ദുബൈ തീപിടുത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 മരണം

ദുബൈ | ദേര നൈഫ് ഫ്രിജ് മുറാറിലെ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ അടക്കം 16 പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ സിവിൽ ഡിഫൻസ് വക്താവ് സ്ഥിരീകരിച്ചു. മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. സ്കൂൾ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിലാണ്.

ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ ബിൽഡിങ്ങിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. ഫ്രിജ്മുറാർ തലാൽ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന ബിൽഡിങ്ങാണിത്‌. മുകളിലത്തെ ഫ്ലാറ്റിലാണ് ആദ്യം തീ പിടിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് 12:35 നാണ് തീപിടിത്തത്തെ കുറിച്ച് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചത്. അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ 12:41 ന് ദുബൈ സിവിൽ ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള ഒരു സംഘം അപകട സ്ഥലത്തെത്തിയാതായി അധികൃതർ അറിയിച്ചു. പോർട്ട് സഈദ് ഫയർ സ്റ്റേഷനിലെയും ഹംരിയ ഫയർ സ്റ്റേഷനിലെയും ടീമുകൾ അഗ്നിശമന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കി.

കെട്ടിട സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് വ്യക്തമാക്കി. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

ദുബൈ പോലീസ്, ഇന്ത്യൻ കോൺസുലേറ്റ്, മറ്റ് നയതന്ത്ര ദൗത്യങ്ങൾ, മരിച്ചവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുമായി താൻ ഏകോപനം നടത്തുന്നുണ്ടെന്ന് ശനിയാഴ്ച രാത്രി ദുബൈ പോലീസ് മോർച്ചറിയിൽ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ദമ്പതികൾക്ക് പുറമെ തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് പുരുഷന്മാരും 3 പാകിസ്ഥാനികളെയും ഒരു നൈജീരിയൻ സ്ത്രീയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.



source https://www.sirajlive.com/16-dead-including-a-malayali-couple-in-dubai-fire.html

Post a Comment

أحدث أقدم