മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തി മ്യാന്മറിൽ പട്ടാള തേർവാഴ്ച തുടരുകയാണ്. ജനാധിപത്യ പുനഃസ്ഥാപനത്തിനായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുകയാണ് പട്ടാള ഭരണകൂടം. സൈനിക നീക്കങ്ങൾ സായുധ ഗ്രൂപ്പുകൾക്കെതിരെയാണെന്നാണ് മ്യാൻമർ ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും ധാരാളം സാധാരണക്കാരും സൈനികാക്രമണത്തിന് ഇരയാകുന്നുണ്ട്. കഴിഞ്ഞ വാരത്തിൽ വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ ഒരു ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികളടക്കം സാധാരണക്കാർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. മ്യാന്മറിലെ തെരുവുകളിലുടനീളം പട്ടാളം റോന്തുചുറ്റുകയാണ്. പൗരന്മാരുടെ സ്വതന്ത്രയാത്ര തടയപ്പെടുന്നു.സൈനികാതിക്രമത്തെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് തായ്‌ലൻഡിലേക്ക് പലയാനം ചെയ്യുന്നത്. അവിടെ പ്രദേശവാസികൾ ഒരുക്കിയ ക്യാമ്പുകളിലാണ് അഭയാർഥികളുടെ താമസം. കുടിവെള്ള ക്ഷാമം, ടോയ്്ലറ്റ് സൗകര്യങ്ങളുടെ അഭാവം തുടങ്ങി ഷെൽട്ടറുകളിൽ അഭയാർഥികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നതായി മാധ്യമ റിപോർട്ടുകളിൽ പറയുന്നു.
തെക്കുകിഴക്കൻ ഏഷ്യയിലെ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ സമുദ്രത്തിനും തൊട്ട് സ്ഥിതി ചെയ്യുന്ന രാഷ്ട്രമാണ് നേരത്തേ ബർമ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മ്യാൻമർ. ഇന്ത്യ, ചൈന, ലാവോസ്, തായ്്ലൻഡ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 1962 മുതൽ 2015 വരെ അരനൂറ്റാണ്ടിലേറെ കാലം പട്ടാള ഭരണമായിരുന്നു ഇവിടം. ജനകീയ ഭരണത്തിനു വേണ്ടിയുള്ള ദശാബ്ദങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ 2015 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആംഗ്‌സാൻ സൂചിയുടെ നേതൃത്വത്തിലുള്ള നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻ എൽ ഡി) വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ജനാധിപത്യ ഭരണകൂടം നിലവിൽ വരികയും ചെയ്തതാണ്. അപ്പോഴും സൈന്യം ഭരണകേന്ദ്രത്തിൽനിന്ന് പൂർണമായും ഒഴിഞ്ഞുപോയിരുന്നില്ല. പാർലിമെന്റിന്റെ 25 ശതമാനം സീറ്റും ആഭ്യന്തരം, അതിർത്തിപ്രശ്നം, പ്രതിരോധം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സൈന്യത്തിന്റെ കൈകളിലായിരുന്നു.
2020 ലെ തിരഞ്ഞെടുപ്പിൽ സൂചി വീണ്ടും വിജയിച്ചതോടെ ഭരണത്തിലുള്ള തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ആശങ്കയായി സൈനിക നേതൃത്വത്തിന്. അതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ചു സൂചി ഉൾപ്പെടെയുള്ള മുഴുവൻ ഭരണകക്ഷി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയും സൈനിക മേധാവി ജനറൽ മിൻ ഓങ് ഹ്ലെയിംഗ് അധികാരം പിടിച്ചെടുക്കുകയും ചെയ്തു.സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനത്തോടെയാണ് സൈന്യം ഭരണം പിടിച്ചെടുത്തതെങ്കിലും സായുധ ഗ്രൂപ്പുകളുടെ പോരാട്ടം അവസാനിപ്പിച്ചു രാജ്യത്തെ സുസ്ഥിരമാക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഇപ്പോൾ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഭരണം കൈമാറാനും സാധ്യത കുറവാണ്.
സാധാരണഗതിയിൽ സൈനിക അട്ടിമറിയുണ്ടാകുമ്പോൾ അക്രമരഹിത പ്രക്ഷോഭങ്ങളാണ് അരങ്ങേരിയിരുന്നത് മ്യാന്മറിൽ. ഇത്തവണ ജനകീയ പ്രക്ഷോഭത്തിനൊപ്പം സായുധ കലാപങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു സൈന്യത്തിന്. നിരവധി സായുധ ഗ്രൂപ്പുകളാണ് രാജ്യത്തങ്ങോളമിങ്ങോളം പട്ടാള ഭരണത്തിനെതിരെ ഉയർന്നു വന്നത്. ഒളിപ്പോരുകളിലൂടെയും മറ്റും ഇവർ ഭരണകൂടത്തിനു കനത്ത തലവേദന സൃഷ്ടിക്കുന്നു. ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ ബോംബിംഗ് അടക്കം ക്രൂരമാർഗങ്ങളാണ് ഈ പോരാട്ടങ്ങളെ നേരിടാൻ സൈന്യം പ്രയോഗിക്കുന്നത്. പട്ടാള അട്ടിമറിക്ക് ശേഷം ഏകദേശം 3,000 സാധാരണക്കാർ കൊല്ലപ്പെടുകയും 40,000 വീടുകൾ നശിക്കുകയും 1.5 ദശലക്ഷം ആളുകൾ പലായനം നടത്തുകയും ചെയ്തതായാണ് കണക്ക്.
നേരത്തേ മതന്യൂനപക്ഷ വേട്ടക്കും വംശഹത്യക്കും കുപ്രസിദ്ധമാണ് മ്യാന്മർ. റോഹിംഗ്യൻ മുസ്‌ലിംകൾക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് മ്യാന്മറിലെ പട്ടാളഭരണകൂടം നടത്തിയത്. ലക്ഷക്കണക്കിന് റോഹിൻഗ്യൻ മുസ്‌ലിംകൾ ജീവൻ രക്ഷിക്കാൻ മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണിന്ന് റോഹിംഗ്യകളുടേത്. സമാധാനത്തിന്റെ മതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബുദ്ധിസ്റ്റ് വിശ്വാസികൾ നടത്തുന്ന അതിക്രമങ്ങളാണ് റോഹിംഗ്യകളെ ഗതികെട്ട അഭയാർഥികളാക്കുന്നത് എന്നതാണ് വിരോധാഭാസം. സമാധാന നൊബേൽ ജേതാവുകൂടിയ ആംഗ്‌സാൻ സ്യൂചിയുടെ “ജനാധിപത്യ’ഭരണകൂടം അധികാരത്തിലിരുന്നപ്പോഴും മുസ്‌ലിംവേട്ട നിർബാധം തുടർന്നു. തന്റെ ഭരണത്തിന് പട്ടാളത്തിന്റെയും ബുദ്ധിസ്റ്റ് തീവ്രവാദികളുടെയും പിന്തുണ ഉറപ്പാക്കാൻ മുസ്‌ലിം വേട്ടക്ക് മൗനാനുവാദം നൽകുകയായിരുന്നു സൂചി.
മ്യാന്മറിലെ പട്ടാള തേർവാഴ്ചയുടെ കാര്യത്തിൽ ഇന്ത്യൻ നിലപാട് വിമർശന വിധേയമാണ്. മ്യാന്മറിൽ ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2021 ജൂണിൽ യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ.
2020 നവംബർ എട്ടിലെ പൊതുതിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെട്ട ജനഹിതം മാനിക്കാനും അടിയന്തരാവസ്ഥ അവസാനിപ്പിച്ചു മ്യാൻമർ ജനതയുടെ എല്ലാ മനുഷ്യാവകാശങ്ങളും അനുവദിക്കാനും സൈനിക ഭരണകൂടത്തോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
ഇന്ത്യയുടെ മുൻകാല നിലപാടുകൾക്ക് കടക വിരുദ്ധമാണ് പ്രമേയത്തെ പിന്തുണക്കാതിരുന്നത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് മ്യാന്മറിലെ ജനാധിപത്യത്തിനുവേണ്ടി ശക്തമായി ശബ്ദിച്ചിരുന്ന ഇന്ത്യ, അവിടുത്തെ പട്ടാള ഭരണാധികാരികളുമായുള്ള ബന്ധം വിച്ഛേദിക്കുക പോലും ചെയ്തിരുന്നു.
source https://www.sirajlive.com/there-is-no-end-to-military-rule-in-myanmar.html
Post a Comment