കോഴിക്കോട്| അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഭിന്നശേഷിക്കാരായ പല വിദ്യാർഥികൾക്കും ലഭിക്കേണ്ട എസ് എസ് എൽ സി പരീക്ഷാ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഇത്തരം വിദ്യാർഥികളെ സ്‌കൂൾ തലത്തിൽ സ്‌ക്രീനിംഗിലൂടെ കണ്ടെത്തി പഠന വൈകല്യ നിർണയം മെഡിക്കൽ ക്യാമ്പുകൾക്ക് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന് റിപോർട്ട് നൽകാറാണ് പതിവ്.
ഒന്നാം പരീക്ഷ ആരംഭിച്ചിട്ടും അപേക്ഷിച്ച പലർക്കും സർക്കാറിൽ നിന്ന് ഉത്തരവ് ലഭിച്ചിട്ടില്ല. ഇതിനാൽ സാധാരണ വിദ്യാർഥികൾക്കൊപ്പം തന്നെയാണ് ആദ്യദിവസം ഇവരും പരീക്ഷയെഴുതിയത്. സ്‌പെഷ്യൽ എജ്യുക്കേറ്റർമാരാണ് പഠന പിന്നാക്കാവസ്ഥയുള്ള ഇത്തരം വിദ്യാർഥികളെ കണ്ടെത്തുന്നത്. തുടർന്ന് ഇംഹാൻസ് പോലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധർ ക്യാമ്പുകളിൽ വെച്ച് കുട്ടികളെ പരിശോധിച്ച് പ്രശ്‌നങ്ങൾ വിലയിരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ റിപോർട്ട് നൽകുകയും ചെയ്യും. ഈ റിപോർട്ട് ഡി ഇ ഒവിലേക്ക് സമർപ്പിക്കുകയും തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുകയും ചെയ്യും. ഇതിന് ശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് കേന്ദ്രീകരിച്ചാണ് ഇതിന്റെ ഉത്തരവിറക്കേണ്ടത്.
വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് ഉത്തരവിറക്കാൻ കാലതാമസം വരുത്തുന്നുവെന്നാണ് ആക്ഷേപം. ജൂൺ, ജുലൈ മാസങ്ങളിൽ തന്നെ എസ് എസ് എൽ സി പരീക്ഷയെഴുതുന്ന ഇത്തരം വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങൾക്കായി അപേക്ഷാ നടപടികൾ ആരംഭിക്കാറുണ്ട്. എന്നാൽ പരീക്ഷ അടുക്കാറാകുമ്പോൾ മാത്രം ഇക്കാര്യത്തിൽ ധൃതിപിടിച്ച് നടപടികളാരംഭിക്കുന്നതാണ് പലർക്കും ആനുകൂല്യം നഷ്ടപ്പെടാൻ കാരണം. ഉത്തരവ് ലഭിക്കാത്ത പക്ഷം ഇവർക്ക് പ്രത്യേക പരിഗണന നൽകാൻ പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് കഴിയില്ല. വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സഹായിയായി മറ്റൊരു വിദ്യാർഥിയെ അനുവദിക്കാറുണ്ട്. അല്ലെങ്കിൽ കൂടുതൽ സമയം അനുവദിക്കും. ഇവരെ പ്രത്യേക ക്ലാസ്സ് മുറികളിലാണ് പരീക്ഷ എഴുതിക്കാറുള്ളത്. എന്നാൽ ഉത്തരവില്ലാത്ത തിനാൽ സാധാരണ കുട്ടികളുടെ കൂടെയിരുന്ന് പരീക്ഷയെഴുതുമ്പോൾ പഠന വൈകല്യമുള്ളതിനാൽ ശരിയായ രീതിയിൽ ഉത്തരം എഴുതാൻ കഴിയില്ല. ഇത് ഇവരുടെ പരീക്ഷാ ഫലത്തെ ബാധിക്കും.
ആദ്യത്തെ പരീക്ഷ കഴിഞ്ഞിട്ടും സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും പ്രത്യേക പരീക്ഷാ ആനുകൂല്യത്തിനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അനുകൂലമായി ഉത്തരവിറങ്ങാതിരിക്കുന്നത് ഇവരുടെ ഭാവിയെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
source https://www.sirajlive.com/the-differently-abled-students-have-lost-sslc-exam-benefits.html
إرسال تعليق