അയോഗ്യതാ നടപടിയും രാഹുലിന്റെ ഭാവിയും

വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന അവസ്ഥയാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയും കോണ്‍ഗ്രസ്സിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും തടയുകയാണ് ബി ജെ പി ഇതിലൂടെ ലക്ഷ്യമാക്കിയതെങ്കിലും, അദ്ദേഹത്തിന്റെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം ദേശീയതലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ തന്നെ രാഹുലിന്റെ ജനപിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പാര്‍ട്ടി തലത്തില്‍ കോണ്‍ഗ്രസ്സില്‍ പുത്തനുണര്‍വ് കൈവന്നിട്ടുമുണ്ട്. തിരഞ്ഞെടുപ്പുകളിലെ തുടരെ തുടരെയുള്ള പരാജയം കാരണം മയക്കത്തിലും നിരാശയിലുമായിരുന്ന നേതൃത്വവും അണികളും രാജ്യമെമ്പാടും സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ്. വിവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസ്സുമായി അകന്നു നിന്ന നേതാക്കളും പ്രവര്‍ത്തകരും വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പ്രത്യേക തെലങ്കാന സംസ്ഥാനമെന്ന വിഷയവുമായി ബന്ധപ്പെട്ട് 2015ല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ഇറങ്ങിപ്പോയ, അവിഭക്ത ആന്ധാപ്രദേശ് കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷന്‍ ഡി. ശ്രീനിവാസന്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഹൈദരാബാദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുകയുണ്ടായി. താന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ ചേരുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ മകനും നിസാമാബാദ് മുന്‍ മേയറുമായിരുന്ന സഞ്ജയും കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ തന്നെ രാഹുലിനെ നേതൃസ്ഥാനത്ത് അവരോധിക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്ന നേതാക്കള്‍, അയോഗ്യതാ നടപടിക്കെതിരെ അരങ്ങേറുന്ന പ്രതിഷേധത്തില്‍ സജീവമായി പങ്കെടുക്കുന്നതും രാഹുലിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ്സിനോട് പലര്‍ക്കും ഉണ്ടായിരുന്ന അയിത്തം മാറാനും ഇത് കാരണമായി. പാര്‍ലിമെന്റില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും പാര്‍ലിമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിലും കോണ്‍ഗ്രസ്സിനോടൊപ്പം ഇടതുപക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ്സ്, ആം ആദ്മി, സമാജ് വാദി തുടങ്ങിയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തത് ശ്രദ്ധേയമാണ്. ബി ജെ പിയുടെ വിമര്‍ശകരാണ് പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളുമെങ്കിലും പൊതുവായ വിഷയങ്ങളില്‍ ഒരുമിച്ചു ശബ്ദമുയര്‍ത്തുന്നത് അപൂര്‍വമാണ്. പൊതു തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനും മതേതര വിശ്വാസികള്‍ക്കും പ്രതീക്ഷയേകുന്നതാണ് രാഹുല്‍ വിഷയത്തിലെ പ്രതിപക്ഷ ഐക്യം. ബി ജെ പിക്കെതിരെ ഇതുവരെയും സാധ്യമാകാത്ത ഒരു വിശാല പ്രതിപക്ഷ ഐക്യത്തിന്റെ മുന്നോടിയായി ഈ ഐക്യത്തെ കാണുന്നവരുണ്ട്. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റ് തീരുമാനത്തിനെതിരെ ആളിക്കത്തുന്ന പ്രതിഷേധം പ്രതിപക്ഷ ഐക്യശബ്ദമാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സ് സ്ട്രാറ്റജി യോഗം തീരുമാനമെടുത്തിരിക്കുകയുമാണ്. നിനച്ചിരിക്കാതെ കോണ്‍ഗ്രസ്സിനും പ്രതിപക്ഷ നിരക്കും കിട്ടിയ മികച്ചൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ ചിന്താശൂന്യമായ നടപടി.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംഭവം റിപോര്‍ട്ട് ചെയ്ത നടപടിയും രാഹുലിന് ഒരു രാഷ്ട്രീയ രക്തസാക്ഷിയുടെ പരിവേഷം നല്‍കുന്നുണ്ട്. ജനാധിപത്യത്തിനു നേരേയുള്ള ബി ജെ പി സര്‍ക്കാറിന്റെ കടന്നാക്രമണമെന്ന നിലയിലാണ് വിദേശ മാധ്യമങ്ങള്‍ സംഭവത്തെ വിലയിരുത്തുന്നത്. ബി ജെ പിക്കെതിരെയുള്ള നേരിട്ടുള്ള പോരാട്ടത്തിന്റെ ഇരയായി രാഹുലിനെ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ്, ബി ബി സി, ഗാര്‍ഡിയന്‍ ആസ്ത്രേലിയ, അശ്റഖ് ന്യൂസ് (സഊദി അറേബ്യ), ആര്‍ എഫ് ഐ (ഫ്രാന്‍സ്), സി എന്‍ എന്‍ തുടങ്ങി നിരവധി വിദേശ മാധ്യമങ്ങള്‍ ഈ നിലയിലാണ് വാര്‍ത്ത നല്‍കിയത്. ബി ജെ പി ഭരണത്തില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടത്തിലാണെന്ന് നിരവധി വിദേശ മാധ്യമങ്ങളും ഐക്യരാഷ്ട്ര സഭ തന്നെയും നേരത്തേ ആശങ്ക പ്രകടിപ്പിച്ചതാണ്.

‘പപ്പു’വും ‘വിവരമില്ലാത്ത കോമാളി’യും, ‘കാര്യപ്രാപ്തിയില്ലാത്ത രാഷ്ട്രീയക്കാരനു’മൊക്കെയായിരുന്നു സമീപ കാലം വരെയും ബി ജെ പിക്കും അവരുടെ മാധ്യമങ്ങള്‍ക്കും രാഹുല്‍ ഗാന്ധി. എന്നാല്‍ ഗൗരവമുള്ള ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. ലോക്സഭയില്‍ അദ്ദേഹത്തിന്റെ ശബ്ദം ബി ജെ പി ഭയക്കുന്നുവെന്നാണ് ജുഡീഷ്യറിയെ കൂട്ടുപിടിച്ച് കേന്ദ്രം നടത്തിയ കളികള്‍ വ്യക്തമാക്കുന്നത്. തനിക്കെതിരെ ബി ജെ പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ രാഹുല്‍ പാര്‍ലിമെന്റില്‍ എത്തിയപ്പോള്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്നതും, സൂറത്ത് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള സമയം പോലും നല്‍കാതെ ധൃതിപിടിച്ച് അദ്ദേഹത്തെ അയോഗ്യനാക്കിയതും ബി ജെ പി നേതൃത്വത്തിന് ഒരു പേടി സ്വപ്നമായി രാഹുല്‍ മാറിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

വേട്ടയാടപ്പെട്ടവരും തഴയപ്പെട്ടവരും കൂടുതല്‍ ശക്തിയാര്‍ജിച്ച് തിരിച്ചു വന്നതിന് രാഷ്ട്രീയ മേഖലയില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. 33 വര്‍ഷം മുമ്പ്, പശ്ചിമ ബംഗാള്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന നേതാവായിരുന്ന മമതാ ബാനര്‍ജിയുടെ തല അടിച്ചു പൊട്ടിച്ചാണ് സി പി എമ്മുകാര്‍ അവരെ ഒതുക്കാന്‍ ശ്രമിച്ചത്. ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയായിരുന്നു സംഭവം. സി പി എമ്മിനെ തറപറ്റിച്ച് ബംഗാളില്‍ അധികാരം പിടിച്ചെടുത്താണ് മമത അതിന് പ്രതികാരം വീട്ടിയത്. എം ജി ആറിന്റെ ശവഘോഷ യാത്രയില്‍ നിന്ന് അണ്ണാ ഡി എം കെക്കാര്‍ ഇറക്കിവിട്ട ജയലളിത പില്‍ക്കാലത്ത് പാര്‍ട്ടിയുടെ നായകത്വവും സംസ്ഥാനത്തിന്റെ ഭരണ നേതൃത്വവും കൈപിടിയിലൊതുക്കി. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ്സ് നേതാവായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തിനു ശേഷം മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിപദത്തില്‍ കയറാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ കേസില്‍ പെടുത്തി ജയിലിലടച്ചു. ഇന്നദ്ദേഹം ആന്ധാപ്രദേശ് മുഖ്യമന്ത്രിയാണ്. നിലവില്‍ ആന്ധ്രയിലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാവായി ജഗന്‍ മോഹന്‍ റെഡ്ഡി വളര്‍ന്നു. കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് പാടേ ക്ഷയിക്കുകയും ചെയ്തു. രാഹുലിനെതിരായ കേന്ദ്ര നടപടി, അദ്ദേഹത്തിന് കൂടുതല്‍ കരുത്തോടെ തിരിച്ചു വരാനുള്ള പ്രചോദനമായി മാറുമോ എന്നാണ് രാഷ്ട്രീയ മേഖല ഉറ്റുനോക്കുന്നത്.

 



source https://www.sirajlive.com/disqualification-proceedings-and-rahul-39-s-future.html

Post a Comment

أحدث أقدم