തായ്‌വേരിലുറച്ച് വളരാന്‍ പ്ലാറ്റ്ഫോമുകളുണ്ട്

ഡിജിറ്റല്‍ യുഗത്തില്‍ മുസ്ലിം സ്ത്രീകള്‍ എങ്ങനെയാണ് സ്വയം നിര്‍വചിക്കുന്നത്? പ്രത്യേകിച്ച് പുതു തലമുറയിലെ മുസ്ലിം യുവതികള്‍, ഓണ്‍ലൈന്‍ ലോകത്തെ നോക്കിക്കാണുന്നത് എങ്ങനെയാണ്? അവരുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഇന്റര്‍നെറ്റ് എന്ത് പങ്കാണ് വഹിക്കുന്നത്? മുസ്ലിം ഡിജിറ്റല്‍ കമ്മ്യൂണിറ്റികളില്‍ വംശവും മതവും എങ്ങനെ കടന്നുപോകുന്നു? കാല, ദേശ, വംശ ബോധങ്ങളെ മറികടന്ന് വിജ്ഞാന സമ്പാദനത്തിനും ഒത്തുകൂടലുകള്‍ക്കുമായി വിശാലമായ ഒരിടം കൈവിരല്‍ തുമ്പിലുള്ളപ്പോള്‍ നമ്മളതിനെ കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ടോ? ഒരു പരിധി വരെ ഉണ്ടെന്നു തന്നെയാണുത്തരം.

പാതി വഴിയില്‍ പഠനം മുടങ്ങിപ്പോയ പലരും കൊവിഡാനന്തര റിമോട്ട് വിദ്യാഭ്യാസ രീതികളെ പരമാവധി ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ തുടര്‍ വിദ്യാഭ്യാസത്തിന് രജിസ്റ്റര്‍ ചെയ്യുന്നവരുടെയും പരീക്ഷ എഴുതുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. ഈ വിഷയത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ഇസ്ലാമിക വിദ്യാഭ്യാസത്തിലും ഭൗതിക വിദ്യാഭ്യാസത്തിലും കുറഞ്ഞ ചെലവില്‍ അധ്യായനം നല്‍കാനുമായി നിരവധി സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. ഇവ്വിധത്തില്‍ ഇനിയും ഉപയോഗക്ഷമമായ നിരവധി കോഴ്സുകള്‍ ഓണ്‍ലൈനായി ലഭ്യമാണ് എന്നത് മറക്കാതിരിക്കാം. ങീീര ംെമ്യമാ പോലെയുള്ള പ്ലാറ്റ്ഫോമുകളിലൂടെ, ഐ ഐ എം ബെംഗളൂരു, ഐ ഐ ടി കാണ്‍പൂര്‍ തുടങ്ങിയ രാജ്യാന്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് സൗജന്യമായി ബിസിനസ്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെബ് ഡെവലപ്മെന്റ്, ആപ്പ് ഡെവലപ്മെന്റ് തുടങ്ങി ഇഷ്ടമുള്ള കോഴ്സുകള്‍ പഠിക്കാം. സമാനമായ രീതിയില്‍ മദ്രാസ് ഐ ഐ ടിയില്‍ നിന്ന് ഏത് വിഷയത്തിലും ഡിഗ്രി ചെയ്യാനാകും. ഓക്സ്ഫോഡ്, കേംബ്രിഡ്ജ് തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലകളില്‍ നിന്ന് പോലും ഇവ്വിധം കോഴ്സുകള്‍ ചെയ്യാന്‍ ഇപ്പോള്‍ എളുപ്പമാണ്.

പണം മുടക്കി പുസ്തകം വാങ്ങി ചുമന്നു നടക്കുന്ന കാലവും എങ്ങോ പൊയ്പ്പോയി. ഇമെയില്‍ യൂസര്‍ ഐഡിയും പാസ്സ് വേഡും ഉപയോഗിച്ച് ഫ്രീയായി ആക്സസ്സ് ചെയ്യാവുന്ന നിരവധി ഇ ലൈബ്രറികളും നമുക്കിന്നുണ്ട്. നാഷനല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ, എന്‍ ഡി എല്‍ ഐ, യൂനിവേഴ്സല്‍ ഡിജിറ്റല്‍ ലൈബ്രറി, ഇന്റര്‍നെറ്റ് ആര്‍ക്കൈവ്, ബ്രിട്ടീഷ് കൗണ്‍സില്‍ ഓണ്‍ലൈന്‍ ലൈബ്രറി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.

സ്വന്തമായി ഇടങ്ങള്‍ നട്ടുവളര്‍ത്തുക, ഉള്ളടക്കം സൃഷ്ടിക്കുക, സ്വന്തം കഥകളുടെ രചയിതാവാകുക എന്നിവയുടെ പ്രാധാന്യം സ്ത്രീകള്‍ തിരിച്ചറിയണം. സര്‍വവും കമ്പോളവത്കരിക്കപ്പെട്ട കെട്ട കാലത്ത് സ്വന്തം സ്വത്വം മുറുകെപ്പിടിക്കാനും, തായ് വേരിലുറച്ച് വളരാനും അവസരങ്ങളുണ്ടാകുമ്പോള്‍ അവക്ക് നേരേ കണ്ണടക്കുന്നത് ഒരു സമൂഹമെന്ന നിലക്ക് പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.

സ്ത്രീകളുടെ മതപരവും കലാപരവുമായ ആവിഷ്‌കാരത്തിന് സഹായിക്കുന്ന, ധാര്‍മിക സൗന്ദര്യവും സഹോദര ബന്ധവും കേന്ദ്രീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗ് കാലഘട്ടത്തിന്റെ ആവശ്യമായി മാറുന്നുണ്ട്. മുസ്ലിം സ്ത്രീകളെ തെറ്റായി പ്രതിനിധാനം ചെയ്യുന്ന ഒരു ലോകത്ത്, മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ആഴത്തിലുള്ള മാനുഷിക ബന്ധങ്ങള്‍ സാധ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം അത്യാവശ്യമാണ്. ധാര്‍മിക സ്വഭാവത്തില്‍ അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കാനുള്ള ലക്ഷ്യത്തില്‍ ഇതൊരു മുതല്‍ക്കൂട്ടാവും. ആധികാരികമായ പങ്കുവെക്കലുകള്‍ കൊണ്ട് മാറ്റം സൃഷ്ടിക്കാനും പുതിയൊരു സമൂഹത്തെ കെട്ടിപ്പടുക്കാനും നമുക്കാകും. ക്രിയാത്മകമായ നടപടിയെടുക്കാനും നന്മയില്‍ സഹകരിക്കാനും നമ്മെ പ്രചോദിപ്പിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള എഴുത്തിന്റെ ലോകം. അറിവിന്റെയും അനുഭവങ്ങളുടെയും പങ്കുവെക്കലുകള്‍ക്ക് പോഡ്കാസ്റ്റുകളിലൂടെയും ഡിജിറ്റല്‍ മാഗസിനുകളിലൂടെയും വെളിച്ചമുണ്ടാകട്ടെ. സാങ്കേതികവിദ്യ എന്ന പദത്തില്‍ ടെലിഫോണ്‍, ടെലിവിഷന്‍, പേഴ്സനല്‍ കമ്പ്യൂട്ടറുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടാം. ഇത്തരം ഭൗതികമായ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ പാകത്തിനുള്ള വളര്‍ച്ച നാം നേടേണ്ടതുണ്ട്.

ഡിജിറ്റല്‍ ലോകത്തെ അവസരങ്ങള്‍ ഇനിയുമിനിയും ഏറെയാണ്. ചാറ്റ് ജി പി ടി പോലെ എന്ത് ചോദിച്ചാലും ഡാറ്റാ ബേസില്‍ നിന്ന് കൃത്രിമ ബുദ്ധിയുപയോഗിച്ച് ചുട്ടെടുത്തു കൊണ്ട് വരുന്ന കഥകളും കവിതകളും ചിത്രങ്ങളും ചരിത്രങ്ങളുമായി സാങ്കേതികവിദ്യ മുന്നോട്ട് കുതിക്കുമ്പോള്‍ സ്ത്രീകളും ഒട്ടും പിന്നിലായിപ്പോകരുത്. ഇന്നലെകളിലെ ചരിത്രം ഓര്‍ത്തുകൊണ്ടിരിക്കുന്നതിനൊപ്പം ആത്മീയവും ഭൗതികവുമായ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചു കൊണ്ട് തന്നെ ബഹുദൂരം മുന്നോട്ട് നടക്കാനും സ്ത്രീകള്‍ക്ക് കഴിയട്ടെ.

 



source https://www.sirajlive.com/taiwan-has-platforms-to-grow.html

Post a Comment

أحدث أقدم