പ്രാദേശിക കോടതികളില്‍ നിന്ന് ഭരണകൂട അനുകൂല വിധികള്‍ തുടര്‍ച്ചയായി വരുന്നുവെന്നത് ഒരു ഇന്ത്യന്‍ യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. അടുത്ത കാലത്തായി രാജ്യത്തെ വിവിധ കോടതികളില്‍ നിന്ന് ഭരണകൂട അനുകൂല വിധികള്‍ വന്നു കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് വിധിച്ച് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വിധിയും സമാനമാണെന്ന് സംശയിക്കുന്നവരുണ്ട്. കേവല പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ലിമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കുന്ന തരത്തിലേക്ക് നീങ്ങേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യവും ശിക്ഷ വിധിച്ച് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് പാര്‍ലിമെന്റ് അംഗത്വത്തിന് അയോഗ്യത വന്നിരിക്കുന്നുവെന്ന വസ്തുതയും വിധിക്ക് പിന്നില്‍ ഭരണകൂട താത്പര്യം കലര്‍ന്നിരിക്കുന്നുവെന്ന കോണ്‍ഗ്രസ്സ് സംശയത്തെ ബലപ്പെടുത്തുന്നതാണ്. ക്രിമിനല്‍ മാനനഷ്ടക്കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിക്ഷ വിധിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന രാഹുല്‍ ഗാന്ധി ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷന്‍ എട്ട് പ്രകാരം മാര്‍ച്ച് 23ാം തീയതി മുതല്‍ അയോഗ്യനാണെന്ന് വ്യക്തമാക്കി പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് ഇന്നലെ പ്രസ്താവന പുറത്തിറക്കി. രാജ്യത്തെ നിലവിലെ സ്ഥിതിയെക്കുറിച്ച് യു കെ പര്യടനത്തിനിടെ സംസാരിച്ചതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി അംഗങ്ങള്‍ പാര്‍ലിമെന്റില്‍ തുടര്‍ച്ചയായി പ്രതിഷേധം നടത്തുന്നതിനിടെയാണ് അപകീര്‍ത്തി കേസും അയോഗ്യതയുമെത്തിയിരിക്കുന്നത്.
2019 ഏപ്രില്‍ 13ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണാടകയിലെ കോലാറില്‍ നടന്ന കോണ്‍ഗ്രസ്സ് റാലിയില്‍ സംസാരിക്കുന്നതിനിടെ, എങ്ങനെയാണ് എല്ലാ കള്ളന്‍മാര്‍ക്കും മോദിയെന്ന സര്‍നെയിം വന്നതെന്ന പരാമര്‍ശമാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയെ രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് വിധിക്കുന്നതിലേക്ക് നയിച്ചത്. എല്ലാ കള്ളന്‍മാരുടെയും പേര് മോദി, മോദി, മോദി എന്ന് വന്നതെങ്ങനെയാണ്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി, ഒന്ന് തിരഞ്ഞാല്‍ ഇനിയും മോദിമാരെ കണ്ടെത്താന്‍ കഴിയുമെന്നുമായിരുന്നു ഹിന്ദിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്തെ സുപ്രധാന തട്ടിപ്പ് കേസുകളിലെ പ്രതികളെ ചൂണ്ടിക്കാണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുക എന്ന ഏക ഉദ്ദേശ്യത്തോടു കൂടിയും നടത്തിയ ഈ പരാമര്‍ശത്തിന്റെ പേരിലാണ് അപകീര്‍ത്തി പരാമര്‍ശത്തിനുള്ള പരമാവധി തടവ് ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സൂറത്ത് വെസ്റ്റ് ബി ജെ പി. എം എല്‍ എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി ഹരജിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്്ഷന്‍ 499, 500 വകുപ്പുകള്‍ പ്രകാരമാണ് നടപടി.
രാജ്യത്തെ നിയമ വ്യവസ്ഥയുടെ വിടവും രാഹുല്‍ ഗാന്ധിയെ അയോഗ്യതയിലേക്ക് നയിച്ചതിലുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അപകീര്‍ത്തി കേസില്‍ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരനായ പൂര്‍ണേഷ് മോദി കേസിന്റെ വിചാരണ വൈകിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വളരെ വ്യക്തമാകുന്നതാണ്. ആരോപണങ്ങള്‍ ഒരു ജാതിക്കും സമുദായത്തിനും എതിരല്ല. ആരെല്ലാമാണ് താന്‍ ഉദ്ദേശിച്ച മോദിമാര്‍ എന്ന് പ്രസംഗത്തില്‍ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നതും രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഇവയൊന്നും പരിഗണിക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ് വിധി വ്യക്തമാക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പാര്‍ലിമെന്റ് അംഗങ്ങളുടെ അയോഗ്യത നിശ്ചയിക്കുന്നതിന് പ്രത്യേക ചട്ടങ്ങളില്ല എന്നത് മറ്റൊരു പ്രശ്‌നമായി നിലനില്‍ക്കുന്നു. ശിക്ഷ വിധിക്കപ്പെട്ടെങ്കിലും ഉയര്‍ന്ന കോടതികളെ സമീപിക്കുന്നതിന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാഹുല്‍ ഗാന്ധിക്ക് മുപ്പത് ദിവസത്തെ ജാമ്യം അനുവദിച്ച കാര്യം പരിഗണിക്കാതെയാണ് പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് അയോഗ്യത കല്‍പ്പിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പാര്‍ലിമെന്റ് അംഗങ്ങളുടെ അയോഗ്യത നിശ്ചയിക്കുന്നതിന് പ്രത്യേക ചട്ടങ്ങളില്ല എന്നത് ഭരണകൂടത്തിന് അനുകൂലമായ രീതിയില്‍ അയോഗ്യതാ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ സൗകര്യമൊരുക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന പാര്‍ലിമെന്റ് അംഗങ്ങളുടെ സ്ഥാനം തെറിക്കുന്നത് ജനപ്രാതിനിധ്യ നിയമ പ്രകാരം രണ്ട് സാഹചര്യങ്ങളിലാണ്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷന്‍ 8(1) പ്രകാരമാണ് ആദ്യത്തേത്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തല്‍, കൈക്കൂലി, തിരഞ്ഞെടുപ്പില്‍ അനാവശ്യ സ്വാധീനം ചെലുത്തല്‍, ആള്‍മാറാട്ടം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അപകീര്‍ത്തി പരാമര്‍ശവും മാനനഷ്ടവും ഈ വകുപ്പില്‍ ഉള്‍പ്പെടുന്നില്ല. അതേസമയം, പാര്‍ലിമെന്റ് അംഗം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ മറ്റേതെങ്കിലും കുറ്റത്തിന് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടാലും ജനപ്രാതിനിധ്യ നിയമത്തിലെ സെക്്ഷന്‍ 8(3) പ്രകാരം അയോഗ്യത കല്‍പ്പിക്കാം. ഇതനുസരിച്ചാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്. ജനപ്രാതിനിധ്യ നിയമം സെക്്ഷന്‍ 8(4) പ്രകാരം ശിക്ഷവിധിക്കപ്പെട്ട തീയതി മുതല്‍ മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ അയോഗ്യത പ്രാബല്യത്തില്‍ വരൂവെന്ന വ്യവസ്ഥ നേരത്തേയുണ്ടായിരുന്നു. ഈ കാലയളവിനുള്ളില്‍ ശിക്ഷക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്താല്‍ തന്നെ അയോഗ്യത താത്കാലികമായി സ്റ്റേ ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍, 2013ലെ ലില്ലി തോമസ്- കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ട് സെക്്ഷന്‍ 8(4) റദ്ദാക്കി. ഇതോടെ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധി ഹൈക്കോടതിയില്‍ അപ്പീല്‍ ചെയ്താല്‍ മാത്രം മതിയാകില്ലെന്നായി. ശിക്ഷാ വിധിക്കെതിരെ പ്രത്യേക സ്റ്റേ ഉത്തരവ് നേടുക ചെയ്താല്‍ മാത്രമേ അയോഗ്യത തടയപ്പെടുകയുള്ളൂ. സി ആര്‍ പി സി സെക്്ഷന്‍ 389 പ്രകാരം കോടതികള്‍ക്ക് ശിക്ഷ, അപ്പീല്‍ ഹരജിയില്‍ വിധി പ്രസ്താവിക്കുന്നത് വരെ സ്റ്റേ ചെയ്യാന്‍ സാധിക്കും. രാഹുല്‍ ഗാന്ധിയുടെ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ലിമെന്റ് സെക്രട്ടേറിയറ്റ് അയോഗ്യനായി പ്രഖ്യാപിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ മുപ്പത് ദിവസം വരെ കാത്തിരുന്നതിന് ശേഷം നടപടികള്‍ ആരംഭിക്കുകയാണ് പതിവ്. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധിയുടേതിന് സമാനമായ നീക്കം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. കൊലപാതക ശ്രമ കേസില്‍ രണ്ട് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട മുഹമ്മദ് ഫൈസല്‍ എം പിയുടെ അയോഗ്യത, വിധി വന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കേരള ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയും പാര്‍ലിമെന്റ് അംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ചത് റദ്ദാക്കുകയും ചെയ്തു. സമാനമായി ഹൈക്കോടതി ഇടപെടല്‍ രാഹുല്‍ ഗാന്ധിയും പ്രതീക്ഷിക്കുന്നുണ്ട്.
2013ല്‍ സെക്്ഷന്‍ 8(4) സുപ്രീം കോടതി റദ്ദാക്കിയ സന്ദര്‍ഭത്തില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ സുപ്രീം കോടതി വിധി മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കാനായാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. എന്നാല്‍, കോണ്‍ഗ്രസ്സ് നേതാവായ രാഹുല്‍ ഗാന്ധി തന്നെയാണ് ഇതിനെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ്സ് നയിക്കുന്ന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ അന്ന് പരസ്യമായി കീറിയെറിഞ്ഞു. ഡല്‍ഹിയിലെ പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയില്‍ വെച്ചായിരുന്നു രാഹുല്‍ ഓര്‍ഡിനന്‍സ് കീറിയെറിഞ്ഞത്. രാഹുലിന്റെ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതോടെ ഓര്‍ഡിനന്‍സ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിന്‍വലിച്ചു. ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ അന്ന് അത്തരമൊരു നീക്കം നടത്തിയതെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്തരമൊരു പരിരക്ഷ ആവശ്യമായിരുന്നുവെന്ന് യഥാര്‍ഥത്തില്‍ രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടാകും.
പൊതു തിരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ശേഷിക്കെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖനായ നേതാവിന്റെ പാര്‍ലിമെന്റ് അംഗത്വം റദ്ദാക്കുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്യുന്നത് ഭരണകക്ഷിയുടെ കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി തന്നെ കാണണം.
രാജ്യത്ത് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണം ശരിവെക്കുന്നതാണ് രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ധൃതിപിടിച്ചുള്ള നടപടി. ഭരണകൂട താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ചട്ടങ്ങളും നിയമങ്ങളും പൊടുന്നനെ പ്രത്യക്ഷപ്പെടുന്നത് രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ്. ഇതിനെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
source https://www.sirajlive.com/this-39-disqualification-39-for-rahul-or-for-democracy.html
Post a Comment