കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിലേക്കിറങ്ങുകയാണ് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെ എം). 2020-21 കാലത്ത് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക മഹാപഞ്ചായത്ത് വീണ്ടും സമരം പ്രഖ്യാപിച്ചത്. തെക്കേ ഇന്ത്യയില്‍ തുടങ്ങി ഓരോ സംസ്ഥാനത്തും പ്രക്ഷോഭം നടത്താനാണ് തീരുമാനം. ഉത്പാദനച്ചെലവ് അടിസ്ഥാനമായുള്ള താങ്ങുവില ഉത്പന്നങ്ങള്‍ക്ക് ലഭ്യമാക്കുകയും അതിന് നിയമപരമായ അടിസ്ഥാനം ഉറപ്പാക്കുകയും ചെയ്യുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു അന്ന് കര്‍ഷകര്‍ മുന്നോട്ടു വെച്ചത്. ഇതില്‍ ഒന്ന് പോലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ഇപ്പോഴും ന്യായവില ലഭിക്കുന്നില്ല. അജയ് മിശ്ര കേന്ദ്രത്തില്‍ മന്ത്രിയായി തുടരുകയാണ്. കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമായിട്ടില്ല.

ആഗോള സമരചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയവും ഐതിഹാസികവുമായിരുന്നു 2020 സെപ്തംബര്‍ 24ന് തുടങ്ങി 2021 നവംബര്‍ 19 വരെ നിണ്ടുനിന്ന കര്‍ഷക സമരം. കര്‍ഷക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പുതിയ കാര്‍ഷിക നിയമങ്ങളടങ്ങിയ ഓര്‍ഡിനന്‍സ് പാര്‍ലിമെന്റ് പാസ്സാക്കിയതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. 2020 സെപ്തംബര്‍ 24ന് പഞ്ചാബിലാണ് പ്രക്ഷോഭത്തിന്റെ തുടക്കം. പിന്നീട് ഹരിയാന, യു പി, ഡല്‍ഹി തുടങ്ങി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും നീണ്ടു. സെപ്തംബര്‍ 25ന് കര്‍ഷകരുടെ രാജ്യവ്യാപക സൂചനാ സമരം നടന്നു. സെപ്തംബര്‍ 27ന് കാര്‍ഷിക നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേക്ക് മാറ്റി. പ്രക്ഷോഭത്തിന്റെ ഭാഗമാകാന്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് ഒഴുകി എത്തിയത്.

സമരസ്ഥലത്ത് തന്നെ ഭക്ഷണം പാകം ചെയ്തും ഉണ്ടും ഉറങ്ങിയും ഉത്തരേന്ത്യയിലെ കൊടും തണുപ്പിനെ അവഗണിച്ചുമാണ് കര്‍ഷകര്‍ ഡല്‍ഹിയിലെ റോഡരികില്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്. കൊവിഡിന്റെയും അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും ഇടയില്‍പ്പെട്ട് രാജ്യം ദുര്‍ഘടമായ പ്രതിസന്ധിയിലൂടെ കടന്നുപോയ ഘട്ടത്തില്‍ അരങ്ങേറിയ സമരം കേന്ദ്ര സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കി. പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് കേന്ദ്രം തുടക്കത്തില്‍ ശ്രമിച്ചത്. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ കരുതല്‍ തടങ്കലിലാക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി പോലീസും തലസ്ഥാന നഗരിയിലുടനീളം വിലക്കുകള്‍ തീര്‍ത്തു. പ്രക്ഷോഭകാരികള്‍ ഖലിസ്ഥാനികളാണെന്നും മാവോയിസ്റ്റുകളാണെന്നും രാജ്യദ്രോഹികളാണെന്നും കുറ്റപ്പെടുത്തി സമരത്തിനെതിരെ പൊതുവികാരം സൃഷ്ടിക്കാന്‍ ശ്രമം നടന്നു. ഹരിയാനയിലും ഉത്തര്‍ പ്രദേശിലും മറ്റും ബി ജെ പിക്കാരും സംഘ്പരിവാര്‍ പ്രവര്‍ത്തകരും കര്‍ഷകര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. എഴുനൂറിലേറെ കര്‍ഷകരുടെ ജീവന്‍ നഷ്ടമായി. അവസാനം ഐതിഹാസികമായ സമരത്തിനു മുന്നില്‍ അധികാരി വര്‍ഗത്തിന് മുട്ടുമടക്കേണ്ടി വന്നു. തങ്ങളുടെ പിടിവാശികളില്‍ നിന്ന് അണുവിട പിന്‍വാങ്ങാന്‍ അന്നുവരെ തയ്യാറാകാതിരുന്ന കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായി. സിഖ് മതസ്ഥരുടെ പ്രധാന ആരാധനാ ദിവസമായ ഗുരു നാനാക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചതായി പ്രഖ്യാപിച്ചു.

കഴിഞ്ഞ വാരത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക സമര വിജയം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പുതിയ സമര പ്രഖ്യാപനത്തിന് പ്രചോദനമായിരിക്കാം. മഹാരാഷ്ട്രയിലെ പ്രധാന കാര്‍ഷിക ഉത്പന്നങ്ങളായ ഉള്ളി (സവാള), പരുത്തി തുടങ്ങിയവയുടെ വിലയിടിവാണ് അവിടെ കര്‍ഷകരെ സമരത്തിലിറക്കിയത്. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് 600 രൂപ വീതം അടിയന്തര സഹായം നല്‍കുക, കാര്‍ഷിക കടങ്ങളും കര്‍ഷകരുടെ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളുക, കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുക, പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക തുടങ്ങിയവയായിരുന്നു മഹാരാഷ്ട്ര കര്‍ഷകരുടെ ആവശ്യങ്ങള്‍. ആദ്യ ഘട്ടത്തില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ സമരത്തോട് പുറം തിരിഞ്ഞു നിന്നെങ്കിലും പതിനായിരക്കണക്കിന് കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് കാല്‍നടയായി നീങ്ങിയപ്പോള്‍ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തുകയും അവരുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിക്കുകയും ചെയ്തു.

കര്‍ഷകരുടെ സമര വീര്യവും പ്രതിസന്ധികളെയും ഭരണ വര്‍ഗത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങളെയും അതിജീവിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള മനോദാര്‍ഢ്യവും ഇതര ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രചോദനമാകേണ്ടതാണ്. ഫാസിസ്റ്റുകളും കോര്‍പറേറ്റുകളും കൈകോര്‍ത്തുള്ള ഭീഷണമായ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഒരു ജനതക്ക് ഇഷ്ടമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ജനാധിപത്യത്തിന്റെ മൗലിക കാഴ്ചപ്പാടെങ്കിലും, ജനവിരുദ്ധ നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ, മതേതരത്വ വിശ്വാസികളുടെ ബൃഹത്തായ ഒരു പ്രക്ഷോഭം- രണ്ടാം ദേശീയ സമരം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട് രാജ്യത്ത്.

 



source https://www.sirajlive.com/farmers-to-protest-again.html

Post a Comment

أحدث أقدم