കൊച്ചി | അന്തരിച്ച നടനും മുൻ എം പിയുമായ ഇന്നസെന്റി(75)ൻ്റെ പൊതുദർശനം ആരംഭിച്ചു. രാവിലെ എട്ട് മുതൽ 11 വരെയാണ് കലൂർ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു, കൃഷി മന്ത്രി പി പ്രസാദ് അടക്കമുള്ളവർ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് മരണ വിവരം അറിയിച്ചത്.
ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. നാളെയാണ് സംസ്കാരം. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐ സി യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും നില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഭാര്യ: ആലീസ്, മകൻ: സോണറ്റ്.
മലയാളത്തിന്റെ ഹാസ്യ താരങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമായ ഇന്നസെന്റ്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹാസ്യ വേഷങ്ങളെ തന്മയത്വത്തോടെയും വഴക്കത്തോടെയും കൈകാര്യം ചെയ്തു. 750ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. “നൃത്തശാല’ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതത്തിന് തുടക്കമിട്ടത്. മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ്, ഗാനമേള തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. മൂന്ന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കി.
അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമായിരുന്നു. 2014ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ച് പാർലിമെന്റിലെത്തി. 1979ൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ “അമ്മ’ യുടെ പ്രസിഡന്റായിരുന്നു. തന്റെ ഓർമകളെ ആസ്പദമാക്കി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
source https://www.sirajlive.com/innocent-39-s-public-appearance-shortly-after.html
Post a Comment