ബി ബി സിയിലെ റെയ്ഡ് അത്ര നിഷ്‌കളങ്കമല്ല

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അനിവാര്യതയാണ്. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥയുടെ ജീവവായുവാകുന്നത് വിയോജിപ്പിന്റെയും വിമര്‍ശനത്തിന്റെയും ബോധവത്കരണത്തിന്റെയും ഉത്തരവാദിത്വം അവ ഏറ്റെടുക്കുന്നത് കൊണ്ടാണ്. പാര്‍ലിമെന്ററി സംവിധാനത്തില്‍ ഭരണപക്ഷമുള്ളപ്പോള്‍ തന്നെ അതേ പ്രാധാന്യത്തോടെ പ്രതിപക്ഷം നിലനില്‍ക്കുന്നതിന്റെ അര്‍ഥവും മറ്റൊന്നല്ല. എതിര്‍ സ്വരങ്ങള്‍ക്ക് ത്രാണിയില്ലാത്ത വിധം ഭയത്തിന് കീഴ്‌പ്പെട്ടു കഴിഞ്ഞ മാധ്യമങ്ങള്‍ ജനാധിപത്യത്തിന് ഒരു നിലക്കും ഭൂഷണമല്ല. അതുകൊണ്ട് മാധ്യമങ്ങളെ അവയുടെ ധര്‍മം നിറവേറ്റാന്‍ അനുവദിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. ഈ കടമയില്‍ നിന്ന് അകന്ന് മാധ്യമങ്ങളെ വരുതിയിലാക്കുന്ന പ്രവണതയിലേക്ക് രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ അതിവേഗം കുതിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടന്ന റെയ്ഡ്. അത് വെറുമൊരു പരിശോധനയാണെന്നും ബി ബി സി നിരവധി ക്രമക്കേടുകള്‍ ആരോപിക്കപ്പെടുന്ന സ്ഥാപനമായതിനാലാണ് പരിശോധന വേണ്ടി വന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഇത് അപ്പടി വിഴുങ്ങാന്‍ സാധിക്കില്ല.

ഗുജറാത്ത് വംശഹത്യയെ ആസ്പദമാക്കി ബി ബി സി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ആ ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിക്കുകയും അത് പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരുകയും ചെയ്തിരുന്നു. ബി ബി സി ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, കേന്ദ്ര സര്‍ക്കാറിനോട് ആശയപരമായി ചാര്‍ച്ചയുള്ളവര്‍ കോടതിയെ സമീപിക്കുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ ബി ബി സിയില്‍ നടന്ന റെയ്ഡ് അത്ര നിഷ്‌കളങ്കമല്ലെന്ന് കാണാന്‍ വലിയ ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല. ബി ബി സി നടത്തിയെന്ന് പറയുന്ന ക്രമക്കേടുകള്‍ ഇപ്പോള്‍ മാത്രം സംഭവിച്ചവ ആയിരിക്കില്ലല്ലോ. അങ്ങനെയൊന്നുണ്ടെങ്കില്‍ അത് നേരത്തേ തുടരുന്നുണ്ടായിരിക്കണം. അന്നൊന്നുമില്ലാത്ത റെയ്ഡ് ഇപ്പോഴെങ്ങനെ വന്നു എന്ന ചോദ്യത്തെ കേന്ദ്ര ഏജന്‍സികള്‍ അഭിമുഖീകരിച്ചേ തീരൂ. ഇത് ബി ബി സിക്ക് മാത്രം നല്‍കുന്ന സന്ദേശമല്ല. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വ മാധ്യമങ്ങള്‍ക്കുമുള്ള മുന്നറിയിപ്പായി മാത്രമേ വിലയിരുത്താനാകൂ. ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് നിങ്ങള്‍ മിണ്ടരുത് എന്ന് തന്നെയാണ് ഇതിന്റെ അര്‍ഥം.

ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. നികുതി വെട്ടിപ്പ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണത്രെ റെയ്ഡ്. കമ്പനിയുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. പണം കൈമാറ്റം സംബന്ധിച്ച നിയമങ്ങള്‍ പാലിച്ചില്ല, കമ്പനിയുടെ ലാഭ വിഹിതം വഴിതിരിച്ചുവിട്ടു തുടങ്ങിയ കുറ്റങ്ങള്‍ ബി ബി സി ചെയ്തുവെന്നും അതിനാലാണ് സര്‍വേ നടത്തിയതെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ജീവനക്കാരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. അക്കൗണ്ട്‌സ്, ധനകാര്യ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരുടെ ലാപ്പ് ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

റെയ്ഡില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തു വന്നിരിക്കുന്നു. സര്‍ക്കാര്‍ നയങ്ങളെയോ ഭരണസ്ഥാപനങ്ങളെയോ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണതയുടെ തുടര്‍ച്ചയാണിതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത് വേദനാജനകമാണ്. ഈ പ്രവണത ഭരണഘടനാപരമായ ജനാധിപത്യത്തെ തുരങ്കം വെക്കുകയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും അവഹേളിക്കുന്നതാണ് ഇത്തരത്തിലുള്ള നടപടികളെന്നും ഗില്‍ഡ് ചൂണ്ടിക്കാട്ടുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് കോണ്‍ഗ്രസ്സും സി പി എമ്മും അടക്കം പ്രതിപക്ഷ കക്ഷികള്‍ റെയ്ഡിനെ വിശേഷിപ്പിച്ചത്.

റെയ്ഡിനെ ന്യായീകരിച്ചു കൊണ്ട് ബി ജെ പി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ നടത്തിയ പ്രസ്താവനയില്‍ അപകടകരമായ വസ്തുതകള്‍ അടയാളപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇരുളടഞ്ഞ ഭാവിയാണ് ഈ വാക്കുകളില്‍ ഉള്ളത്. ബി ബി സി ക്രമക്കേടുകള്‍ നിറഞ്ഞ സ്ഥാപനമാണെന്ന് പറഞ്ഞ ഭാട്ടിയ ഒരു കാര്യം കൂടി എടുത്തു പറഞ്ഞു: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ബി ബി സിയെ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപലപനീയമായ ഭൂതകാല ചെയ്തികളെ പൊക്കിക്കൊണ്ടു വന്നാണ് ബി ജെ പി നേതാവിന്റെ ന്യായീകരണം. ഇത്തരം നടപടികളുടെ തുടര്‍ച്ചയായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നോര്‍ക്കണം. അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന നടപടികള്‍ നിരന്തരം അരങ്ങേറുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്? അടുത്തത് അടിയന്തരാവസ്ഥ തന്നെയാണോ? ഇന്ത്യ ജി 20 ഉച്ചകോടിക്ക് ഈ വര്‍ഷം ആതിഥ്യമരുളാനിരിക്കുകയാണ്. ഇത്തരുണത്തില്‍ ഇങ്ങനെയൊരു റെയ്ഡ് നടത്തിയാല്‍ ലോകത്തിന് അത് എന്ത് സന്ദേശമാണ് നല്‍കുക? ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായ ഇടമാണെന്ന പ്രതിച്ഛായ എത്ര അപമാനകരമാണ്?

ബി ബി സിയെ ആരും ന്യായീകരിക്കുന്നില്ല. അതിന്റെ ധനസ്രോതസ്സുകളും ബ്രിട്ടീഷ് താത്പര്യങ്ങളോടുള്ള പ്രതിബദ്ധതയുമെല്ലാം സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാവുന്നതുമാണ്. എന്നാല്‍ ബി ബി സിയെ ചൈനീസ് ചാരന്റെ കുപ്പായമണിയിക്കുന്നത് അല്‍പ്പം കടന്ന കൈയല്ലേ. ഭരണ തലപ്പത്തുള്ളയാളെ വിമര്‍ശിച്ചാല്‍ അത് രാജ്യത്തെ വിമര്‍ശിക്കലാണെന്ന സമീകരണം അത്യന്തം അപകടകരമാണ്. ബി ബി സി നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി ചോദിച്ചതാണ് ആവര്‍ത്തിക്കാനുള്ളത്. ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നത്? മാധ്യമങ്ങള്‍ക്ക് സമ്പൂര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനാണോ ഉദ്ദേശിക്കുന്നത്?



source https://www.sirajlive.com/the-raid-on-the-bbc-was-not-so-innocent.html

Post a Comment

أحدث أقدم