തിരുവനന്തപുരം | സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ ചെയ്യുന്നത് ദീര്‍ഘിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം ജൂണ്‍ 30 വരെ അപേക്ഷ നല്‍കാനാകില്ലെന്നാണ് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
സാധാരണ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ദിവസം മുതല്‍ ബാക്കിയുള്ള ലീവ് സറണ്ടര്‍ ചെയ്ത് പണം വാങ്ങാനുള്ള അവസരം നല്‍കിയിരുന്നുവെങ്കിലും സാമ്പത്തിക ഞെരുക്കം രൂക്ഷമായ സാഹചര്യത്തിലാണ് ലീവ് സറണ്ടറിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസമായ ഇന്നലെയാണ് ലീവ് സറണ്ടര്‍ തീയതി നീട്ടി ഉത്തരവിറക്കിയത്. അധിക ചെലവ് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. അതേസമയം, ആര്‍ജിതാവധി സറണ്ടര്‍ ചെയ്യുന്നതിനു തടസ്സമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഓഫീസ് അറ്റന്‍ഡേഴ്‌സ്, മുന്‍സിപ്പല്‍ കണ്ടിജന്റ് എംപ്ലോയീസ്, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ്, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും പേഴ്‌സണല്‍ സ്റ്റാഫിലുള്ള പാചകക്കാര്‍ എന്നിവരെ ലീവ് സറണ്ടര്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ ഗഡു ശനിയാഴ്ച പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന ഉറപ്പ് നേരത്തെ നല്‍കിയിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം ഇത് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കല്‍ അനിശ്ചിതമായി നീട്ടിവെക്കുകയാണെന്ന് കാട്ടി ധനവകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലീവ് സറണ്ടര്‍ തിയതിയും ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
സാമ്പത്തിക ഞെരുക്കം രൂക്ഷമായ സാഹചര്യത്തില്‍ അവധി സറണ്ടര്‍ തുക പണമായി നല്‍കാതെ പി എഫില്‍ ലയിപ്പിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇത് നാലുവര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാന്‍ കഴിയൂ. ഇതോടൊപ്പം സര്‍വകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്‌കരണ കുടിശ്ശികയും മരവിപ്പിച്ചിരിക്കുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തെക്കാള്‍ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വര്‍ഷം സര്‍ക്കാരിന് മുന്നിലുള്ളതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
source https://www.sirajlive.com/financial-distress-surrender-of-leave-of-government-employees-has-been-extended.html
Post a Comment