ലാലുവിനെ പൂട്ടാനുള്ള തെളിവുകള്‍ കിട്ടിയതായി ഇ ഡി

പാറ്റ്‌ന | ഭൂമി കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തെ പൂട്ടാനുള്ള തെളിവുകള്‍ കിട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

രാഷ്ട്രീയ ജനതാദള്‍ ചീഫ് ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 600 കോടി അഴിമതിയുടെ തെളിവ് കിട്ടിയെന്നാണ് ഇ ഡി അവകാശപ്പെടുന്നത്.

വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പണമായി പിടിച്ചെടുത്തതായും 250 കോടിയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയെന്നുമാണ് ഇ ഡി പറയുന്നത്.
350 കോടിയുടെ സ്വത്തിന്റെ വിവരങ്ങളും ഇവിടെനിന്നു ലഭിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ലാലു പ്രസാദും കുടുംബവും നടത്തിയ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.

ലാലു പ്രസാദിന്റെ മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയില്‍ ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ലാലുവും കുടുംബവും ഭൂമി ഇടപാടില്‍ വന്‍ അഴിമതി നടത്തിയെന്നാണ് സി ബി ഐ ആരോപണം.

ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതിയേയും സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ദില്ലിയിലെ വസതിയില്‍ അഞ്ച് മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തു.
പ്രതികാര നടപടിയുടെ ഭാഗമായി തന്നെയും കുടുംബത്തെയും ബി ജെ പി ഉപദ്രവിക്കുകയാണെന്നും വൃക്കമാറ്റ ശസ്ത്രക്രിയക്കു ശേഷം വിശ്രമിക്കുകയാണെന്ന പരിഗണനപോലും തന്നില്ലെന്നും ലാലുപ്രസാദ് ആരോപിച്ചു.

 



source https://www.sirajlive.com/ed-has-got-evidence-to-lock-lalu.html

Post a Comment

أحدث أقدم