രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരികയാണ് മൂന്നാമതും. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 765 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ 20 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചെന്ന കണക്കും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ കൂടുതല്‍. കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ് 7 ജനിതക ശ്രേണിയില്‍പ്പെട്ട വൈറസാണ് ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ കേസുകള്‍ കുറവായിരുന്നു സംസ്ഥാനത്ത്. മാര്‍ച്ച് മാസത്തോടെയാണ് വര്‍ധനവ് അനുഭവപ്പെട്ടത്. രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനും ആര്‍ സി സി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്ര ആശുപത്രി എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികളിലും കൊവിഡ് രോഗികള്‍ക്ക് പ്രത്യേകം കിടക്കകള്‍ മാറ്റിവെക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യകത മുന്നില്‍കണ്ട് പരിശോധനാ കിറ്റുകളും സുരക്ഷാ സാമഗ്രികളും സജ്ജമാക്കാന്‍ കെ എം എസ് സി എല്ലിനും നിര്‍ദേശം നല്‍കി. പ്രായമായവരും ജീവിതശൈലീ രോഗബാധിതരും ഗര്‍ഭിണികളും കുട്ടികളും കൃത്യമായി മാസ്‌ക് ധരിക്കണമെന്നും ഉത്തരവുണ്ട്.
രാജ്യത്ത് മൊത്തം 13,509 സജീവ കൊവിഡ് രോഗികളുണ്ട് നിലവില്‍. ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയ കണക്കാണിത്. വ്യാഴാഴ്ച മാത്രം 3,016 കൊവിഡ് കേസുകളും 14 കൊവിഡ് ബാധിത മരണങ്ങളും റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് നിരക്കാണിത്. ഇതോടെ കൊവിഡ് ബാധിത മരണം ആകെ 5,30,862 ആയി ഉയര്‍ന്നു. കൊവിഡിനോടൊപ്പം എച്ച്1 എന്‍1 ഉള്‍പ്പെടെയുള്ള രോഗങ്ങളും വ്യാപകമായ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍.
വാക്സീന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഏറെക്കുറെ നിര്‍വീര്യമായെന്നു വിശ്വസിക്കപ്പെട്ടിരുന്ന കൊവിഡ് കഴിഞ്ഞ നവംബര്‍- ഡിസംബറോടെയാണ് ആഗോള തലത്തില്‍ വീണ്ടും തിരിച്ചു വരവ് തുടങ്ങിയത്. കൊവിഡിന്റെ പുതിയ വകഭേദമായ ബി എഫ് 7 ജനിതക ശ്രേണിയില്‍പ്പെട്ട വൈറസാണ് ഇപ്പോള്‍ പടരുന്നത്. കൊവിഡിന്റെ തുടക്കമെന്ന പോലെ അതിന്റെ പുതിയ വകഭേദമായ ബി എഫ് 7 വൈറസും ചൈനയിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, സ്‌പെയ്ന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, തായ്്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡിസംബറില്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയുമുണ്ടായി. നേരത്തേ ചൈനീസ് ഭരണകൂടം കര്‍ശനമായി നടപ്പാക്കിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് ചൈനയില്‍ വീണ്ടും രോഗബാധ വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആഫ്രിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൂന്നാംഘട്ട രോഗവ്യാപനമുണ്ട്. കൊവിഡ് വാക്‌സീനേഷന്‍ മികച്ച രീതിയില്‍ നടത്തിയ രാജ്യങ്ങളിലും വീണ്ടും കൊവിഡ് ബാധയും മരണവും ഉയരുന്നത് ആരോഗ്യ വിദഗ്ധരില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ബി എഫ് 7 വൈറസിന് മറ്റു ഉപജാതികളെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണ്. ഒരാളില്‍ നിന്ന് ഇത് 10 മുതല്‍ 18 പേരിലേക്ക് വരെ പകരാമത്രെ. എങ്കിലും ബി എഫ് 7 കേസുകള്‍ക്ക് രോഗ തീവ്രത കുറവാണെന്നും ജനിതക മാറ്റം വന്ന വൈറസുകള്‍ അതിജീവനത്തിലുപരി ഇരയുടെ അന്ത്യം ഒരു പരിധിക്കപ്പുറം ലക്ഷ്യമിടുന്നില്ലെന്നുമാണ് ഇതുവരെയുള്ള പഠനങ്ങളും സര്‍വേകളും സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രാജ്യത്ത് ഇത് മൂന്നാം തവണയാണ് കൊവിഡ് ഭീഷണമായ തോതില്‍ പടരുന്നത്. ഒന്നാം ഘട്ടത്തില്‍ ഒന്നര ലക്ഷം പേര്‍ കൊവിഡ് ബാധിതരായതിനു ശേഷം ക്രമാനുഗതമായി രോഗം കുറഞ്ഞു വന്നിരുന്നു. 2021 മാര്‍ച്ച്-ഏപ്രിലില്‍ രോഗം വീണ്ടും കൂടുകയും ഏപ്രില്‍ ഒമ്പതിനും പത്തിനും പ്രതിദിന രോഗബാധ ഒന്നരലക്ഷം കടക്കുകയും ചെയ്തു. മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു ഇന്ത്യ. കേരളത്തിലെ രോഗബാധിതരുടെ നിരക്ക് അന്ന് രണ്ട് ശതമാനത്തില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് 12.5 ശതമാനമായി കുത്തനെ ഉയരുകയുണ്ടായി. രണ്ടാം തരംഗവും മറികടന്നെന്ന് ആശ്വാസം കൊള്ളുന്നതിനിടെയാണ് ഇപ്പോള്‍ മൂന്നാം ഘട്ടം വന്നെത്തിയിരിക്കുന്നത്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ അത്ര പെട്ടെന്ന് വിട്ടൊഴിയുന്ന രോഗമല്ല കൊവിഡ് വൈറസ്. മൂന്നാംഘട്ടം മറികടന്നാലും വകഭേദത്തിലൂടെ വൈറസ് വീണ്ടും രംഗത്ത് വരാന്‍ സാധ്യതയുണ്ട്. നിലനില്‍പ്പിന് ആവശ്യമായ രീതിയില്‍ കൊവിഡിന് നിരന്തരമായ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ഈ സാഹചര്യത്തില്‍ മാസ്‌ക്, വൃത്തി തുടങ്ങി വൈറസിനെതിരെ വ്യക്തിപരമായി അനുഷ്ഠിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരേണ്ടതുണ്ട്. പൊതുയിടങ്ങളില്‍ സാനിറ്റൈസറുകളും സോപ്പും കൈകഴുകല്‍ സംവിധാനങ്ങളും ഇല്ലാതായതും പൊതുഗതാഗത സംവിധാനങ്ങളിലും കടകളിലും ബീച്ചിലും പാര്‍ക്കിലുമെല്ലാം ആളുകള്‍ കൊവിഡ് ഭീഷണി മറന്നതുമാണ് രണ്ടാം വരവിന് ശക്തിപകര്‍ന്നതെന്നാണ് നിരീക്ഷണം. കൊവിഡിന്റെ മൂന്നാം വരവ് ലോക രാജ്യങ്ങളില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, കഴിഞ്ഞ ഡിസംബറില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളോടും, പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും കൊവിഡിനെതിരായ അവബോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇടക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണമെന്നും പ്രായമായവരുടെയും അനുബന്ധ രോഗമുള്ളവരുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേകം കരുതല്‍ വേണമെന്നും യോഗം നിര്‍ദേശിച്ചു. എന്നാല്‍ ജില്ലാതലങ്ങളില്‍ ഇക്കാര്യത്തില്‍ മതിയായ തോതിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായില്ല. സംസ്ഥാനത്ത് രോഗം വീണ്ടും ക്രമാതീതമായി വ്യാപിക്കാന്‍ കാരണമിതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
source https://www.sirajlive.com/the-threat-of-covid-is-not-going-away.html
إرسال تعليق