കോഴിക്കോട് | മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ശൈഖ് സാഇദ് അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ നിറഞ്ഞു നിന്നത് ലോകത്ത് സമാധാനം നിലനില്‍ക്കണമെന്ന ആഹ്വാനം. ഉക്രെയിനിന് മേല്‍ റഷ്യ നടത്തുന്ന യുദ്ധവും ഇന്ത്യയിലെ അസ്വസ്ഥതകളും പങ്കുവെച്ച സമ്മേളനത്തില്‍ സമാധാനത്തിന് വേണ്ടി നിലകൊള്ളാന്‍ ഇസ്‌ലാമിക തത്വങ്ങള്‍ മുറുകെ പിടിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
ഉക്രെയിനിലും റഷ്യയിലുമായി ആയിരക്കണക്കിന് പേരാണ് കൊല ചെയ്യപ്പെട്ടത്. ലോകത്ത് സമാധാനം പുലരേണ്ടത് ആവശ്യമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമമന്ത്രി ഗിംഗി കെ എസ് മസ്താന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ധാര്‍മികത പുലര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സമന്വയമാണ് അതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിന് പിന്നില്‍ മതങ്ങളല്ലെന്ന് പരിപാടിയില്‍ സംസാരിച്ച എ എം ആരിഫ് എം പി പറഞ്ഞു. ആയുധക്കച്ചവടക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്ത് സമാധാനത്തിന് ഭംഗം വരുത്തിയാലേ അസ്വസ്ഥതകളുണ്ടാകൂ. അത് യുദ്ധത്തിലേക്കാണ് നയിക്കുക. തീവ്രവാദികള്‍ക്ക് ആയുധക്കച്ചവടത്തിന്റെ ലാഭത്തില്‍ ഒരു വിഹിതം നല്‍കിയാല്‍ മതി. ശാന്തിയും സമാധാനവും ലോകത്ത് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കലുഷിതമായ സാഹചര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭൂരിപക്ഷത്തിന്റെ ബാധ്യതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിവരാവകാശ കമ്മീഷണര്‍ എ എ ഹക്കീം, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അമീര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖപ്രഭാഷണം നടത്തി.
source https://www.sirajlive.com/sheikh-zayed-international-peace-conference-filled-with-calls-for-peace-in-the-world.html
إرسال تعليق