കെജ്രിവാളും ഭഗവത് മനും ഉദ്ധവ് താക്കറെയെ കണ്ടു; രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ചയായി

മുംബൈ | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. മഹാരാഷ്ട്രയിലെ നിലവിലെ സ്ഥിതിഗതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ആം ആദ്മി പാര്‍ട്ടി എം പിമാരായ രാഘവ് ചദ്ധ, സഞ്ജയ് സിങ് എന്നിവരും ഡല്‍ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.

രാജ്യത്തെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാനാകുമെന്നതാണ് ഇരുവരുമായി ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ഉദ്ധവ് താക്കറേ പറഞ്ഞു. രാജ്യത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ചയായെന്ന് കെജ്രിവാള്‍ പ്രതികരിച്ചു. ‘യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. തൊഴിലിനു വേണ്ടി അവര്‍ വാതിലുകള്‍ മുട്ടിക്കൊണ്ടേയിരിക്കുന്നു. പണപ്പെരുപ്പം ജനങ്ങളുടെ വരുമാനത്തെ ഒന്നുമല്ലാതാക്കുന്നു. വരുമാനം വര്‍ധിക്കുന്നില്ലെന്ന് മാത്രമല്ല, ചെലവ് കൂടിക്കൂടി വരികയും ചെയ്യുന്നു.’- കെജ്രിവാള്‍ പറഞ്ഞു. കൊവിഡ് മഹാമാരിയെ ഉദ്ധവ് നേരിട്ട രീതി മാതൃകാപരമായിരുന്നുവെന്നും അതേ നടപടികളാണ് ഡല്‍ഹിയിലും പ്രാവര്‍ത്തികമാക്കിയതെന്നും കെജ്രിവാള്‍ പറഞ്ഞു.

കൂടിക്കാഴ്ചയുടെ കൂടുതല്‍ വിശദാംശങ്ങളൊന്നും നേതാക്കള്‍ വെളിപ്പെടുത്തിയില്ല.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ഉദ്ധവിന്റെ പാര്‍ട്ടി. അതേസമയം, പഞ്ചാബില്‍ കെജ്രിവാളിന്റെ എ എ പിയുടെ കടുത്ത എതിരാളിയാണ് കോണ്‍ഗ്രസ്.

 



source https://www.sirajlive.com/kejriwal-and-bhagwat-man-meet-uddhav-thackeray-the-situation-in-the-country-was-discussed.html

Post a Comment

أحدث أقدم