കര്‍ദിനാളിന് നാക്ക് പിഴച്ചതല്ല

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തെ കുറിച്ച് എഴുതാനിരിക്കുമ്പോഴാണ് അത്രയൊന്നും പഴകിയതല്ലാത്ത ഒരു വാര്‍ത്ത കണ്ണിലുടക്കുന്നത്. 2023 മാര്‍ച്ച് 17ലെ വാര്‍ത്തയാണ്. ഏതാണ്ടെല്ലാ മാധ്യമങ്ങളും അത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രസക്തഭാഗം ഇങ്ങനെ: ‘സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹരജി നല്‍കിയത്. ആലഞ്ചേരി ഉള്‍പ്പെടെ 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയില്‍ ഉണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭക്ക് 6.5 കോടി രൂപ പിഴ ചുമത്തിയിരുന്നു’.

ഈ വാര്‍ത്തക്കും മുമ്പ് നടന്ന മറ്റൊരു സംഭവം സഭാ സംരക്ഷണ സമിതി നേതാവ് ഷൈജു ആന്റണി ഇപ്പോള്‍ ഓര്‍ക്കുന്നുണ്ട്, ഫേസ്ബുക്ക് കുറിപ്പില്‍. അതിങ്ങനെയാണ്: ‘കേരളത്തിലെ അഞ്ച് ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ സമര്‍പ്പിച്ച അക്കൗണ്ടുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ഉണ്ട് എന്ന് ചൂണ്ടിക്കാണിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ 24-10-2019ല്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചു. നിയമപ്രകാരം ഇത്തരം നിയമലംഘനങ്ങള്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യണം. 2020 ഫെബ്രുവരിയില്‍ ലഭിച്ച വിവരാവകാശ മറുപടിയില്‍ അഞ്ച് അസ്സോസിയേഷനുകള്‍ക്ക് എതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം പുരോഗമിക്കുന്നു എന്നും അവര്‍ക്ക് ഷോകോസ് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്നും കാണിക്കുന്നു. പിന്നീട് കാണുന്നത് 2021 ജനുവരിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് ക്ലമ്മീസ് എന്നിവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു എന്ന വാര്‍ത്തയാണ്. സ്റ്റാന്‍ സ്വാമിയുടെ മോചനം, മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം, കത്തോലിക്കാ സഭ ചെയ്യുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ ജോര്‍ജ് കര്‍ദിനാള്‍ എഫ് സി ആര്‍ എ അക്കൗണ്ടുകളെക്കുറിച്ച് സംസാരിച്ചതായി വെളിപ്പെടുത്തി. അന്വേഷണം എവിടെയെങ്കിലുമെത്തിയതായി ആര്‍ക്കുമറിയില്ല. അന്വേഷണം അവസാനിപ്പിച്ചതായും അറിയില്ല. എന്നാല്‍ പിന്നീട് ബിഷപ്പുമാര്‍ ബി ജെ പി അനുകൂല പ്രസ്താവനകളിറക്കുന്നതും ലവ് ജിഹാദ് പ്രസ്താവനകളിറക്കി മുസ്ലിം വിരുദ്ധത വളര്‍ത്തുന്നതും കേരളം കണ്ടു. ഒടുവില്‍ ഒരു മെത്രാന്‍ റബ്ബര്‍ വില കൂട്ടിയാല്‍ വോട്ട് തരാം എന്ന് പറയുന്നതും കേരളം കണ്ടു. അന്വേഷണം നേരിടുന്ന അക്കൗണ്ടുകളില്‍ വരാപ്പുഴ അതിരൂപതയും ഉണ്ടായതു കൊണ്ടാണോ എന്നറിയില്ല, കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസിയേഷന്‍ ബി ജെ പി കേരള അധ്യക്ഷനെ പ്രത്യേക ക്ഷണിതാവാക്കി ആദരിച്ചു. ഇപ്പോള്‍ കെ സി ബി സി പ്രസിഡന്റായ മേജര്‍ ആര്‍ച്ച് ബിഷപ് ബി ജെ പി അനുകൂല പ്രസ്താവനയുമായി രംഗത്തു വരുന്നു’.

മേജര്‍ ആര്‍ച്ച് ബിഷപിന്റെ മോദിയനുകൂല, ബി ജെ പി അനുകൂല പ്രസ്താവന കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്. കര്‍ദിനാളിന് നാക്കു പിഴച്ചതല്ല. ആലോചിച്ചുറപ്പിച്ചു തന്നെയാണ് പരാമര്‍ശം നടത്തിയത്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. മാധ്യമങ്ങളോട് എന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനു തന്നെ വിട്ടുനല്‍കുക. അദ്ദേഹത്തിന്റെ പ്രസ്താവനകളിലെ അതിവാദങ്ങള്‍/അവാസ്തവങ്ങള്‍ ചൂണ്ടിക്കാട്ടാനുള്ള നമ്മുടെ അവകാശവും പ്രധാനമാണല്ലോ.

ക്രൈസ്തവര്‍ അരക്ഷിതരല്ല എന്നാണ് അഭിമുഖത്തിലെ അതിവിചിത്രമായ ഒരു പ്രസ്താവന. അരക്ഷിതത്വം/ സുരക്ഷിതത്വം എന്നതിനെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നറിയില്ല. അന്വേഷണ ഏജന്‍സികള്‍ അരമനയില്‍ കയറാതിരിക്കുക എന്നതാണോ അദ്ദേഹം ഉദ്ദേശിച്ച സുരക്ഷിതത്വം? കേസുകളില്‍ നിന്നും നൂലാമാലകളില്‍ നിന്നും തടിയൂരുക എന്നതാണോ അദ്ദേഹം വിഭാവന ചെയ്യുന്ന സുരക്ഷിതനില? വ്യക്തമാക്കേണ്ടത് കര്‍ദിനാള്‍ തന്നെയാണ്. അതിക്രമങ്ങളോ വേട്ടയാടലുകളോ ഇല്ലാത്ത അവസ്ഥയാണ് സുരക്ഷിത ജീവിതാവസ്ഥയുടെ മാപിനിയായി പൊതുവില്‍ കണക്കാക്കാറുള്ളത്. അങ്ങനെയങ്കില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് അദ്ദേഹം പറഞ്ഞത് ശുദ്ധ കളവാണ് എന്ന് തീര്‍ത്തുപറയേണ്ടി വരും. എന്തുകൊണ്ട്? ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നാണ് യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എന്ന സംഘടന പറയുന്നത് 2022ല്‍ മാത്രം രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 597ഉം പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംനേരേ 1,198ഉം അക്രമങ്ങളുണ്ടായി എന്നാണ്. 2020ല്‍ 279 ഉം 2021ല്‍ 505ഉം അക്രമങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 19ന് 79 ക്രൈസ്തവ സംഘടനകള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു എന്ന കാര്യം ആലഞ്ചേരി പിതാവിനറിയാമോ. ക്രൈസ്തവര്‍ സുരക്ഷിതരാണെങ്കില്‍ എന്തിനായിരുന്നു ആ പ്രതിഷേധം?

‘ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന സമുദായം തങ്ങളാണ് എന്നത് കൊണ്ടാണ് ഇസ്ലാമോഫോബിയ ക്രിസ്ത്യാനികള്‍ക്കിടയില്‍ അധികരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ അവിശ്വാസം പടരുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കുന്നത് അതിന് ഇന്ധനം പകര്‍ന്നിട്ടുണ്ട്’- ഇതാണ് കര്‍ദിനാളിന്റെ അഭിമുഖത്തിലെ മറ്റൊരു പരാമര്‍ശം. ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടമില്ല എന്ന് പറയുന്നുണ്ടദ്ദേഹം. പക്ഷേ ആ വാക്ക് ഉപയോഗിക്കാതെ തന്നെ അതിന്റെ ഉള്ളടക്കം ആവര്‍ത്തിക്കാന്‍ മടിച്ചിട്ടുമില്ല. ആരെങ്കിലും കണ്ണും കലാശവും കാണിക്കുമ്പോഴേക്ക് വലയില്‍ വീഴാനിരിക്കുകയാണ് ക്രൈസ്തവ സമുദായത്തിലെ പെണ്‍കുട്ടികള്‍ എന്നൊരു വ്യാഖ്യാനം കൂടി സാധ്യമാകുന്ന പ്രസ്താവനയാണത്. സ്വന്തം സമുദായത്തിലെ പെണ്‍കുട്ടികളെ ഇങ്ങനെ പഴിക്കുന്നത് ശരിയാണോ എന്ന് കര്‍ദിനാള്‍ ആലോചിക്കട്ടെ. മുസ്ലിം ചെറുപ്പക്കാര്‍ ക്രൈസ്തവ പെണ്‍കുട്ടികളെ അങ്ങനെ കടത്തിക്കൊണ്ടു പോകുന്നില്ല എന്നും മതം മാറ്റുന്നില്ല എന്നും നിരവധി അന്വേഷണങ്ങളിലൂടെ ബോധ്യപ്പെട്ടതാണ്. അതിനിയും ആവര്‍ത്തിച്ച് പരിഹാസ്യരാകരുത് ഒരു സഭാ നേതാവും. ജനിച്ചുവീണ മതത്തിലെ ശീലങ്ങളോടും വിശ്വാസങ്ങളോടും വിമുഖത പ്രകടിപ്പിച്ച് ആരെങ്കിലുമൊക്കെ ക്രൈസ്തവ മതം കൈയൊഴിയുന്നുവെങ്കില്‍ അതിന്റെ കുറ്റം മുസ്ലിംകളുടെ മേല്‍ കെട്ടിവെക്കരുത്. കണ്ണാടി തല്ലിപ്പൊട്ടിക്കലല്ല മുഖക്കുരുവിനുള്ള ചികിത്സയെന്ന് ദയവായി മനസ്സിലാക്കുക. മുസ്ലിം-ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സൗഹൃദം പൊട്ടിക്കേണ്ടത് സംഘ്പരിവാറിന്റെ ആവശ്യമാണ്. ആ കല്ല് ക്രൈസ്തവ നേതൃത്വത്തിന്റെ കൈയില്‍ പിടിപ്പിക്കാനാണ് ഇപ്പോള്‍ സംഘ്പരിവാര്‍ നേതാക്കള്‍ സൗഹൃദ സന്ദര്‍ശനവുമായി നാട് ചുറ്റുന്നത് എന്നുമോര്‍ക്കുക.

‘ഹിന്ദുക്കള്‍ക്ക് സമ്പൂര്‍ണ അധികാരം ലഭിച്ചാല്‍ തങ്ങളെ ആട്ടിയോടിക്കുമെന്ന് മുസ്ലിം വിഭാഗക്കാര്‍ ഭയപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ മുസ്ലിം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംഭവിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും അവരുടെ ഭയം’ എന്നുമുണ്ട് ആലഞ്ചേരി കര്‍ദിനാളിന്റെ അഭിമുഖത്തില്‍.

പൊതുവില്‍ ഗള്‍ഫ് രാജ്യങ്ങളെയാണ് മുസ്ലിം രാജ്യങ്ങള്‍ എന്ന് സംബോധന ചെയാറുള്ളത്. അവിടെ ഏത് രാജ്യത്താണ് ന്യൂനപക്ഷങ്ങള്‍ ആട്ടിയോടിക്കപ്പെടുന്നതെന്ന് കര്‍ദിനാള്‍ വ്യക്തമാക്കണം. അറബ് രാജ്യങ്ങളില്‍ ഇസ്ലാമിതര വിശ്വാസികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും അനുവദിക്കപ്പെടുന്നുണ്ട് എന്ന കാര്യം അറിയാതെയാകില്ല അദ്ദേഹം ഈ വ്യാജം എഴുന്നെള്ളിച്ചിരിക്കുന്നത്.

ക്രൈസ്തവരെ കുറിച്ച് വേറെയും നിരീക്ഷണങ്ങള്‍ സര്‍ സംഘ് ചാലക് നടത്തുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്: ‘ബ്രിട്ടീഷുകാര്‍ പോയ ശേഷം കോണ്‍ഗ്രസ്സ് ഭരണത്തില്‍ത്തന്നെ (വാസ്തവത്തില്‍ ക്രൈസ്തവ ഭരണം!) കേരളത്തില്‍ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവ ക്ഷേത്രങ്ങള്‍ ക്രൈസ്തവത്തെമ്മാടികളാല്‍ നശിപ്പിക്കപ്പെട്ട് അവിടുത്തെ വിഗ്രഹങ്ങള്‍ തച്ചുടക്കപ്പെടുകയുണ്ടായി. അതേ ക്രൈസ്തവ മതഭ്രാന്തന്മാരാണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക ഫലകവും തകര്‍ത്തുകളഞ്ഞത്. മനുഷ്യ വര്‍ഗത്തിനുമേല്‍ ക്രിസ്തുമതം ശാന്തിയും അനുഗ്രഹവും ജീവകാരുണ്യത്തിന്റെ അമൃതവും വര്‍ഷിക്കുമെന്ന് പ്രചരിപ്പിക്കാന്‍ നമ്മുടെയടുക്കല്‍ വരുന്ന ആളുകള്‍ ഈ മട്ടിലുള്ളവരാണ്!’

‘ഈ മട്ടിലുള്ള’ ആളുകളോട് സമീപനം എന്താകുമെന്ന് മനസ്സിലാക്കിത്തരുന്നുണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ രാജ്യവ്യാപകമായി നടന്ന അതിക്രമങ്ങള്‍. ആലഞ്ചേരിയുടെ അഭിമുഖത്താല്‍ ശുദ്ധം ചെയ്യപ്പെടുന്ന പ്രകൃതമല്ല സംഘ്പരിവാറിന്റേത്. അവരുടെ ഗുഡ് ലിസ്റ്റില്‍ കയറിക്കൂടാന്‍ ഈ മുട്ടിലിഴയല്‍ മതിയാകുകയുമില്ല.

 

 



source https://www.sirajlive.com/cardinal-is-not-wrong.html

Post a Comment

أحدث أقدم