30 വെള്ളിക്കാശില്‍ നിന്ന് 300 “വെള്ളിക്കാശി’ലേക്ക്‌

ഛത്തീസ്ഗഢില്‍ ഉള്‍പ്പെടെ ക്രിസ്ത്യന്‍ മതവിശ്വാസികളെ അവരുടെ ആവാസ സ്ഥലങ്ങളില്‍ നിന്ന് വി എച്ച് പി ക്രിമിനലുകള്‍ തുരത്തിയോടിക്കുന്ന വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ബി ജെ പിക്ക് കേരളത്തിലൊരു എം പിയില്ലാത്ത സങ്കടം തീര്‍ക്കാന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ രംഗത്ത് വന്നിരിക്കുന്നത്. റബ്ബറിന് വില 300 രൂപയാക്കിയാല്‍ ബി ജെ പിക്കൊരു എം പിയെ ജയിപ്പിച്ച് തരാമെന്നാണ് തലശ്ശേരി ആര്‍ച്ച് ബിഷപ് പരസ്യമായി ഓഫര്‍ ചെയ്തിരിക്കുന്നത്. ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണത്രെ കുടിയാന്‍മലയിലെ കര്‍ഷക റാലിയില്‍ ബിഷപ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.
1947ലെ നിയമം റദ്ദ് ചെയ്ത് റബ്ബര്‍ ഉള്‍പ്പെടെയുള്ള തോട്ടവിളകളെയും അത് സംരക്ഷിക്കാനുള്ള കമ്മോഡിറ്റി ബോര്‍ഡുകളെയും തകര്‍ത്ത് കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലാക്കിയത് ബി ജെ പി സര്‍ക്കാറാണ്. അതിനായി 2022ല്‍ പാര്‍ലിമെന്റില്‍ ബില്ല് കൊണ്ടുവന്നത് പിയൂഷ് ഗോയലാണ്. ഇറക്കുമതി ഉദാരവത്കരിച്ച് പരമ്പരാഗത റബ്ബര്‍ കൃഷിയെ കര്‍ഷകരില്‍ നിന്ന് കോര്‍പറേറ്റുകളിലെത്തിക്കുകയാണ് ബി ജെ പി. 1996 മുതല്‍ റബ്ബര്‍ വില ഇടിഞ്ഞതും ഇന്നത്തെ ദുരവസ്ഥയിലെത്തിച്ചതും ഉദാരവത്കരണ നയങ്ങളാണ്. അതിനെതിരെ മിണ്ടാതിരുന്നവര്‍ ഉദാരവത്കരണ നയം തീവ്രമാക്കിയ ബി ജെ പിയില്‍ രക്ഷകനെ തിരയുന്നത് പരിഹാസ്യവും വഞ്ചനാപരവുമായ നീക്കമായേ കാണാനാകൂ.

ആര്‍ എസ് എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യെന്ന പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം വായിക്കണം. ‘ആഭ്യന്തര ശത്രുക്കള്‍’ എന്ന തലക്കെട്ടിലെ ഈ അധ്യായത്തില്‍ ഹിന്ദു രാഷ്ട്രത്തിന്റെ മൂന്ന് പ്രധാന ശത്രുക്കളായി പറഞ്ഞിരിക്കുന്നത് മുസ്ലിംകളെയും കമ്മ്യൂണിസ്റ്റുകളെയും കൂടെ ക്രിസ്ത്യാനികളെയുമാണെന്ന് ഓര്‍ക്കണം. മാത്രമല്ല രാജ്യത്ത് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങളുടെ ചരിത്രം കൂടി ഓര്‍ത്തു നോക്കുന്നത് നന്നായിരിക്കും.

1998ല്‍ സംഘ്പരിവാരം ഗുജറാത്തിലുണ്ടാക്കിയ ക്രിസ്ത്യന്‍ വിരുദ്ധ കലാപം പലര്‍ക്കും ഓര്‍മയുണ്ടാകും. കലാപത്തിനു ശേഷം ആ വര്‍ഷം തന്നെയാണ് ബി ജെ പി അവിടെ അധികാരത്തിലെത്തിയത്. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്്ദളും ക്രിസ്ത്യന്‍ സമുദായത്തിലുള്ളവരെ വ്യാപകമായി ആക്രമിക്കുകയും അവരുടെ സ്‌കൂളുകളും പള്ളികളും വ്യാപാര സ്ഥാപനങ്ങളും കൊള്ള നടത്തുകയും തീ വെച്ച് നശിപ്പിക്കുകയുമുണ്ടായി. 1999ല്‍ ഒഡീഷയില്‍ വെച്ച് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ന്‍സിനെയും പിഞ്ചു മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും ബജ്‌റംഗ്്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്ന മൃഗീയ സംഭവം നമ്മള്‍ കണ്ടതാണ്. രാജ്യത്തെ നടുക്കിയ ഈ വിഷയം ലോകവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കി. 2008ല്‍ ഒഡീഷയിലെ കന്ധമാലില്‍ വ്യാപകമായ ക്രിസ്ത്യന്‍ വിരുദ്ധ കലാപം അരങ്ങേറിയത് ഓര്‍മയില്ലേ? എട്ട് ജീവനുകളാണ് അന്ന് പൊലിഞ്ഞത്. 40ലധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. 300ലധികം പള്ളികളാണ് അന്ന് പൊളിക്കപ്പെട്ടത്. 60,000ത്തോളം പേര്‍ വിവിധയിടങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടു. അനേകം പേരെ ഭീഷണിപ്പെടുത്തി മതം മാറ്റി. അന്ന് സി പി എം ഓഫീസുകളിലാണ് ഇരകള്‍ക്ക് അഭയമൊരുക്കിയത്.

നമ്മുടെ തൊട്ടപ്പുറത്തുള്ള മംഗളൂരുവില്‍ 2008ലാണല്ലോ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ ആക്രമണമുണ്ടായത്? ശ്രീരാമ സേനയും ബജ്‌റംഗ്ദളും ചേര്‍ന്നാണ് ഈ സംഘടിത വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത്. ഒഡീഷയിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തിനെതിരെ പ്രാര്‍ഥനാ യോഗം നടത്തിയതാണത്രെ സംഘ്പരിവാരത്തെ ചൊടിപ്പിച്ചത്. അന്ന് കര്‍ണാടക ഭരിച്ചത് ആരായിരുന്നു? ഈ കലാപത്തിന് അന്നത്തെ യെദിയുരപ്പ സര്‍ക്കാര്‍ പോലീസ് സഹായമുള്‍പ്പെടെ എല്ലാവിധ പിന്തുണയും നല്‍കി. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ബി ജെ പി അധികാരത്തിലേറിയതിന് തൊട്ടുശേഷവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടില്ലേ? സംഘ്പരിവാരമായിരുന്നില്ലേ അന്നൊക്കെ പ്രതിസ്ഥാനത്ത്?

2015ല്‍ രാജ്യതലസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരേയുള്ള സംഘ്പരിവാര്‍ അക്രമം വലിയ വാര്‍ത്തയായിരുന്നില്ലേ? ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ ‘സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്’, വസന്ത്കുഞ്ചിലെ ‘സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച്’, ജസോലയിലെ ‘സീറോ മലബാര്‍ കത്തോലിക് ചര്‍ച്ച്’, ഔട്ടര്‍ ഡല്‍ഹിയിലെ ‘അവര്‍ ലേഡി ഓഫ് ഗ്രേസസ് ചര്‍ച്ച്’ തുടങ്ങിയ ഒട്ടനേകം പള്ളികളാണ് അന്നാക്രമിക്കപ്പെട്ടത്.

2021 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നിന്ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന നാല് കന്യാസ്ത്രീകളെ ട്രെയിനില്‍ വെച്ചും അതിനു ശേഷം ഝാന്‍സിയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും ആക്രമിച്ചത് സംഘ്പരിവാര്‍ പ്രവര്‍ത്തകരായിരുന്നു. ആക്രമിക്കപ്പെട്ടവരുടെ കൂട്ടത്തിലൊരാള്‍ മലയാളിയായിരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 300ഓളം വരുന്ന സായുധരായ സംഘ്പരിവാര്‍ കൂട്ടം ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു നശിപ്പിച്ചില്ലേ?

2021 ഡിസംബറില്‍ മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച് ബസോഡ ക്യാമ്പസിലുള്ള സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ആക്രമിച്ചത് സംഘ്പരിവാര്‍ തീവ്രവാദികളായിരുന്നു. കര്‍ണാടകയിലെ ബേലൂരില്‍ കഴിഞ്ഞ വര്‍ഷാവസാനമല്ലേ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ യോഗം തടസ്സപ്പെടുത്തിയത്? കര്‍ണാടകയിലെ ഹുബ്ലിയില്‍ സംഘ്പരിവാരം പള്ളി കൈയേറി ഭജന സംഘടിപ്പിച്ചത് ഇക്കഴിഞ്ഞ വര്‍ഷമാണ്. അവിടെത്തന്നെ ഹസ്സന്‍ ജില്ലയിലും ബെലഗാവിയിലും നിരവധി പള്ളികളാണ് അന്നാക്രമിക്കപ്പെട്ടത്. ബി ജെ പി ഭരിക്കുന്ന കര്‍ണാടകത്തില്‍ മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം നിലവില്‍ വന്നത് 2022 മെയ് 17നാണ്. ഈ നിയമം പാസ്സാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനമാണ് കര്‍ണാടകയെന്ന് ഓര്‍ക്കണം. നിയമം പാസ്സാക്കിയ ദിവസം സംഘ്പരിവാര്‍ സംഘടനകള്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിച്ചു. നമ്മുടെ കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കുടക് ജില്ലയിലുള്‍പ്പെടെ ക്രൈസ്തവ സഹോദരങ്ങള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രത്തിന് നേരേ സംഘ്പരിവാര്‍ ആക്രമണമുണ്ടായത് 2022 മെയ് 14ന് രാത്രിയാണ്. അന്നവര്‍ ക്രിസ്തുവിന്റെയും കന്യാമറിയത്തിന്റെയും ഉള്‍പ്പെടെയുള്ള ശില്‍പ്പങ്ങള്‍ തകര്‍ക്കുകയുണ്ടായി. തീര്‍ഥാടന കേന്ദ്രം നിലനില്‍ക്കുന്ന സ്ഥലം ഹിന്ദു ആരാധനാ സ്ഥലമായിരുന്നുവെന്ന അവകാശവാദവുമായാണ് സംഘ്പരിവാരം ഈ ആക്രമണം നടത്തിയത്.

കഴിഞ്ഞ കൊല്ലം മാത്രം രാജ്യത്ത് 486 ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയാക്രമണങ്ങള്‍ നടന്നുവെന്ന് കണക്കുകള്‍ പറയുന്നു. അതില്‍ 274ഉം നടന്നത് ഉത്തര്‍ പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇവിടെ കേരളത്തിലും ചിലര്‍ക്ക് ചില വിഭാഗങ്ങളെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കേരളത്തിലെ ജനാധിപത്യ മതേതരത്വ സമൂഹം അത്തരം ആഗ്രഹങ്ങളെ മുളയിലേ നുള്ളി. എന്നാല്‍ സംഘ്പരിവാരം ഇന്നിപ്പോള്‍ പുതിയ അടവുകള്‍ പയറ്റി നോക്കാനുള്ള ശ്രമമാണ്. ഇവിടെയത് വിലപ്പോകില്ല എന്ന് സംഘ്പരിവാരം വൈകിയാണെങ്കിലും തിരിച്ചറിയും. ക്രമസമാധാനം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ സംഘ്പരിവാരം നടത്തുന്ന കള്ളപ്രചാരണങ്ങള്‍ വിലപ്പോകില്ലെന്ന് തന്നെ ഉറപ്പിക്കാം. വര്‍ഗീയ വിദ്വേഷം പരത്താനുള്ള സംഘ്പരിവാറിന്റെ ഒരടവും കേരളത്തില്‍ നടക്കില്ല. ഈ നാട് ഇതെല്ലം അതിജീവിച്ചു വന്നതാണ്. ഇത് കേരളമാണ്. എല്ലാ വര്‍ഗീയതയെയും നമ്മള്‍ ഒറ്റക്കെട്ടായി നേരിടും.

 

 



source https://www.sirajlive.com/from-30-silver-coins-to-300-silver-coins.html

Post a Comment

Previous Post Next Post