ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും ശത്രുക്കളോ?

തമിഴ്നാട്ടില്‍ ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ മര്‍ദിക്കുകയും തൂക്കിക്കൊല്ലുകയും ചെയ്യുന്നുവെന്ന തരത്തില്‍ അഴിച്ചുവിട്ട നുണ പ്രചാരണം സൃഷ്ടിച്ച ഭീതിയും അരക്ഷിതാവസ്ഥയും പൂര്‍ണമായി ശമിച്ചിട്ടില്ല. വിദ്വേഷ പ്രചാരണത്തില്‍ നിരവധി പേര്‍ അറസ്റ്റിലാകുകയും നിയമ നടപടികള്‍ അതിവേഗം കൈക്കൊള്ളുകയും ചെയ്തിട്ടും അതുണ്ടാക്കിയ പ്രശ്നങ്ങള്‍ അടങ്ങുന്നില്ല. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളെ തമിഴ്നാട്ടില്‍ തൂക്കിക്കൊന്നുവെന്നാണ് വീഡിയോ സഹിതം പ്രചരിച്ചത്. മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളുമിറങ്ങി. കഴുത്തറുത്ത് കൊന്നതിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ യു പി വക്താവും തമിഴ്നാട് അധ്യക്ഷനും വരെ ഇത്തരം പ്രചാരണമഴിച്ചു വിട്ടവരുടെ കൂട്ടത്തിലുണ്ട്.

ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറും തമിഴ്നാട്ടിലെ എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സര്‍ക്കാറും സംയുക്തമായി നടത്തിയ സത്വര ഇടപെടല്‍ വലിയൊരു കലാപത്തിന് തടയിട്ടു. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കുടിയേറ്റ തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന ഇടങ്ങള്‍ സന്ദര്‍ശിച്ച് പരാതികള്‍ കേട്ടു. പ്രചരിക്കുന്ന തരത്തില്‍ ഒരു പ്രശ്നവും തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നില്ലെന്ന് മാത്രമല്ല, ഏതോ കാലത്ത് എവിടെയോ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് വാട്സ്ആപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും കടത്തി വിടുന്നതെന്നും ബോധ്യപ്പെട്ടു. ഇക്കാര്യം മുഴുവന്‍ തൊഴിലാളികളെയും ബോധ്യപ്പെടുത്താന്‍ ഭഗീരഥ പ്രയത്നം തന്നെയാണ് കഴിഞ്ഞ ഒരാഴ്ച ഔദ്യോഗിക വൃത്തങ്ങള്‍ നടത്തിയത്. സന്നദ്ധ സംഘടനകളും പൗരപ്രമുഖരും ഈ ദൗത്യത്തില്‍ പങ്കാളികളായി. വിഷയത്തെ ഗൗരവതരമായി എടുത്ത്, കുറ്റപ്പെടുത്തലുകള്‍ക്ക് നില്‍ക്കാതെ ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച ഇരു സംസ്ഥാനങ്ങളെയും അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇപ്പോഴും ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ജമൂയി ജില്ലയില്‍ നിന്നുള്ള വാര്‍ത്തകള്‍ കാണിക്കുന്നത്. കൊലപാതക ദൃശ്യങ്ങള്‍ എന്ന പേരില്‍ വീഡിയോ പ്രചരിപ്പിച്ചതിന് ഏഴ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാള്‍ അറസ്റ്റിലായി. തമിഴ്നാട്ടില്‍ മുമ്പെന്നോ നടന്ന ആത്മഹത്യയുടെ ഫോട്ടോകളാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മര്‍ദിക്കുന്നതിന്റെ ചിത്രങ്ങളാകട്ടെ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവയാണ്. പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിക്കുന്നതാണത്രെ ഈ ചിത്രങ്ങള്‍. ഇത്തരം പ്രചാരണങ്ങളുടെ ഒരു പ്രശ്നം എത്രയൊക്കെ തടഞ്ഞാലും അതങ്ങനെ ഷെയര്‍ ചെയ്ത് പോയിക്കൊണ്ടേയിരിക്കുമെന്നതാണ്. പോലീസിന്റെയും സൈബര്‍ വിഭാഗങ്ങളുടെയും ശ്രദ്ധയില്‍ വരുന്നതിനെതിരെ മാത്രമാണ് നടപടിയുണ്ടാകുന്നത്. ഒരിക്കല്‍ സാമൂഹിക മാധ്യമങ്ങളിലേക്ക് കടത്തിവിട്ട ഫേക് വീഡിയോകളും പടങ്ങളും ടെക്സ്റ്റുകളും വര്‍ഷങ്ങളോളം പ്രചരിച്ചു കൊണ്ടേയിരിക്കും. ചെറിയ മുള മാത്രം പുറത്ത് കാണുകയും നദിയും പര്‍വതങ്ങളും തുരങ്കങ്ങളും കടന്ന് സഞ്ചരിക്കാന്‍ ശേഷിയുള്ള വേരുകള്‍ പടരുകയും ചെയ്യുന്ന വിഷ വൃക്ഷം പോലെയാണത്. കേരളത്തിലെ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ പോലും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും കരുതിയിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് വിവരം.

ഈ പ്രചാരണത്തിന് തിരികൊളുത്തി വിട്ടത് ചില്ലറയാളല്ല. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബി ജെ പി വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് തമിഴ്നാട് പോലീസ് കേസെടുത്തത്. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് ’12 കുടിയേറ്റ തൊഴിലാളികളെ ഹിന്ദി സംസാരിച്ചതിന് തൂക്കിലേറ്റി’യെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തത്. സ്വന്തം നാട്ടുകാര്‍ ആക്രമിക്കപ്പെടുമ്പോഴും സ്റ്റാലിന്റെ ജന്‍മദിനാഘോഷത്തില്‍ തേജസ്വി യാദവ് പങ്കെടുത്തുവെന്നും പ്രശാന്ത് തട്ടിവിട്ടിരുന്നു. ഈ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിന്റെ എഡിറ്റര്‍ക്കെതിരെയും തന്‍വീര്‍ പോസ്റ്റിന്റെ ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്നുള്ളയാള്‍ ബിഹാര്‍ സ്വദേശിയെ വധിച്ചതിനെ ഉത്തരേന്ത്യക്കാര്‍ക്കെതിരെ ആക്രമണം എന്ന നിലക്ക് റിപോര്‍ട്ട് ചെയ്തതിനാണ് ദൈനിക് ഭാസ്‌കറിനെതിരെ കേസെടുത്തത്. തെറ്റായ സന്ദേശം നല്‍കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് തന്‍വീര്‍ പോസ്റ്റിന്റെ പ്രൊപ്രൈറ്റര്‍ക്കെതിരെ കേസെടുത്തത്. തമിഴ്നാട്ടിലെ ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈയും നിയമ നടപടി നേരിടുകയാണ്.

ദരിദ്രരായ മനുഷ്യര്‍ എവിടെയെങ്കിലും പോയി ജോലി ചെയ്ത് കുടുംബം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിനിടക്ക് കയറി രാഷ്ട്രീയം കളിക്കുന്ന ഇവരെയൊക്കെ എന്താണ് വിളിക്കേണ്ടത്? എന്ത് ദേശീയ ഉദ്ഗ്രഥനത്തെ കുറിച്ചാണ് ഇവര്‍ സംസാരിക്കുന്നത്? അഖണ്ഡ ഇന്ത്യയെന്ന ആശയത്തെ തന്നെ വെല്ലുവിളിക്കുന്നതല്ലേ ഈ നുണ പ്രചാരണം. ഉത്തരേന്ത്യ / ദക്ഷിണേന്ത്യ എന്ന ദ്വന്ദം സൃഷ്ടിക്കുന്ന ഈ പ്രവണത ശുദ്ധ വിഘടന വാദമാണ്. തമിഴ്നാടിന്റെ ഭാഷാഭിമാനത്തെ പ്രശ്നവത്കരിച്ചാണ് ഈ നുണ പടച്ചു വിടുന്നതെന്ന് കൂടി ഓര്‍ക്കണം. ഈ ബോധം വെച്ച് രാജ്യം ഭരിക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തെ ഒന്നായി കാണാനാകില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് ബജറ്റിലും റെയില്‍വേയിലും നികുതി വിഭജനത്തിലുമൊക്കെ ക്രൂരമായ വിവേചനം കാണിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

നുണ പ്രചാരണത്തെ മറികടന്നുവെന്നും കുടിയേറ്റ തൊഴിലാളികളിലെ ഭീതിയകന്നുവെന്നും തമിഴ്നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ഏത് നിമിഷവും സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയേക്കാവുന്ന സംശയവും ഭയവും ഈ പ്രചാരണം ഉണ്ടാക്കിയിട്ടുണ്ടെന്ന വസ്തുത നിയമപാലകരും രാഷ്ട്രീയ, സാമൂഹിക നേതൃത്വവും കണക്കിലെടുക്കണം. മുന്‍കരുതല്‍ കൈക്കൊള്ളുകയും വേണം. തൊഴിലാളികളുടെ സുഗമമായ ഒഴുക്ക് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് അനിവാര്യമാണെന്ന് എല്ലാവരും മനസ്സിലാക്കണം.

 



source https://www.sirajlive.com/are-north-india-and-south-india-enemies.html

Post a Comment

أحدث أقدم