ചരിത്രം തിരുത്തി കിംഗ് ഫഹദ് കോസ്‌വേ; ഒരു ദിവസം മാത്രം കടന്നുപോയത് 136,498 പേര്‍

അല്‍ഖോബാര്‍ | സഊദി അറേബ്യയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. മാര്‍ച്ച് നാല് ശനിയാഴ്ച 1,36,000-ത്തിലധികം യാത്രക്കാര്‍ കോസ്‌വേയിലൂടെ കടന്നുപോയതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി (കെ എഫ് സി എ) അറിയിച്ചു.

2020 ജനുവരി 11-ന് രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 1,31,000-ലധികം യാത്രക്കാരാണ് കോസ്‌വേ വഴി യാത്ര ചെയ്തത്. ഈ റെക്കോര്‍ഡാണ് 2023 മാര്‍ച്ചില്‍ മറികടന്നത്-136,498 പേര്‍. കോസ്‌വേ നിര്‍മാണത്തിന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്.

ഇരുരാജ്യങ്ങളും തമ്മില്‍ ക്രോസ് ചെയ്യുന്ന പോയിന്റുകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഹ്രസ്വ അവധിക്കാലത്തോടനുബന്ധിച്ച് കോസ്‌വേയില്‍ കഴിഞ്ഞ ദിവസം കനത്ത തിരക്കാണ് അനുഭവപ്പെട്ടത്.

1986 നവംബര്‍ 26-ന് ഫഹദ് രാജാവിന്റെയും ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെയും സാന്നിധ്യത്തിലാണ് കോസ്‌വേ തുറന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കോസ്‌വേ കൂടിയാണിത്.

 



source https://www.sirajlive.com/king-fahd-causeway-reversing-history-136498-people-passed-in-just-one-day.html

Post a Comment

Previous Post Next Post