പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിലെ നിയന്ത്രണം; കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടത് 17,891 പേര്‍

കുവൈത്ത് സിറ്റി | കുവൈത്തില്‍ 60 വയസിനു മുകളില്‍ പ്രായമായ യൂനിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവര്‍ക്ക് താമസരേഖ പുതുക്കുന്നതിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം നടപ്പിലാക്കി തുടങ്ങിയതിന് ശേഷം കഴിഞ്ഞ വര്‍ഷം രാജ്യം വിട്ടത് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട 17,891 പേര്‍. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2021ല്‍ 60 വയസോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രായമായ 1,22,536 പ്രവാസികള്‍ ആയിരുന്നു കുവൈത്തില്‍ ഉണ്ടായിരുന്നത്. 2022ല്‍ ഇത് 1,04,645 ആയി കുറഞ്ഞു. 60 വയസിനു മുകളില്‍ പ്രായമായ യൂനിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത പ്രവാസികള്‍ക്ക് താമസരേഖ പുതുക്കുന്നതിന് 800 ദിനാര്‍ ഫീസ് ചുമത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കുകയായിരുന്നു. ഇത്രയും തുക അടയ്ക്കാന്‍ കഴിയാത്ത പ്രവാസികളാണ് രാജ്യം വിട്ടവരില്‍ ഭൂരിഭാഗവും എന്നാണ് വിലയിരുത്തല്‍.

ഈ കാലയളവില്‍ യൂനിവേഴ്‌സിറ്റി ബിരുദധാരികളായ പ്രവാസികളുടെ എണ്ണത്തിലും കുറവ് അനുഭവപ്പെട്ടു. 2021 മധ്യത്തില്‍ 1,55,665 പേര്‍ രാജ്യത്തുണ്ടായിരുന്നെങ്കില്‍ 2022 പകുതിയോടെ 1,46,942 ആയി കുറഞ്ഞു. ബിരുദാനന്തര ബിരുദധാരികളായ പ്രവാസികളുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. 2021 മധ്യത്തില്‍ 7,213 പ്രവാസികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2022 മധ്യത്തോടെ 6,912 ആയി കുറഞ്ഞതായും സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

 



source https://www.sirajlive.com/restrictions-on-renewal-of-resident-records-of-non-residents-last-year-17891-people-left-kuwait.html

Post a Comment

Previous Post Next Post