ബ്രഹ്മപുരത്തിന് പിന്നാലെ പറവൂരിലും വിവാദപ്പുക

പറവൂര്‍ | നഗരസഭ പത്താം വാര്‍ഡിലെ ഡബിംഗ് ഗ്രൗണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അടിഞ്ഞുകൂടിക്കിടക്കുന്ന ജൈവ പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് സിറാജ് ചിത്ര സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബ്രഹ്മപുരത്തെ തീപ്പിടിത്ത ശേഷം കഴിഞ്ഞ എട്ടിനാണ് നഗരസഭയുടെ വെടിമറയിലെ ഡബിംഗ് ഗ്രൗണ്ടിലെ മാലിന്യശേഖരങ്ങളും അത് ഉയര്‍ത്തുന്ന ഭീഷണികളും സിറാജ് ചൂണ്ടിക്കാണിച്ചത്.

വാര്‍ത്ത വന്നശേഷമാണ് നഗരസഭാ അധികൃതരും പ്രതിപക്ഷവും വിവിധ സംഘടനകളും വെടിമറയിലെ മാലിന്യ ബോംബിനെക്കുറിച്ച് തിരിച്ചറിഞ്ഞത്.

അപകടം മണത്ത നഗരസഭാ അധികൃതര്‍ അടുത്ത ദിവസം മുതല്‍ പ്ലാസ്റ്റിക് മാലിന്യനീക്കം ശക്തമാക്കി. ചാനലുകളും പത്രങ്ങളും വൈകിയാണെങ്കിലും വിഷയം ഏറ്റെടുത്തതോടെ പ്രതിപക്ഷത്തിനും ജീവന്‍വെച്ചു. 2020 ഫെബ്രുവരി 23ന് ഡബിംഗ് ഗ്രൗണ്ടില്‍ ശേഖരിച്ചിരുന്ന മാലിന്യശേഖരത്തിന് തീപ്പിടിച്ചു. രണ്ട് ദിവസം കൊണ്ടാണ് തീ പൂർണമായും അണക്കാനായത്. വി ഡി സതീശന്‍ എം എല്‍ എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി പരിഹാര മാർഗങ്ങള്‍ തേടി.

നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് മറ്റൊരിടത്ത് ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. അതിന് ശേഷമാണ് ഇന്ന് സി പി എം ടൗണ്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. പ്രതിപക്ഷം സ്ഥിരമായി പ്രതിനിധീകരിച്ചു കൊണ്ടിരുന്ന നഗരസഭാ പത്താം വാര്‍ഡില്‍ മാലിന്യം മലപോലെ കുന്നുകൂടിയത് അറിഞ്ഞില്ലെന്നത് ജനം അംഗീകരിക്കുന്നില്ല.

നഗരസഭ ഇടതുപക്ഷം ഭരിക്കവെയാണ് ഡംബിംഗ് ഗ്രൗണ്ടില്‍ ഖരമാലിന്യ നിര്‍മാർജന ജൈവവള ഉത്പാദന കേന്ദ്രം ആരംഭിച്ചത്. അഡ്വ. എന്‍ എ അലി ചെയര്‍മാനായിരിക്കെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയാണ് 1999 നവംബര്‍ രണ്ടിന് പദ്ധതി ഉദ്ഘാടനം ചെയ്തത്. അതിന് ശേഷം ഇടതുപക്ഷത്തിന് പലവട്ടം ഭരണം ലഭിച്ചിട്ടും പദ്ധതിയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന് ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോഴത്തെ പ്രതിപക്ഷമായ ഇടതുപക്ഷം സമരം രംഗത്തുള്ളത്.



source https://www.sirajlive.com/controversy-in-paravur-after-brahmapuram.html

Post a Comment

Previous Post Next Post