ചോദ്യങ്ങളുയർത്തി കോൺഗ്രസ്സ്;  അദാനിക്കെതിരെ അന്വേഷണത്തിന് തടസ്സമെന്ത്?

ന്യൂഡൽഹി | അദാനി- സർക്കാർ ബന്ധത്തിൽ മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്സ്. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ പേര് പാനമ പേപ്പേഴ്‌സിലും പണ്ടോര പേപ്പേഴ്‌സിലും വന്നപ്പോൾ കേന്ദ്ര സർക്കാർ എന്ത് അന്വേഷണം നടത്തിയെന്നതാണ് ആദ്യ ചോദ്യം. ഇത്തരമൊരു ഗുരുതരമായ ആരോപണം ഒരു കേന്ദ്ര സർക്കാർ ഏജൻസിയും അന്വേഷിച്ചില്ല. ബഹാമാസിലും ബ്രിട്ടീഷ് വെർജിൻ ദ്വീപിലും പണം കുന്നുകൂട്ടിയെന്ന ആരോപണമാണ് ഉയർന്നത്. ഇത്തരം കള്ളത്തരങ്ങൾക്കെതിരെ ശക്തമായ നടപടിയെന്ന് ഇടക്കിടക്ക് പ്രഖ്യാപിക്കുന്ന നിങ്ങൾക്ക് സ്വന്തം സുഹൃത്തിനെതിരെ ആരോപണമുയർന്നപ്പോൾ അനങ്ങാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ്?

അദാനി ഗ്രൂപ്പിനെതിരെ ഇതാദ്യമായല്ല ആരോപണം വരുന്നത്. ഹിൻഡെൻബർഗ് റിപോർട്ട് വരുന്നതിന് എത്രയോ മുമ്പ് ഇതേ ആരോപണങ്ങൾ വന്നതാണ്. എന്ത്‌കൊണ്ട് ഇക്കാര്യത്തിൽ ഒരു അന്വേഷണവും നടന്നില്ല? നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് ഇനി പ്രതീക്ഷിക്കാനാകുമോ?

ഇന്ത്യയുടെ വിമാനത്താവളങ്ങളും തുറമുഖങ്ങളും മറ്റ് അടിസ്ഥാന സൗകര്യ മേഖലകളും നടത്തിപ്പിനെടുത്ത ഒരേയൊരു കമ്പനിയെന്ന നിലയിൽ അതിനെതിരെ വരുന്ന ആരോപണങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കേണ്ടതല്ലേ? മറ്റ് ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം നിയമത്തിൻ്റെ നൂലാമാലകളിൽ നട്ടം തിരിയുമ്പോൾ അദാനി ഗ്രൂപ്പിന് മാത്രം എല്ലാ സൗകര്യങ്ങളും ലഭിച്ചതിനെ എങ്ങനെ ന്യായീകരിക്കുമെന്നും കോൺഗ്രസ്സ് പുറത്തിറക്കിയ ചോദ്യാവലിയിൽ പറയുന്നു.

ഓഹരി വില കൂട്ടിവെക്കാനും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനും അദാനി ഗ്രൂപ്പ് വഴിവിട്ട തന്ത്രങ്ങൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ഹിൻഡെൻബർഗ് റിപോർട്ട്. ഇത് പുറത്ത് വന്നതിന് പിറകേ അദാനി കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞിരുന്നു. ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് അദാനി താഴേക്ക് പതിച്ചിരിക്കുകയാണ്.

പാർലിമെൻ്റിൽ തുടർച്ചയായ പ്രക്ഷോഭമുയർത്തിയ പ്രതിപക്ഷം കോടതി മേൽനോട്ടത്തിലുള്ള അന്വേഷണമാണ് ആവശ്യപ്പെടുന്നത്. എൽ ഐ സി, എസ് ബി ഐ തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളുടെ നഷ്ടവും അവർ ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പ് വിവിധ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകളുടെ വിശദാംശങ്ങൾ സർക്കാർ തേടിയിട്ടുണ്ട്.



source https://www.sirajlive.com/congress-raised-questions-what-is-the-obstacle-to-the-investigation-against-adani.html

Post a Comment

أحدث أقدم