‘ഹിന്ദുത്വ ഹരജി’ക്ക് ഭരണഘടന കൊണ്ട് മറുപടി

ഇന്ത്യാ ചരിത്രത്തിലെ തന്നെ വളരെ നിര്‍ണായകമായ നിരവധി കേസുകളില്‍ വിധി പുറപ്പെടുവിച്ച സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിരമിച്ച ശേഷം ബി ജെ പി ടിക്കറ്റില്‍ രാജ്യസഭയിലെത്തിയത് വര്‍ത്തമാന ഇന്ത്യയില്‍ കൗതുകകരമോ അത്ഭുതകരമോ ആയ ഒരു വാര്‍ത്തയായിരുന്നില്ല. ഏറ്റവുമൊടുവില്‍ അയോധ്യ വിധി പ്രസ്താവിച്ച ബഞ്ചിലുണ്ടായിരുന്ന ജഡ്ജി അബ്ദുല്‍ന്നസീര്‍ ആന്ധ്രയുടെ ഗവര്‍ണറായി മാറിയതടക്കം, കോടതികളും ന്യായാധിപരുമായി ബന്ധപ്പെട്ട എത്രയോ വാര്‍ത്തകള്‍ നീതിന്യായ സംവിധാനത്തിലുള്ള നമ്മുടെ വിശ്വാസത്തിന് പോറലേല്‍പ്പിക്കുന്നതായിരുന്നു. ഒരു ജനാധിപത്യ വിശ്വാസിക്ക് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിച്ച് നിലകൊള്ളുക എന്നത് ഏറെ പ്രയാസകരമായിത്തീരുന്ന വര്‍ത്തമാന കാലത്ത്, ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു സംഭവം ഇക്കഴിഞ്ഞ ദിവസം നമ്മുടെ സുപ്രീം കോടതിയിലുണ്ടായി. ഇന്ത്യയിലെ ചരിത്ര സ്ഥലങ്ങളെയെല്ലാം പുനര്‍നാമകരണം ചെയ്യണമെന്ന അഡ്വ. അശ്വിനി ഉപാധ്യായയുടെ ‘ഹിന്ദുത്വ ഹരജി’ക്ക് മുന്നില്‍ നമ്മുടെ സുപ്രീം കോടതി നീതിയുടെ ഭരണഘടനയുമായി ശക്തിയുക്തം നിലകൊണ്ടു. ഇന്ത്യന്‍ മതനിരപേക്ഷതയുടെ മൂല്യവത്തായ അര്‍ഥം ഒരിക്കല്‍ കൂടി നമ്മുടെ പരമോന്നത കോടതിയില്‍ മുഴങ്ങിക്കേട്ടു. തീവ്ര വര്‍ഗീയതയുടെ വിഷം പുരണ്ട, ഭിന്നിപ്പ് ലക്ഷ്യമാക്കിയുള്ള ഒരു ഹരജിയെ ഇന്ത്യന്‍ ഭരണഘടനയെന്ന, ബഹുസ്വരതയിലും സാഹോദര്യത്തിലുമധിഷ്ഠിതമായ ജനാധിപത്യ മൂല്യവ്യവസ്ഥ കൊണ്ട് തടുക്കാന്‍ രണ്ട് ന്യായാധിപന്‍മാര്‍ക്ക് സാധിച്ചു. രാജ്യത്തെ ചരിത്ര സ്ഥലങ്ങളുടെയെല്ലാം പേര് മാറ്റുകയെന്ന ആവശ്യത്തിലൂടെ നമ്മുടെ സൈ്വരാന്തരീക്ഷത്തെ കലുഷിതമാക്കുകയാണോ താങ്കളുടെ ഉദ്ദേശ്യമെന്ന് ഹരജിക്കാരനോട് തിരികെ ചോദിച്ച ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് ബി വി നാഗരത്നയുമടങ്ങുന്ന ബഞ്ച് ഇന്ത്യന്‍ മതനിരപേക്ഷതയുടെ കാതല്‍ ഒരിക്കല്‍ കൂടി ഉയര്‍ത്തിപ്പിടിച്ചു. ഭാവി തലമുറകളെപ്പോലും ഭൂതകാലത്തിന്റെ തടവറയിലടക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന താക്കീതാണ് ആ ന്യായാധിപര്‍ വര്‍ഗീയ ഭിന്നിപ്പ് ലക്ഷ്യമാക്കിയെത്തിയ ഹരജിക്കാരന് നല്‍കിയത്.

ഭരണഘടനയുടെ ആമുഖത്തിലെ, സാഹോദര്യമെന്ന സുവര്‍ണ തത്ത്വത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സൗഹാര്‍ദം മാത്രമേ രാജ്യത്തെ മുന്നോട്ട് നയിക്കൂ എന്നും ചൂണ്ടിക്കാട്ടിയ പരമോന്നത കോടതി ഹരജിക്കാരന്‍ ലക്ഷ്യമാക്കുന്നത് ഏത് മതവിഭാഗത്തെയാണെന്നതും വ്യക്തമാക്കി. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് നയമാണ് നമ്മുടെ രാജ്യത്തെ ഇത്രമേല്‍ സംഘര്‍ഷങ്ങളിലേക്ക് തള്ളിവിട്ടതെന്നും, ഇനിയും അതേ സാഹചര്യത്തിലേക്ക് നാം തിരിച്ചുപോകരുതെന്നും കോടതി ഹരജിക്കാരന് മുന്നറിയിപ്പ് നല്‍കിയെന്ന് മാത്രമല്ല, ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ പോലും നിരാകരിച്ചുകൊണ്ട് ഹരജി തള്ളുകയാണുണ്ടായത്. ഒരു സ്ഥലത്തിന്റെയും പേര് മാറ്റാന്‍ പാടില്ലെന്ന മൗലിക നിലപാടല്ല പരമോന്നത കോടതി ഇവിടെ ഉയര്‍ത്തിപ്പിടിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ എത്രയോ അധികം സ്ഥലങ്ങളുടെ പേരുകള്‍ പല കാലങ്ങളില്‍ പല കാരണങ്ങളാല്‍ മാറ്റപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ സ്ഥല പുനര്‍നാമകരണമെന്ന ഇപ്പോഴത്തെ ഹിന്ദുത്വ പദ്ധതിയുടെ ലക്ഷ്യവും രാഷ്ട്രീയവും ഒരു ഫാസിസ്റ്റ് ഉന്‍മൂലന പദ്ധതിയുടെ ഭാഗമാണെന്ന തിരിച്ചറിവില്‍ നിന്നാണ് കോടതി ഇടപെട്ടത്. സമ്പന്നവും വൈവിധ്യപൂര്‍ണവുമായ നമ്മുടെ ചരിത്രത്തില്‍ നിന്ന് മുസ്ലിംകളുമായി ബന്ധപ്പെട്ട അടരുകളെയെല്ലാം തിരഞ്ഞുപിടിച്ച് പിഴുതെറിയാനുള്ള വര്‍ഗീയ കുതന്ത്രം മാത്രമാണത്. ആ തന്ത്രങ്ങളുടെ ഭാഗമായാണ് ചരിത്ര പ്രസിദ്ധമായ അലഹബാദ് എന്ന നഗരം പ്രയാഗ് രാജായി മാറിയത്. അങ്ങനെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദ് ഛത്രപതി സംഭാജി നഗറായി മാറിയത്. ഇതേ രാഷ്ട്രീയ വഴിയിലാണ് രാഷ്ട്രപതി ഭവന് ചുറ്റിലുമുള്ള മുഗള്‍ ഗാര്‍ഡന്‍ അമൃത ഉദ്യാനമായും ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്്‌ലാ സ്റ്റേഡിയം അരുണ്‍ ജെയ്്റ്റ്്‌ലി സ്റ്റേഡിയമായും ഉസ്മാനാബാദ് എന്ന നഗരം ധാരാശിവ് ആയും മാറിയത്. ഇതേ അമ്പുകള്‍ തറച്ചാണ് മുഗള്‍സാരായി ദീന്‍ ദയാല്‍ ഉപാധ്യായ നഗറായും ഫൈസാബാദ് അയോധ്യയായും മാറിയത്. ഗുജറാത്തിന്റെ തലസ്ഥാനമായ അഹ്മദാബാദിനെ കര്‍ണാവതിയാക്കി മാറ്റാനുള്ള പ്രക്രിയകളായും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ചരിത്ര നഗരമായ ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റാനുള്ള ആഹ്വാനങ്ങളായും ഈ രാഷ്ട്രീയ പദ്ധതി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ മുസ്ലിം സംസ്‌കാരവുമായി ബന്ധമുള്ളതോ ഉര്‍ദു ഭാഷയില്‍ രൂപംകൊണ്ടതോ ആയ പേരുകളെല്ലാം മാറ്റി അവയെ ഹൈന്ദവവത്കരിക്കണമെന്ന കുടിലതയാണ് ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍. ഭക്ഷണം, വസ്ത്രം, ഭാഷ, ജീവിത രീതി, ആരാധനാലയങ്ങള്‍ തുടങ്ങി മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട സര്‍വ മണ്ഡലങ്ങളെയും ലക്ഷ്യം വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ പരമമായ ലക്ഷ്യം, മുസ്ലിം എന്നത് ഇന്ത്യ എന്ന സങ്കല്‍പ്പത്തിനുള്ളില്‍ നില്‍ക്കുന്നതല്ല എന്ന പൊതുബോധം സൃഷ്ടിക്കുക കൂടിയാണ്. അതിലൂടെ മുസ്ലിം ഉന്‍മൂലന പദ്ധതികള്‍ക്കനുയോജ്യമായ ഭൂരിപക്ഷ മനോനിലയെ സൃഷ്ടിച്ചെടുക്കുകയാണ്.

നുണകളിലധിഷ്ഠിതമായൊരു സമാന്തര ചരിത്രത്തെ കൃത്രിമമായി നിര്‍മിച്ചെടുത്ത് അത് സാധാരണ ഹിന്ദുവിന്റെ ചിന്തയില്‍ കുത്തിനിറച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണവര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹം മുന്‍കാലങ്ങളിലെ മുസ്ലിം ഭരണാധികാരികളാല്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്നും അവര്‍ നടത്തിയ സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമായാണ് ഉറുദു പേരുള്ള സ്ഥലങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായതെന്നുമുള്ള ഒരു പൊതുധാരണയുണ്ടാക്കാനാണ് പരിവാര്‍ സംഘടനകള്‍ കാലങ്ങളായി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, ഗുപ്തന്‍മാരുടെ ഭരണകാലം ഇന്ത്യയുടെ സുവര്‍ണ കാലമായിരുന്നുവെന്നും 1,200 വര്‍ഷങ്ങള്‍ക്കു മുമ്പ് മുഗളന്‍മാരുടെ അധിനിവേശത്തോടെ ആ സുവര്‍ണ കാലം നഷ്ടമായെന്നുമുള്ള ഗൃഹാതുരചിന്ത വളരെ ആസൂത്രിതമായ തരത്തില്‍ ഓരോരുത്തരുടെയും മനസ്സില്‍ കുത്തിവെച്ചുകൊണ്ടാണ് ഈ ഫാസിസ്റ്റ് പദ്ധതികള്‍ മുന്നോട്ടുപോകുന്നത്. ഓരോ ഇന്ത്യക്കാരനും 1,200 വര്‍ഷമായി അടിമയായോ അടിമയുടെ മാനസികാവസ്ഥയിലോ കഴിയുകയാണെന്ന് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ രാഷ്ട്രപതിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ശേഷം നന്ദി അര്‍പ്പിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതിനെ മേല്‍പ്പറഞ്ഞ നീക്കങ്ങളുമായി നാം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അനീതിയെന്ന് വിശേഷിപ്പിക്കാവുന്ന ബാബരി മസ്ജിദ് ധ്വംസനവും പതിറ്റാണ്ടുകള്‍ക്കിപ്പുറം ആ മണ്ണില്‍ നടത്തിയ രാമക്ഷേത്ര ശിലാന്യാസവുമെല്ലാം അവര്‍ക്ക് എളുപ്പത്തില്‍ സാധ്യമായതും ഈ വ്യാജ പ്രചാരണത്തിന് അടിത്തട്ടില്‍ നിന്നുള്ള പിന്തുണ നേടാന്‍ സാധിച്ചു എന്നതുകൊണ്ടാണ്. നഷ്ടത്തിന്റെയും അധിനിവേശത്തിന്റെയും വ്യാജ കഥകള്‍ ചമയ്ക്കപ്പെടുന്ന കാശിയിലും മഥുരയിലും ഗ്യാന്‍വാപിയിലുമെല്ലാം ഇനിയും അവര്‍ പ്രയോഗിക്കാന്‍ പോകുന്നതും ഇതേ തന്ത്രങ്ങള്‍ തന്നെയാണ്.

ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്നയുമടങ്ങിയ ബഞ്ച് അഡ്വ. അശ്വിനി ഉപാധ്യായക്ക് നല്‍കിയ മറുപടിയില്‍ മറ്റൊരു സന്ദേശം കൂടിയുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസത്തിലധിഷ്ഠിതമായ ഇന്ത്യന്‍ ഭൂരിപക്ഷ ജനസാമാന്യത്തിന്റെ ജീവിതവും രാഷ്ട്രീയ ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസത്തെ വേര്‍തിരിച്ച് അടയാളപ്പെടുത്തിക്കൊണ്ടായിരുന്നു അത്. ഹിന്ദുവിന്റെ പേരിലായിരുന്നു ഹരജിക്കാരന്റെ വാദം എന്നതിനാല്‍ ഹിന്ദുമതം എന്താണെന്നത് അദ്ദേഹത്തെ ബോധ്യപ്പെടുത്താനും കോടതി മടിച്ചില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലതയുള്ള ഒരു ജീവിത രീതിയാണ് ഹിന്ദുവെന്നും അതില്‍ മതാന്ധതക്ക് സ്ഥാനമില്ലെന്നും അശ്വിനി ഉപാധ്യായയെ കോടതി ഓര്‍മിപ്പിച്ചു. ഭൂതകാലത്ത് നിന്ന് കുഴിച്ചെടുത്ത വെറുപ്പുകള്‍ കൊണ്ട് വര്‍ത്തമാനകാലത്ത് അശാന്തി വിതക്കരുതെന്ന കോടതിയുടെ പരാമര്‍ശം ജീവിതവും നിലനില്‍പ്പുമായി ബന്ധപ്പെട്ട ആശങ്കയില്‍ കഴിയുന്ന മനുഷ്യരെ സംബന്ധിച്ച് അങ്ങേയറ്റം ആശ്വാസം നല്‍കുന്നതാണ്.
(ട്രൂകോപ്പി തിങ്ക് കറസ്പോണ്ടന്റാണ് ലേഖകന്‍)

 



source https://www.sirajlive.com/answer-to-the-39-hindutva-petition-39-with-the-constitution.html

Post a Comment

أحدث أقدم