ഐ ഐ ടികളിലെ ആത്മഹത്യകള്‍

മദ്രാസ് ഐ ഐ ടിയില്‍ ഒരു മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ. തിങ്കളാഴ്ച രാത്രി ആന്ധ്രാപ്രദേശ് സ്വദേശിയും മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ പുഷ്പക് ശ്രീ സായ് ആണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച കാലത്ത് പുഷ്പക് ശ്രീ സായിയെ കാണാതായതിനെ തുടര്‍ന്ന് സഹവിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് അളകാനന്ദ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഫെബ്രുവരി 13ന് സ്ഥാപനത്തിലെ ബിരുദാനന്തര വിദ്യാര്‍ഥിയായ മഹാരാഷ്ട്ര സ്വദേശി സ്റ്റീവന്‍ സണ്ണി ആത്മഹത്യ ചെയ്തിരുന്നു.

വിദ്യാര്‍ഥികളുടെ ജീവനെടുക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണോ രാജ്യത്തെ ഐ ഐ ടികളും എന്‍ ഐ ടികളും? വിവരാവകാശ നിയമപ്രകാരം മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് 2019ല്‍ നല്‍കിയ വിവരമനുസരിച്ച് 2014-19 വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധ ഐ ഐ ടികളിലായി 27 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി. മദ്രാസ് ഐ ഐ ടിയാണ് വിദ്യാര്‍ഥികളുടെ ആത്മഹത്യാ നിരക്കില്‍ മുന്നില്‍. മേല്‍ കാലയളവില്‍ ഏഴ് വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇവിടെ 14 ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഖോരക്പൂര്‍ ഐ ഐ ടിയില്‍ അഞ്ച് പേരും ഡല്‍ഹി, ഹൈദരാബാദ് ഐ ഐ ടികളില്‍ മൂന്ന് പേര്‍ വീതവും ഗുഹാവത്തി, റൂര്‍ക്കെ ഐ ഐ ടികളില്‍ രണ്ട് പേര്‍ വീതവും വാരാണസി, ധന്‍ബാദ്, കാണ്‍പൂര്‍ ഐ ഐ ടികളില്‍ ഓരോ വിദ്യാര്‍ഥികളും ആത്മഹത്യ ചെയ്തു. പ്രാദേശികവും ജാതീയവും സാമുദായികവും ലിംഗപരവും സാമ്പത്തികവുമായ വിവേചനങ്ങളില്‍ മനംനൊന്ത് നിരവധി പേര്‍ പാതിവഴിയില്‍ പഠനം അവസാനിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ 23 ഐ ഐ ടികളാണ് നിലവിലുള്ളത.്

കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഒരു വ്യക്തിയുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും മറ്റാരേക്കാളും കൂടുതല്‍ പങ്ക് വഹിക്കുന്നത്. ഇടക്ക് ഒരു വിദ്യാര്‍ഥി പഠനം നിര്‍ത്തുകയോ സ്വയം ജീവനൊടുക്കുകയോ ചെയ്യുന്നുവെങ്കില്‍ കുടുംബത്തിനോ വിദ്യാലയത്തിനോ അതില്‍ നിര്‍ണായക പങ്കുണ്ടായിരിക്കും. മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യക്ക് കുടുംബ പശ്ചാത്തലമല്ല കാരണമെന്നാണ് വ്യക്തമാകുന്നത്. അക്കാദമിക സമ്മര്‍ദമായും മാനസിക പ്രശ്നങ്ങളായും വിദ്യാര്‍ഥി ആത്മഹത്യകളെ നിസ്സാരവത്കരിക്കുകയാണ് സ്ഥാപനാധികൃതര്‍. എന്താണ് ശരിയായ കാരണമെന്ന സമഗ്രമായൊരു അന്വേഷണത്തിന് മുതിരാറില്ല ബന്ധപ്പെട്ടവര്‍. രാജ്യത്തിന്റെ പല ഭാഗത്തുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏതെങ്കിലും വിദ്യാര്‍ഥി ആത്മഹത്യ ചെയ്താല്‍ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി തിരിച്ചു പോകുമെന്നല്ലാതെ അന്വേഷണത്തിനു വേണ്ടി ആവശ്യം ഉയരുന്നത് അപൂര്‍വം.

2019 നവംബര്‍ ഒമ്പതിന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്വിമ ലത്വീഫിന്റെ കാര്യത്തില്‍ മാത്രമാണ് തുടരന്വേഷണം നടന്നത്. അതും ശക്തമായ സമരങ്ങള്‍ക്കും പ്രശ്‌നം കോടതി കയറിയതിനും ശേഷം. അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ്, ഫാത്വിമ മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടിയത്. ആത്മഹത്യയുടെ കാരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കുറിപ്പെഴുതി വെച്ച ശേഷമാണ് അവള്‍ ജീവനൊടുക്കിയത്. സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ ഒരു അധ്യാപകന്റെ മുന്‍വിധികളിലൂന്നിയ പെരുമാറ്റവും സാമൂഹിക വിവേചനവുമാണ് മരണ കാരണമെന്ന് കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ദളിത്, പിന്നാക്ക വിദ്യാര്‍ഥിക്ക് അതിജീവിക്കാന്‍ കഴിയാത്തവിധം ജാതീയതയും വംശീയതയും ശക്തമാണ് ഇവിടെ. പുറത്തേക്ക് വരുന്ന വിവേചനങ്ങളേക്കാള്‍ തീവ്രമാണ് ഇന്ത്യന്‍ ക്യാമ്പസുകള്‍ക്ക് അകത്തുള്ള ജാതീയമായ വിവേചനങ്ങള്‍. ഫാത്വിമയുടെ മരണത്തോടനുബന്ധിച്ച് ക്യാമ്പസിലെ മുസ്‌ലിം, ദളിത് വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെ വിദ്വേഷവും അധ്യാപകരുടെ സവര്‍ണ മനോഭാവവും ചര്‍ച്ചക്ക് വിഷയീഭവിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്ന കുട്ടികളില്‍ മിക്കതും ചില പ്രത്യേക മതത്തില്‍ നിന്നോ ജാതിയില്‍ നിന്നോ ആണെന്നതും ശ്രദ്ധേയമാണ്.

“അയ്യര്‍, അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി’ എന്നാണ് മദ്രാസ് ഐ ഐ ടി ക്യാമ്പസിനെ വിശേഷിപ്പിക്കാറുള്ളത്. സ്ഥാപനത്തിലെ സവര്‍ണ മേധാവിത്വത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ വിശേഷണം. മദ്രാസ് ഐ ഐ ടിയിലെ മുഴുവന്‍ ഡയറക്ടര്‍മാരും ഭൂരിഭാഗം ഡീനുകളും ഹെഡ് ഓഫ് ദ ഡിപാര്‍ട്ട്മെന്റുകളും ബ്രാഹ്‌മണരാണെന്ന്, ജാതി വിവേചനം ആരോപിച്ച് 2021 ജൂലൈയില്‍ സ്ഥാപനത്തിലെ അധ്യാപക ജോലിയില്‍ നിന്ന് രാജിവെച്ച വിപിന്‍ പി വീട്ടില്‍ എഴുതിയ തുറന്ന കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു ജാതിക്കോട്ടയാണ് മദ്രാസ് ഐ ഐ ടിയെന്നും ഭരണഘടനക്കും നിയമത്തിനും അതീതമായി അവിടെ സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നുവെന്നും സ്ഥാപനത്തിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപിക പ്രൊഫ. വസന്ത കന്തസാമി തമിഴ് ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്ഥാപനത്തില്‍ ദളിത്, മുസ്‌ലിം വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മനപ്പൂര്‍വം കുറക്കുകയാണ്. ക്യാമ്പസില്‍ എവിടെ നോക്കിയാലും സവര്‍ണാധിപത്യം മാത്രമാണ്. 28 വര്‍ഷത്തെ തന്റെ സര്‍വീസിനിടെ ഐ ഐ ടിയില്‍ എം എസ് സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലിം വിദ്യാര്‍ഥികളാണ്. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഐ ഐ ടിയിലെ പഠനം അതിജീവിക്കുകയെന്നത് അതികഠിനമാണെന്നും അവര്‍ പറയുന്നു. അധ്യാപകന്‍ വിചാരിച്ചാല്‍ ഒരു വിദ്യാര്‍ഥിയെ തോല്‍പ്പിക്കുകയും ജയിപ്പിക്കുകയും ചെയ്യാവുന്ന സാഹചര്യമാണ് ഇവിടെ.

മദ്രാസ് ഐ ഐ ടിയില്‍ മാത്രമല്ല, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും സാങ്കേതിക മേഖലകളില്‍ ജാതീയത പ്രബലമാണെന്ന് മാത്രമല്ല സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇതിനിടെ നടന്ന ഒരു പഠനം വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികള്‍ നിരന്തരം ആത്മഹത്യ ചെയ്യാനിടയാകുന്ന സാഹചര്യവും ഇതാണ്. ആത്മഹത്യകളെ കേവല മാനസിക- വൈകാരിക പ്രശ്നങ്ങളായി ലഘൂകരിക്കാതെ ഇത്തരം ആത്മഹത്യകളുടെ പിന്നാമ്പുറം പുറത്തുകൊണ്ടുവരാന്‍ സഹായകമായ സമഗ്ര അന്വേഷണങ്ങള്‍ക്ക് വഴിയൊരുക്കേണ്ടതുണ്ട് ബന്ധപ്പെട്ടവര്‍.

 

 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)



source https://www.sirajlive.com/suicides-in-iits.html

Post a Comment

Previous Post Next Post