വനിതാ ദിനാചരണവും ലിംഗസമത്വ വാദവും

ഇന്ന് ലോക വനിതാ ദിനമാണ്. 1975 തൊട്ടാണ് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ലോക രാഷ്ട്രങ്ങള്‍ വനിതാ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ലിംഗസമത്വം ഉറപ്പാക്കുകയും വനിതാ ശാക്തീകരണവുമാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യമായി പറയുന്നത്. എന്നാല്‍ ദിനാചരണം തുടങ്ങി അര നൂറ്റാണ്ടോളം പിന്നിട്ടിട്ടും സ്ത്രീകള്‍ ഇപ്പോഴും എല്ലാ രംഗത്തും കടുത്ത വിവേചനം നേരിടുകയാണെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തൊഴിലിടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതന-ലിംഗ അസമത്വം കുറഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടന ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ സ്ത്രീ-പുരുഷ തൊഴിലുകള്‍ തമ്മിലുള്ള അസമത്വം രൂക്ഷമാണെന്നും നാലിലൊന്ന് സ്ത്രീകള്‍ക്ക് പോലും തൊഴില്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളതെന്നും സ്ത്രീ-പുരുഷ തൊഴിലാളികളുടെ വേതനത്തില്‍ സാരമായ അന്തരം നിലനില്‍ക്കുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ തൊഴില്‍ മേഖലയെക്കുറിച്ചു ‘ഓക്സ്ഫാം ഇന്ത്യ ഡിസ്‌ക്രിമിനേഷന്‍’ അടുത്തിടെ പുറത്തിറക്കിയ പഠന റിപോര്‍ട്ടില്‍ പറയുന്നത്, സ്വകാര്യ മേഖലയില്‍ ഒരേ വിദ്യാഭ്യാസ യോഗ്യതയും ഒരേ തൊഴില്‍ പരിചയവുമുള്ള പുരുഷ, സ്ത്രീ ജീവനക്കാര്‍ക്കിടയില്‍ വേതനത്തില്‍ കാര്യമായ അന്തരമുണ്ടെന്നാണ്. പുരുഷന് ഉയര്‍ന്ന ശമ്പളം ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറവാണ്. കൂലിപ്പണിയെടുക്കുന്ന പുരുഷന്മാര്‍ക്ക് ശരാശരി മാസ വരുമാനം 9,017 രൂപ ലഭിക്കുമ്പോള്‍ അതേ ജോലിയെടുക്കുന്ന സ്ത്രീകള്‍ക്ക് കിട്ടുന്നത് 5,709 രൂപ. സ്ഥിര ജോലികളില്‍ പുരുഷന്മാര്‍ക്ക് മാസം ശരാശരി 19,779 രൂപയും സ്ത്രീകള്‍ക്ക് 15,578 രൂപയുമാണ് വരുമാനം. നഗര മേഖലകളില്‍ സ്വയം തൊഴില്‍ രംഗത്ത് സ്ത്രീകളുടെ ശരാശരി മാസ വരുമാനം 6,626 രൂപയാണെങ്കില്‍ പുരുഷന്മാര്‍ക്ക് ഇരട്ടിയിലേറെ (15,996 രൂപ) ലഭിക്കുന്നു. 2018-2019ലെ 18.6 ശതമാനത്തില്‍ നിന്ന് 2020-2021ല്‍ സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിന്റെ ശതമാനം 25.1 ആയി ഉയര്‍ന്നെങ്കിലും അസംഘടിത മേഖലകളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളിലും ഗ്രാമീണ വികസന മേഖലകളിലും കാര്യമായ മാറ്റമില്ലെന്നും 2020ലെ തൊഴില്‍ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓക്സ്ഫാം റിപോര്‍ട്ട് വിലയിരുത്തുന്നു.

രാഷ്ട്രീയ രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. നിയമസഭകളിലും പാര്‍ലിമെന്റിലും എത്തിപ്പെടുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് തുലോം കുറവാണ്. രാജ്യത്തെ നിയമ നിര്‍മാണ പ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന നിയമം ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നു. ഇത്തരം വിവേചനങ്ങളും അവഗണനയും പരിഹരിച്ച് എല്ലാ മേഖലകളിലും സ്ത്രീകളെ പുരുഷന്മാര്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടു വരണമെന്നാണ് വനിതാ ദിനങ്ങളിലും സ്ത്രീ ശാക്തീകരണ മാമാങ്കങ്ങളിലും രാഷ്ട്ര സാരഥികളും സാമൂഹിക നേതാക്കളും ആഹ്വാനം ചെയ്യാറുള്ളത്. ഇത്തരമൊരു സമത്വം നടപ്പാകാന്‍ ഇനിയും പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ പക്ഷം. അതേസമയം തൊഴില്‍, രാഷ്ട്രീയ, ഭരണ മേഖലകളില്‍ സ്ത്രീക്കും പുരുഷനും തുല്യപരിഗണന ലഭ്യമായെന്നു വന്നാല്‍ തന്നെ, സാമൂഹികമായും സാംസ്‌കാരികമായും അത് ഗുണകരമോ ദോഷകരമോ എന്ന കാര്യത്തില്‍ ഭൗതിക വാദികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായമാണ്. സ്ത്രീ-പുരുഷ സമത്വ വാദം നിരര്‍ഥകവും ഗുണത്തേക്കാളേറെ ദോഷകരവുമാണെന്നാണ് ഫ്രഞ്ച് ദാര്‍ശനികനായ അലക്സിസ് കാറെല്‍ പറയുന്നത്. ഇത് സമര്‍ഥിച്ചു കൊണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട് അദ്ദേഹം. ജീവശാസ്ത്രമനുസരിച്ച് പുരുഷനും സ്ത്രീയും വ്യത്യസ്തരായതിനാല്‍ ഇരു വിഭാഗത്തിനും എല്ലാ അര്‍ഥത്തിലും തുല്യമായ ഭാരം വഹിക്കാനും തുല്യ ദൗത്യങ്ങള്‍ നിര്‍വഹിക്കാനും സാധിക്കില്ല. ഈ യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണ് ലിംഗസമത്വമെന്ന പാശ്ചാത്യ മുദ്രാവാക്യമെന്ന് സോവിയറ്റ് സാമൂഹിക ശാസ്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ ആന്റന്‍ നെമിലോര്‍ തന്റെ ദ ബയോളജിക്കല്‍ ട്രാജഡി ഓഫ് വുമണ്‍ എന്ന പുസ്തകത്തില്‍ വിലയിരുത്തിയിട്ടുണ്ട്. കുടുംബ ഘടനയില്‍ പാളിച്ചകളുണ്ടാക്കിയതും ഉത്പാദന ക്ഷമമായ സാമ്പത്തിക മേഖലകളില്‍ ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചതുമല്ലാതെ ലിംഗസമത്വ വാദം ലോകത്തിന് എന്തെങ്കിലും ഗുണങ്ങള്‍ സമ്മാനിച്ചിട്ടില്ലെന്നാണ് സോവിയറ്റ് യൂനിയന്‍ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് തുറന്നെഴുതിയത്.

സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക ഘടനയും ശാരീരിക, മാനസിക ദൗത്യതലങ്ങളും വ്യത്യസ്തവും വൈവിധ്യവുമാണ്. കാലദേശങ്ങള്‍ക്കനുസരിച്ച് മാറ്റം വരാത്ത പ്രപഞ്ചത്തിന്റെ അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന പ്രതിഭാസമാണിത്. ശാരീരികമായി മാത്രമല്ല, ആന്തരിക ഘടനയിലും ബുദ്ധി ശക്തിയിലുമെല്ലാം പുരുഷനുമായി അന്തരമുണ്ട് സ്ത്രീക്ക്. ധര്‍മങ്ങളിലുമുണ്ട് പുരുഷത്വത്തിനും സ്ത്രൈണതക്കും വ്യത്യാസം. ഒളിമ്പിക്‌സ് മുതല്‍ സ്‌കൂള്‍ തലം വരെയുള്ള കായിക മത്സരങ്ങളില്‍ ആണ്‍ പെണ്‍ മത്സരങ്ങള്‍ വേര്‍തിരിച്ചാണ് നടത്തുന്നത്. ഇതെന്തിനാണ്? കായിക ശേഷിയുടേതാണ് പ്രശ്‌നം. ബുദ്ധിയുടെ കളിയായ ചെസ്സില്‍ സ്ത്രീപ്രാതിനിധ്യം തീരെ കുറവാണ്. ഇരു വിഭാഗത്തിന്റെയും ബുദ്ധിശക്തിയുടെ മാറ്റത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈ വ്യതിരിക്തത അവഗണിച്ച് രണ്ട് വിഭാഗവും തുല്യമാകണമെന്ന വാദം പ്രകൃതി വിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്. മാതൃത്വവും പിതൃത്വവും എങ്ങനെയാണ് സമത്വപ്പെടുത്തുക? ഒരു സ്ത്രീ സ്തനം മുറിച്ച് ആണ്‍വേഷം ധരിച്ചതു കൊണ്ട് പുരുഷനാകുമോ? ജൈവ വൈവിധ്യം അംഗീകരിച്ച് ഇരു വിഭാഗവും അവരുടെ ധര്‍മങ്ങള്‍ നിര്‍വഹിച്ച് ജീവിക്കുമ്പോഴാണ് സമാധാനപരമായ ഒരു സാമൂഹികാന്തരീക്ഷം സംജാതമാകുന്നതും സന്തോഷപൂര്‍ണമായ കുടുംബ ജീവിതം സാധ്യമാകുന്നതും. സ്ത്രീ-പുരുഷ ജൈവ വൈവിധ്യങ്ങള്‍ക്ക് നേരേ പുറംതിരിഞ്ഞു നിന്ന് കപട സമത്വവാദം നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തം പാശ്ചാത്യ ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജീര്‍ണിതമായ പാശ്ചാത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കാനും ഒളിച്ചു കടത്താനുമുള്ള അവസരമായി മാറരുത് വനിതാ ദിനം പോലുള്ള ആചരണങ്ങള്‍.

 



source https://www.sirajlive.com/women-39-s-day-and-gender-equality-advocacy.html

Post a Comment

Previous Post Next Post