മുസ്ലിം  ലീഗിന്റെ സുപ്രധാന സംസ്ഥാന കൗണ്‍സില്‍ ഇന്നു കോഴിക്കോട്

കോഴിക്കോട് | മുസ്്‌ലിം ലീഗിന്റെ സുപ്രധാന സംസ്ഥാന കൗണ്‍സില്‍ ഇന്നു കോഴിക്കോട് ലീഗ് ഹൗസില്‍ ചേരും.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് പ്രധാന അജന്‍ഡ. ഭാരവാഹികളെക്കുറിച്ചുള്ള ധാരണ നേരത്തെ നേതൃത്വം ധാരണയില്‍ എത്തിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം കെ മുനീറിനെ കൊണ്ടുവരാനുള്ള ശക്തമായ നീക്കമാണു നടക്കുന്നത്.
ജില്ലാ ഭാരവാഹികളുമായി പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍പേരും എം കെ മുനീറിനെ പിന്തുണച്ചു എന്നാണുവിവരം. പി എം എ സലാമിനെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കാന്‍ കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം നടത്തിയിരുന്നു. ഇതോടെയാണ് മറുപക്ഷം സംഘടിതമായി നീങ്ങിയത്.

രാവിലെ 11 മണിക്കാണ് കൗണ്‍സില്‍. ജന. സെക്രട്ടറി കാര്യത്തില്‍ അതിനുമുമ്പു സമവായം ഉണ്ടായില്ലെങ്കില്‍ മത്സരം ഉണ്ടാവാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനാണു സാദിഖലി തങ്ങള്‍ ശ്രമിക്കുന്നത്.
പി എം എ സലാമിനെ മുന്നില്‍ നിര്‍ത്തി ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ ചിലരെ അനഭിമതരാക്കി മാറ്റിയെന്ന ആരോപണം ശക്തമാണ്. യൂത്ത് ലീഗ്, ഹരിത തുടങ്ങിയ പോഷക സംഘടനകള്‍ മുനീറിനുവേണ്ടി ശക്തമായി രംഗത്തുണ്ട്. കെ എം ഷാജി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ ശക്തമായ പിന്‍തുണയോടെയാണ് മുനീര്‍ ജന.സെക്രട്ടറി സ്ഥാനത്തിനായി പിടിമുറുക്കിയത്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നു പി കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയപ്പോള്‍ എം കെ മുനീറിന്റെ പ്രതിപക്ഷ ഉപനേതാവ്, നിയമസഭാ കക്ഷിനേതാവ് തുടങ്ങിയ പദവികള്‍ നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ സുപ്രധാന പദവി വേണമെന്ന ആവശ്യവുമായി എം കെ മുനീര്‍ ഏറെക്കാലമായി കരുക്കള്‍ നീക്കുന്നു.

 



source https://www.sirajlive.com/important-state-council-of-muslim-league-today-in-kozhikode.html

Post a Comment

أحدث أقدم