ബജ്‌റംഗ്ദള്‍ നേതാവാണ് മോനു മനേസര്‍.

അന്വേഷണത്തില്‍ കേസില്‍ മോനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയില്ലെന്നാണ് പോലീസ് ന്യായീകരണം. പോലീസ് പുറത്തുവിട്ട പ്രതികളുടെ ചിത്രത്തിലും മോനു മനേസര്‍ ഇല്ല.

പ്രതിയെ അനുകൂലിച്ച് വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകള്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു റാലി്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഭസ്മമാക്കി മാറ്റുമെന്നും മുഖ്യപ്രതിയായ മോനു മനേസറിന് പിന്തുണയറിക്കുന്നുവെന്നുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. രാജസ്ഥാന്‍ സര്‍ക്കാരിനെതിരെയും മുദ്രാവാക്യമുയര്‍ന്നു.

രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതീക്ഷയില്ലെന്നും കേസില്‍ സി ബി ഐ ഇടപെടണമെന്നും വി എച്ച് പി നേതാവ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഈ അവസരം രാജസ്ഥാന്‍ ഗവണ്‍മെന്റ് ദുരുപയോഗം ചെയ്താല്‍ ഇതിനെതിരെ പ്രതിഷേധിക്കാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും വി എച്ച് പി നേതാവ് വ്യക്തമാക്കി.

രാജസ്ഥാനിലെ മേവാത്ത് മേഖലയിലെ ഗ്രാമവാസികളായ ജുനൈദ്, നസീല്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ജുനൈദ് കര്‍ഷകത്തൊഴിലാളിയും നസീര്‍ ട്രക്ക് ഡ്രൈവറുമാണ്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇരുവരെയും പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ വെച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നത്. യുവാക്കളുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 



source https://www.sirajlive.com/the-case-of-muslim-youths-being-burnt-to-death-on-the-charge-of-cow-smuggling-the-bajrang-dal-leader-was-dropped-from-the-charge-sheet.html

Post a Comment

أحدث أقدم