ദുബൈ | യു എ ഇയുടെ ഏറ്റവും വലിയ റമസാൻ സുസ്ഥിര ഭക്ഷ്യ സഹായ എൻഡോവ്‌മെന്റ് 175 കോടി ദിർഹം സമാഹരിച്ചതായി വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു. വിശുദ്ധ മാസം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആരംഭിച്ച കാമ്പയിനിൽ 1.80 ലക്ഷത്തിലധികം ആളുകൾ ഡ്രൈവിൽ സംഭാവന നൽകിയതായും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.
‘എമിറേറ്റ്‌സിലെ ഈ ചാരിറ്റിയിൽ സംഭാവന നൽകിയ എല്ലാവർക്കും ഞങ്ങളുടെ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.’ അദ്ദേഹം പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം ബി ആർ ജി ഐ) ആരംഭിച്ച പദ്ധതിയിൽ ലഭിക്കുന്ന സംഭാവനകൾ ലോകമെമ്പാടും നടപ്പിലാക്കുന്ന നിരവധി ജീവകാരുണ്യ, മാനുഷിക പദ്ധതികൾക്കാണ് ഉപയോഗിക്കുക. മാനുഷിക സഹായവും ആശ്വാസവും, ആരോഗ്യ സംരക്ഷണവും രോഗനിയന്ത്രണവും, വിദ്യാഭ്യാസവും വിജ്ഞാനവും പ്രചരിപ്പിക്കൽ, നൂതനാശയങ്ങൾ, സംരംഭകത്വവും കമ്മ്യൂണിറ്റികളെ ശാക്തീകരിക്കലും തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതിക്ക് യു എ ഇ സമൂഹം വിവിധ രീതികളിൽ പ്രതികരിച്ചു.
വ്യക്തികളും ബിസിനസ് സ്ഥാപനങ്ങളും വലിയ രീതിയിൽ സംഭാവന നൽകി. പൊതു ലേലത്തിലൂടെയും വലിയ സംഖ്യ സമാഹരിച്ചു. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വളർത്തിയെടുത്ത മാനവികതയുടെയും ധാർമിക പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിൽ, വിഷമാവസ്ഥയിലുള്ളവരോടുള്ള രാജ്യത്തിന്റെ ഐക്യത്തിന്റെയും അനുകമ്പയുടെയും മഹത്തായ സന്ദേശം വഹിക്കുന്നതാണ് പദ്ധതി.
source https://www.sirajlive.com/175-crores-raised-one-billion-meals-endowment-exceeds-target.html
Post a Comment