ബെർലിൻ | ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പ്രീ ക്വാർട്ടർ ആദ്യ പാദത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഇറ്റാലിയൻ കരുത്തരായ ഇന്റർമിലാനും ഇന്ന് കളത്തിൽ. ജർമൻ ക്ലബായ ആർ ബി ലൈപ്സിഗാണ് സിറ്റിയുടെ എതിരാളി. ഇന്റർമിലാൻ പോർച്ചുഗീസ് ക്ലബ് പോർട്ടോയെ നേരിടും. പുലർച്ചെ 1.30നാണ് ഇരു മത്സരങ്ങളും. കഴിഞ്ഞ സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ലൈപ്സിഗ് സിറ്റിയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ഇതിന്റെ കണക്ക് ചോദിക്കാൻ കൂടിയാണ് സിറ്റി ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള സിറ്റി നിലവിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ ആഴ്‌സനലിനെ 3-1ന് തോൽപ്പിച്ച ടീം കഴിഞ്ഞ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 1-1ന് സമനില വഴങ്ങിയത് തിരിച്ചടിയായി.
ബുണ്ടസ് ലിഗയിൽ 21 മത്സരങ്ങൾ പൂർത്തിയാക്കിയ ലൈപ്‌സിഗ് നിലവിൽ അഞ്ചാം സ്ഥാനത്താണ്. പരുക്കിന്റെ പിടിയിലുള്ള പീറ്റർ ഗുലാസി, ഡാനി ഒൽമോ, അബ്ദു ഡിയാല്ലോ എന്നിവർ കളിക്കാത്തതിന്റെ ക്ഷീണം ടീമിനുണ്ട്. ക്രിസ്റ്റഫർ എൻകുൻകു പരുക്കിൽ നിന്ന് മോചിതനായത് ആശ്വാസ വാർത്തയാണെങ്കിലും ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. അതേസമയം, ജോൺ സ്‌റ്റോൺസ് ഒഴികെയുള്ള കളിക്കാർക്ക് ആർക്കും പരുക്കില്ലെന്നത് സിറ്റിയുടെ ആത്മവിശ്വാസം കൂട്ടുന്നു. ലൈപ്സിഗിനെതിരെ അവസാന നാല് മത്സരങ്ങളിൽ ആറ് ഗോളുകൾ നേടിയ എർലിംഗ് ഹാലൻഡിനെ മുൻനിർത്തിയായിരിക്കും സിറ്റിയുടെ ആക്രമണം. റിയാദ് മെഹ്‌റസിനെ ആദ്യ ഇലവനിൽ ഇറക്കിയാൽ ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ് എന്നിവരിലൊരാൾക്ക് പകരക്കാരുടെ ബഞ്ചിലാകും സ്ഥാനം.
ബെർണാഡോ സിൽവ ലെഫ്റ്റ് ബാക്കിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. മധ്യനിരയിൽ കെവിൻ ഡിബ്രുയ്‌നെയും ഇൽകെ ഗുണ്ടോഗനും കളിമെനയും.
സിരി എയിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർമിലാൻ കഴിഞ്ഞ ദിവസം ഉദ്നീസിനെ 3-1ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പോർട്ടോയെ നേരിടുന്നത്. ഇന്ററിന്റെ തട്ടകമായ സാൻ സിറോയിലാണ് മത്സരം.
source https://www.sirajlive.com/champions-league-city-x-leipzig-inter-x-porto-matches-tomorrow.html
Post a Comment